സഹകരണ ബാങ്കുകളിലെ നിക്ഷേപം കൊള്ളയടിക്കുന്നു: പഴകുളം മധു
1339061
Thursday, September 28, 2023 11:44 PM IST
പത്തനംതിട്ട: ജില്ലയിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപം സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതികൾ കൊള്ളയടിക്കുകയാണെന്നും കള്ളവോട്ട് ചെയ്തു നല്ല നിലയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ പിടിച്ചെടുത്തു വരുതിയിലാക്കിയാണ് ഈ കൊള്ള നടത്തുന്നതെന്നും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു.
സമീപകാലത്തു ജില്ലയിൽ സിപിഎം കള്ളവോട്ട് ചെയ്തു പിടിച്ചെടുത്ത സംഘങ്ങളിൽ എല്ലായിടത്തും വൻതോതിൽ ക്രമക്കേടുകൾ അരങ്ങേറുകയാണ്. പറക്കോട് സഹകരണ ബാങ്കിൽമാത്രം സൂപ്പർ മാർക്കറ്റിൽ ഇന്റീരിയർ വർക്കിന് സഹകാരികളുടെ നിക്ഷേപത്തിൽ നിന്ന് ഒരു കോടി രൂപയോളം ചെലവഴിച്ചു.
ഇതേ ബാങ്കിൽ 40 ലക്ഷം രൂപ ചെലവഴിച്ച് ഇന്റീരിയർ വർക്ക് നടത്തിയ ഫിഷ് സ്റ്റാൾ അടച്ചുപൂട്ടി. ഇതിലെല്ലാം സിപിഎം നേതാക്കൾ ഇടനില നിന്ന് പണം തട്ടുകയാണ് ചെയ്യുന്നത്.സിപിഎം നടത്തിയ കരിവന്നൂർ ബാങ്ക് തട്ടിപ്പിന് സമാനമായ ക്രമക്കേടാണ് ജില്ലയിൽ സിപിഎം ഭരിക്കുന്ന പല ബാങ്കുകളിലും നടക്കുന്നത്.
സിപിഎം ജില്ലാ കമ്മിറ്റി നേരിട്ടാണ് ഇതിനെല്ലാം നേതൃത്വം നൽകുന്നത്. ജില്ലാ സെക്രട്ടേറിയറ്റിലെ ഒരു മെംബറുടെ നേതൃത്വത്തിൽ ഒരു പ്രത്യേകം സെൽ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും മധു ആരോപിച്ചു.
സഹകരണ ബാങ്കുകൾ കള്ളവോട്ട് ചെയ്തു പിടിച്ചെടുക്കാൻ ജില്ലയിൽ സിപിഎം പാർട്ടിക്ക് ഒരു വിംഗ് ഉണ്ട്. അവരാണ് ജില്ലയിലുടനീളം ബാങ്ക് തെരഞ്ഞെടുപ്പുകളിൽ കള്ളവോട്ട് ചെയ്യുന്നത്.
അടൂർ അർബൻ ബാങ്ക്, തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കോഴഞ്ചേരി മേലുകര, റാന്നി-അങ്ങാടി, പറക്കോട്, കോട്ടാങ്ങൽ, അടൂർ ഏറത്ത് ബാങ്കുകളും തിരുവല്ല അധ്യാപക സഹകരണ സംഘവും ഉൾപ്പെടെ സിപിഎം പിടിച്ചെടുത്തത് ഇത്തരത്തിലാണ്.
പുറമേനിന്നുള്ള ഒരു ഏജൻസിയുടെ സഹായത്തോടെ അന്വേഷണം നടന്നാലേ ബാങ്ക് കൊള്ളയുടെ യഥാർഥ ചിത്രം പുറത്തുവരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.