മൈലപ്ര ബാങ്ക്: വാരിക്കോരി വായ്പ ബാധ്യതകൾ ഇഷ്ടക്കാർക്കും കുടുംബാംഗങ്ങൾക്കും
1339059
Thursday, September 28, 2023 11:44 PM IST
പത്തനംതിട്ട: മൈലപ്ര സഹകരണബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് വൻവായ്പാതട്ടിപ്പുകളുടെ വിവരങ്ങൾ പുറത്ത്. 89 ബിനാമി വായ്പകളിലായി 86.12 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരവേയാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയുടെ റിപ്പോർട്ടും പുറത്തുവന്നത്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് ബിനാമി വായ്പകളെ സംബന്ധിച്ച അന്വേഷണം തുടങ്ങിയത്.
ഈ കേസ് ക്രൈംബ്രാഞ്ച് സാന്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്തു കഴിഞ്ഞ ദിവസം ബാങ്കിൽ പരിശോധന നടത്തിയിരുന്നു. ബാങ്കിൽനടന്ന പരിശോധനയിലും വായ്പ സംബന്ധിച്ച് കോടികളുടെ ക്രമക്കേടുകൾ ബോധ്യപ്പെട്ടു.
മുൻപ്രസിഡന്റിന് എട്ട് വായ്പകൾ
ദീർഘകാലം മൈലപ്ര സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്ന ജെറി ഈശോ ഉമ്മനും കുടുംബാംഗങ്ങൾക്കുമായുള്ള 2.12 കോടി രൂപയുടെ വായ്പയാണ്. സ്വന്തം പേരിലും ഭാര്യ, രണ്ടു മക്കൾ, മരുമക്കൾ എന്നിവരുടെ പേരുകളിലും വായ്പയുണ്ട്. എട്ടുവായ്പകളാണ് ജെറി ഈശോ ഉമ്മന്റെ കുടുംബത്തിലുള്ളത്. ഇവ തിരിച്ചടച്ചില്ല.
1,71,87,652 രൂപയുടെ വായ്പയും 40,28,927 പലിശയും ചേർത്ത് 2,12,15,579 രുപയുടെ ബാധ്യതയാണ് ഇവർക്കായുള്ളത്. യുഡിഎഫിലായിരുന്നപ്പോഴും പിന്നീട് എൽഡിഎഫിലെത്തിയപ്പോഴും ജെറി ഈശോ ഉമ്മൻ തന്നെയായിരുന്നു മൈലപ്ര ബാങ്ക് പ്രസിഡന്റ്. ഏതെങ്കിലും മുന്നണിക്കു വ്യക്തമായ ഭൂരിപക്ഷം നൽകാതെ ഇരുപക്ഷത്തും ഉള്ളവരെ ഉൾപ്പെടുത്തി ഒരു ഭരണസമിതി രൂപീകരിച്ചായിരുന്നു പ്രവർത്തനം.
കോടികളുടെ ബാധ്യത
മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനും കുടുംബാംഗങ്ങൾക്കും കൂടി ബാങ്കിലുള്ള വായ്പാ ബാധ്യത 18,88,34,472 രൂപയുടേതാണ്. 28 വായ്പകളാണ് ജോഷ്വായും കുടുംബാംഗങ്ങളുമായി എടുത്തിരിക്കുന്നത്.
ജോഷ്വാ മാത്യുവിന്റെ പേരിൽ ജീവനക്കാരനെന്ന നിലയിൽ 2,98,701 രൂപയുടെ വായ്പയുണ്ട്. ഇതിന് 29,870 രൂപ പലിശയും ചേർത്ത് അടയ്ക്കാനുള്ളത് 3,28,571 രൂപയാണ്. ഭവനവായ്പയായി 5,14,235 രൂപ എടുത്തിരുന്നു. ഇതിന് 2,48,153 രൂപ പലിശ കൂടി ചേർത്ത് 7,62,388 രൂപ ബാധ്യതയായി നിലനിൽക്കുന്നു.
പിതാവ്, ഭാര്യ രണ്ട് പെൺമക്കൾ, സഹോദരങ്ങൾ, ഭാര്യാ സഹോദരി, അടുത്ത ബന്ധു എന്നിവർക്കെല്ലാം കൂടി 18.83 കോടി രൂപയുടെ ബാധ്യത യാണ് ഉള്ളത്. വായ്പയുമായി ബന്ധപ്പെട്ട് ജോഷ്വാ മാത്യുവിന്റെ ബന്ധുവീടുകളിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്നു.
