"ഒളിവിലായ' അഖിൽ സജീവ്, ചാനലുകളിൽ ഓൺലൈൻ
1339073
Thursday, September 28, 2023 11:59 PM IST
പത്തനംതിട്ട: ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്തു മലപ്പുറം സ്വദേശിയില്‍ നിന്നു പണം വാങ്ങുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായി പറയുന്ന അഖില്‍ സജീവ് ഒളിവിലെന്നു മുന്‍പും തട്ടിപ്പുകേസുകളിൽ പ്രതിയെന്നും പോലീസ്. എന്നാൽ, ഇതേ അഖിൽ സജീവ് ഇന്നലെ ഒരു സ്വകാര്യ ചാനലിന്റെ ഓൺലൈൻ ചർച്ചയിൽ ഫോണിലെത്തി.
സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലെ തട്ടിപ്പുൾപ്പെടെ പോലീസ് അന്വേഷിക്കുന്നയാളാണ് വള്ളിക്കോട് സ്വദേശിയായ അഖിൽ സജീവ്. സിപിഎമ്മിലെ പല ഉന്നതരുമായി അടുത്ത ബന്ധമുള്ള അഖിലിനെതിരേ നിരവധി പരാതികളാണ് ഉയർന്നിട്ടുള്ളത്.
സിഐടിയു ജില്ലാ കമ്മിറ്റിയുടെ 3.60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ 15 മാസമായി അഖിൽ ഒളിവിലാണെന്നു പോലീസ് പറയുന്നു. എന്നാൽ, ഇതേ അഖിൽ ഇന്നലെ ഓൺലൈനിലെത്തി ദൃശ്യമാധ്യമങ്ങളുടെ വാർത്തകൾക്കിടെ പ്രതികരണം നടത്തി.
മലപ്പുറം സ്വദേശി ഹരിദാസനിൽ നിന്നു പണം വാങ്ങിയതു താനല്ലെന്നും മന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു ഇതിൽ ഇടപ്പെട്ടില്ലെന്നുമൊക്കെ അഖിൽ സജീവ് വിശദീകരിച്ചു. ഹരിദാസനിൽ നിന്നു പണം വാങ്ങിയവരുടെ പേരുവിവരങ്ങളും ദൃശ്യമാധ്യമത്തോടു അഖിൽ വെളിപ്പെടുത്തുന്നുണ്ട്.
പരാതി സിഐടിയു ജില്ലാ സെക്രട്ടറി വക
ആഭ്യന്തര വകുപ്പ് കൈയാളുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ ഉൾപ്പെടെ നൽകിയ പരാതിയിലാണ് അഖിൽ സജീവ് ഒളിവിലാണെന്നു പോലീസ് പറയുന്നത്. സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ അവിടെനിന്ന് നേതാക്കളുടെ കള്ളയൊപ്പിട്ട് ലക്ഷങ്ങള്‍ തട്ടിയതിനെത്തുടർന്നാണ് ജോലിയിൽ നിന്നു പുറത്തായത്.
ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരവേ സിഐടിയു ജില്ലാ കമ്മിറ്റിയുടെ പേരില്‍ കേരള ബാങ്കില്‍ ഉണ്ടായിരുന്ന 3.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലും അഖിലിനെതിരേ പത്തനംതിട്ട പോലീസ് കേസെടുത്തത്. മുന്‍പ് ജില്ലാ സെക്രട്ടറിയായിരുന്ന പി.ജെ. അജയകുമാറാണ് പരാതി നൽകിയത്. ജില്ലാ സെക്രട്ടറി, ട്രഷറർ എന്നിവരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
സിഐടിയു ജില്ലാ സെക്രട്ടറിയായിരുന്ന പി.ജെ. അജയകുമാറാണ് പോലീസില്‍ പരാതി നല്‍കിയത്. സെക്രട്ടറി പി.ജെ. അജയകുമാർ, ട്രഷറർ ആര്. സനല്‍കുമാര്‍ എന്നിവരുടെ വ്യാജ ഒപ്പിട്ട് 2.20 ലക്ഷം രൂപ അഖില്‍ പിന്‍വലിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിക്ക് കൈമാറാന്‍ ഏല്പിച്ച 1,40,000 രൂപയും അടച്ചിരുന്നില്ല.
രണ്ടുവര്‍ഷം മുന്‍പ് സിഐടിയുവില്‍നിന്ന് ഇയാളെ പുറത്താക്കിയതാണെന്നു ജില്ലാ സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍ പറയുന്നു. സിപിഎം വള്ളിക്കോട് ബ്രാഞ്ച് അംഗമായിരുന്നു. ടൈറ്റാനിയത്തിലും ടൂറിസം വകുപ്പിലും ജോലിവാങ്ങി നല്‍കാമെന്നു പറഞ്ഞ് അഖില്‍ തട്ടിപ്പ് നടത്തിയതായും ആരോപണങ്ങളുണ്ട്. എറണാകുളം സ്വദേശിയായ ഒരു അഭിഭാഷകനും ഇന്നലെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഭീഷണി വരുന്നു
കഴിഞ്ഞ ജൂണിൽ പത്തനംതിട്ട പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടമെത്തിയപ്പോൾ, "ഞാൻ കുടുങ്ങിയാൽ എല്ലാവരെയും കുടുക്കും' എന്ന് അഖിൽ സജീവൻ മൊബൈൽ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതിനു പിന്നാലെ ഇയാൾ നാടുവിട്ടു.
കേസ് അന്വേഷണത്തിൽ സിഐടിയു, സിപിഎം നേതാക്കൾ പിന്നീട് താത്പര്യം കാട്ടിയില്ലെന്ന് ആക്ഷേപമുണ്ട്. നഷ്ടപ്പെട്ട പണത്തിന്റെ മുക്കാൽ ഭാഗവും തിരിച്ചുകിട്ടിയതിനാൽ സിഐടിയു പിൻവലിഞ്ഞു. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അഖിൽ സജീവനെ പുറത്താക്കി സിപിഎമ്മും മൗനം പാലിച്ചു.
