ശബരിമല തീർഥാടനകാല ക്രമീകരണങ്ങൾ കുറ്റമറ്റതാക്കും: മന്ത്രി രാധാകൃഷ്ണൻ
1339077
Thursday, September 28, 2023 11:59 PM IST
പന്പ: നവംബർ 17നാരംഭിക്കുന്ന ശബരിമല മണ്ഡല, മകരവിളക്കു തീർഥാടനകാലത്തെ ക്രമീകരണങ്ങൾ കുറ്റമറ്റതാക്കുന്നതിലേക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി നടത്തണമെന്നു മന്ത്രി കെ. രാധാകൃഷ്ണൻ.
മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തീർഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. അന്‍പതുലക്ഷം തീർഥാടകരാണ് കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് എത്തിയത്. ഇത്തവണ തീർഥാടകരുടെ എണ്ണത്തില്‍ ഇതിലും വര്‍ധനയുണ്ടാകൂ. എല്ലാ വകുപ്പുകളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം.
പോലീസ് ആറു ഫേസുകളിലായാണ് ഉദ്യോഗസ്ഥരെ നിയോഗിക്കുക. ആദ്യ മൂന്നു ഫേസുകളില്‍ 2000 പേര് വീതവും, പിന്നീടുള്ള മൂന്നു ഫേസുകളില്‍ 2500 പേരെ വീതവുമാണ് നിയോഗിക്കുക.
വനംവകുപ്പ് മൂന്നു ശബരിമല പാതകളിലും എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍ സ്ഥാപിക്കും. കൂടുതല്‍ കാമറകള്‍ സ്ഥാപിക്കും. കാനനപാതകളിലും, സന്നിധാനത്തും എലിഫന്റ് സ്ക്വാഡ്, സ്നേക് സ്ക്വാഡ് എന്നിവരെ നിയോഗിക്കും.
കെഎസ്ആർടിസി നിലയ്ക്കൽ-പന്പ റൂട്ടിൽ 200 ചെയിന്‍ സര്‍വീസുകളും 150 ദീര്‍ഘദൂര സര്‍വീസുകളും നടത്തും. അരോഗ്യ വകുപ്പ് സന്നിധാനം, പമ്പ, നിലയ്ക്കല്‍, റാന്നി, റാന്നി പെരുനാട് തുടങ്ങിയ തീർഥാടന പാതയിലെ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകളും, ഉദ്യോഗസ്ഥരേയും, ആബുലന്‍സും സജ്ജമാക്കും.
ഫയര്‍ഫോഴ്സ് 21 താത്കാലിക സ്റ്റേഷനുകള്‍ തുടങ്ങും. സ്കൂബാ ടീം, സ്പെഷല്‍ ടാസ്ക് ഫോഴ്സിന്റെയും സേവനം ഉറപ്പാക്കും. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതി നടപ്പാക്കും.18 പട്രോളിംഗ് ടീം 24 മണിക്കൂറും പട്രോളിംഗ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഇലവുങ്കല്‍ നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും യോഗത്തിൽ കെ.യു. ജനീഷ് കുമാർ എംഎൽഎ നിർദേശിച്ചു.
പമ്പയില്‍ ഭക്തജനങ്ങള്‍ക്ക് ഇരിക്കാനും ക്യൂ നില്ക്കുന്നതിനുമായി സെമി പെര്‍മനന്റ് പന്തലുകള്‍ നിര്‍മിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു.
പമ്പയിലെ ക്യൂ കോംപ്ലക്സ് ഡിജിറ്റലൈസ് ചെയ്യും. നിലയ്ക്കല്‍ വാഹന പാര്‍ക്കിംഗിന് ഐസിഐസിഐ ബാങ്കുമായി ചേര്‍ന്ന് ഫാസ്റ്റ് ടാഗ് സംവിധാനമൊരുക്കും. നിലയ്ക്കലില്‍ ഗ്യാസ് ഗോഡൗണ്‍ സ്ഥാപിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കോട്ടയം ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, ഡിഐജി (തിരുവനന്തപുരം റേഞ്ച്) ആര്. നിശാന്തിനി, ദേവസ്വം ബോര്‍ഡ് സെക്രട്ടറി രാജമാണിക്യം, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത്, ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, റാന്നി-പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്,ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി. ബൈജു, ബോര്‍ഡ് അംഗം എസ്.എസ്. ദേവന്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.