മാന്നാറിൽ വീടുകളിൽ മോഷണം
1338037
Sunday, September 24, 2023 11:35 PM IST
മാന്നാർ: കുട്ടംപേരൂർ ഊട്ടുപറമ്പ് ജംഗ്ഷനു സമീപമുള്ള രണ്ടു വീടുകളിൽ മോഷണം. മാന്നാർ കുട്ടംപേരൂർ ദീപ്തിയിൽ ഡോ. ദിലീപ്കുമാറിന്റെ വീട്ടിലും രാജശ്രീയിൽ രാജശേഖരൻ പിള്ളയുടെ വീട്ടിലുമാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.
വീട്ടുകാർ ആരും ഇല്ലാതിരുന്ന സമയത്താണ് സംഭവം. രാവിലെ ഡോക്ടറുടെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.
തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെ സിസിടിവി കാമറകൾ ഉൾപ്പെടെ നശിപ്പിച്ച നിലയിലാണ്. രണ്ടു വീടുകളിലും സ്ഥാപിച്ചിരുന്ന സിസിടിവി കാമറകൾ എല്ലാംതന്നെ മോഷ്ടാക്കൾ ദിശ മാറ്റിയ നിലയിലായിരുന്നു.
വീട്ടിനുള്ളിൽനിന്നും സിസിടിവി കാമറയുടെ ഡിവിആർ ഉൾപ്പെടെ മോഷ്ടാക്കൾ കൊണ്ടുപോയി. ഡോ. ദിലീപ്കുമാറിന്റെ വീടിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്രില്ലുകളുടെ താഴുകൾ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്.
വാതിലുകൾ കുത്തിത്തുറന്ന നിലയിലാണ്. വീടിനുള്ളിൽ അലമാരകളും മേശയും കുത്തിത്തുറന്ന നിലയിലാണ്.