വീട് പൂട്ടിയ നിലയിൽ
അഖിൽ സജീവന്റെ വള്ളിക്കോട്ടെ വീട് അടച്ചിട്ട നിലയിലാണ്. അച്ഛനും അമ്മയും മരണപ്പെട്ട ശേഷം അഖിലിന്റെ ഭാര്യ കുഞ്ഞുമായി സ്വന്തം വീട്ടിലേക്കു പോയിരുന്നു. വിവാഹ മോചനക്കേസിൽ ഭാര്യയുടെ കോടതി നോട്ടീസ് ഇയാളുടെ വീടിന്റെ ഭിത്തിയിൽ പതിച്ചിട്ടുണ്ട്.
ഇടയ്ക്കിടെ വള്ളിക്കോട്ട് പാർട്ടി പ്രവർത്തകരുടെയും ബന്ധക്കളുടെയും വീടുകളിൽ ഇയാൾ എത്തുമായിരുന്നുവെന്നു പറയുന്നു.
അഖിൽ ഒളിവിലാണെന്നു പോലീസ് പറയുമ്പോഴും കഴിഞ്ഞയിടെവരെ പ്രദേശവാസികളെയും സുഹൃത്തുക്കളെയും ഫോണിൽ വിളിച്ചിട്ടുണ്ട്. പലരിൽനിന്നും പണം കടം ചോദിക്കുകയും ഗൂഗിൾപേ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തിട്ടുണ്ട്.
പിൻവാതിൽ പൊളിച്ചു
ബിസിനസ് ആവശ്യത്തിനായി വള്ളിക്കോട്ടെ സുഹൃത്തിൽ നിന്ന് അഖിൽ സജീവൻ മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരിച്ചു കിട്ടാൻ പലതരത്തിൽ സമ്മർദ്ദം ചെലുത്തിയെങ്കിലും നടന്നില്ല. ഒടുവിൽ, പൂട്ടിക്കിടന്ന വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തു കയറി വിലപിടിപ്പുള്ള സാധനങ്ങൾ കടത്തിക്കൊണ്ടുപോയതായി പ്രദേശവാസികൾ പറഞ്ഞു.
അഖിൽ വള്ളിക്കോട്ട് മീൻ, പച്ചക്കറി കച്ചവടം നടത്തിയിരുന്നു. ഉന്നത ബന്ധങ്ങൾ മറയാക്കി തട്ടിപ്പിലേക്ക് തിരിഞ്ഞപ്പോൾ കച്ചവടം അവസാനിപ്പിച്ചു. കടകളിലേക്ക് ആദ്യം സാധനം ഇറക്കാനായിരുന്നു സുഹൃത്തിന്റെ മൂന്ന് ലക്ഷം വാങ്ങിയതെന്ന് അറിയുന്നു.
മന്ത്രിയും അഖിൽ മാത്യുവും ഇങ്ങ് മൈലപ്രയിൽ
പത്തനംതിട്ട: ആയുഷ് ഡോക്ടർ നിയമനത്തിനു തിരുവനന്തപുരത്ത് കോഴ കൊടുത്തെന്ന് പരാതിക്കാരൻ മലപ്പുറം സ്വദേശി ഹരിദാസ് പറയുന്ന സമയം മന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവും സ്വന്തം നാടായ പത്തനംതിട്ട മൈലപ്രയിലായിരുന്നുവെന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നു. അന്നേദിവസം മന്ത്രി വീണാ ജോർജും മൈലപ്രയിലെത്തിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 10ന് ഉച്ചകഴിഞ്ഞാണ് തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രിയുടെ ഓഫീസിന് സമീപം പണം കൈമാറിയെന്ന് ഹരിദാസിന്റെ പരാതിയുള്ളത്. എന്നാൽ, ഇതേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഖിൽ മാത്യു പത്തനംതിട്ട മൈലപ്രയിൽ ബന്ധു അലൻ മാത്യുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തുടർന്ന് അഞ്ചു മുതൽ വൈകുന്നേരം രാത്രി ഒന്പതുവരെ നീണ്ട ആഘോഷ ചടങ്ങിൽ ഇയാൾ മുഴുവൻ സമയം പങ്കെടുത്തതായി വരനും ബന്ധുക്കളും പറയുന്നു. വൈകുന്നേരം നടന്ന റിസപ്ഷനിൽ മന്ത്രി വീണാ ജോർജ് എത്തുന്നതും ദൃശ്യങ്ങളിൽ കാണാം. മന്ത്രി എത്തുന്പോഴും അഖിൽ മാത്യു അവിടെയുണ്ട്.
പത്തനംതിട്ട ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രി സെക്രട്ടറി അലന് മാത്യു തോമസിന്റെയും ഹൈക്കോടതി അഭിഭാഷക ക്രിസ്റ്റീന പി. ജോർജിന്റെയും വിവാഹമാണ് അന്നു നടന്നത്. ബന്ധു കൂടിയായ അഖിൽ നേരത്തെ തന്നെ വീട്ടിലെത്തിയതായും പള്ളിയിലെ വിവാഹ ശുശ്രൂഷയിലും റിസപ്ഷനിലും എല്ലാം പങ്കെടുത്തതായും അലനും പറയുന്നു.
ഏപ്രിൽ 10, 11 തീയതികളിൽ മകൻ നാട്ടിലുണ്ടായിരുന്നുവെന്ന് അഖിൽ മാത്യുവിന്റെ മാതാവ് മോളിയും പറഞ്ഞു.