വായ്പ എടുത്തിട്ടുണ്ടെന്നുള്ളതു ബന്ധുക്കൾ സമ്മതിച്ചെങ്കിലും കണക്കിൽ പറയുന്ന തുക തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നാണ് ഇവരിൽ പലരുടെയും വാദം. ചിട്ടിയും വായ്പയുമെല്ലാം കൂടിയാണ് ബാധ്യതയായിട്ടുള്ളത്.
ഒരേ പേരിൽ 28 വായ്പകൾ
വാഴമുട്ടം സ്വദേശിയായ പത്തനംതിട്ടയിലെ മുൻ ആധാരം എഴുത്തുകാരന്റെ പേരിലുള്ളത് 28 വായ്പകളാണ്. ബാങ്കിന്റെ പ്രവർത്തന പരിധിക്കു പുറത്തുള്ളയാളാണ് ഇദ്ദേഹം. വസ്തു ആധാരം പണയപ്പെടുത്തിയാണ് വായ്പകൾ എടുത്തിട്ടുള്ളത്. എന്നാൽ ഈ ആധാരങ്ങൾ പലതും സഹകരണ നിയമപ്രകാരം നിശ്ചിത തുകയ്ക്കു ജാമ്യമായി നൽകാവുന്നവയല്ല.
ഒരേ ആധാരം ഉപയോഗിച്ച് ഒന്നിലധികം വായ്പകൾ എടുത്തിട്ടുമുണ്ട്. ഇത്തരത്തിൽ ബിനാമി വായ്പക്കാരുടേതായ വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചുവരികയാണ്. താമസിയാതെ ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
കോടിക്കണക്കിനു രൂപയുടെ വായ്പ ഒരാൾക്കുതന്നെ നൽകിയതുമായി ബന്ധപ്പെട്ട് ഭരണസമിതിയും ജീവനക്കാരും പ്രതിക്കൂട്ടിലാകുകയാണ്. ഇതു സംബന്ധിച്ചു മുൻ സെക്രട്ടറിയോടു ക്രൈംബ്രാഞ്ച് സംഘം വിവരങ്ങൾ ആരാഞ്ഞുവെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.
ഭരണസമിതിയുടെ അറിവോടെയാണ് വായ്പകൾ അനുവദിച്ചിട്ടുള്ളതെന്നും ജോഷ്വാ മാത്യു വ്യക്തമാക്കിയിട്ടുണ്ട്.
ചട്ടം മറികടന്ന വായ്പ
മൈലപ്ര സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുവർഷങ്ങളായി ചട്ടം മറികടന്നുള്ള വായ്പാ വിതരണമാണ് നടന്നുവന്നിരുന്നത്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ ഇതുകണ്ടില്ലെന്നു നടിക്കുകയായിരുന്നു.
എല്ലാവർഷവും ബാങ്കിൽ ഓഡിറ്റ് നടക്കാറുള്ളതാണ്. എന്നാൽ ചട്ടലംഘനങ്ങളും അനധികൃത വായ്പകളും ഇവർ മൂടിവച്ചുവെന്നാണ് ആക്ഷേപം. സഹകരണ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരും ഇക്കാര്യങ്ങൾ മറച്ചുവച്ചു.
സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം കഴിഞ്ഞയിടെ നടത്തിയ അന്വേഷണത്തിലാണ്് ഇപ്പോഴത്തെ ക്രമക്കേടുകൾ ഓരോന്നായി പുറത്തുവന്നത്. ഓരോ ബിനാമി വായ്പയുടെയും ഗുണഭോക്താക്കളായി ചുരുങ്ങിയത് അഞ്ചു പേര് വീതമുണ്ടെന്നാണ് കണ്ടെത്തൽ.
ചട്ടം മറികടന്ന് വായ്പ അനുവദിച്ചത് ഓഡിറ്റിലൂടെ കണ്ടെത്താതിരുന്നതും കണ്ടെത്തിയപ്പോള് നടപടിയെടുക്കാതെ ഇരുന്നതും കുറ്റകൃത്യമായി കണക്കാക്കണമെന്നു ബാങ്ക് മുൻഭരണസമിതിയംഗം ഗീവർഗീസ് തറയിൽ ആവശ്യപ്പെട്ടു.
നൂറു കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടും ഇതിനെ ലഘൂകരിച്ചു കാണാനുള്ളശ്രമമാണ് ഇപ്പോഴും നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.