മണ്ണടി റോഡിന് ശാപമായി മാലിന്യനിക്ഷേപം
1338035
Sunday, September 24, 2023 11:27 PM IST
അടൂർ: ഏനാത്ത്-മണ്ണടി റോഡിൽ കീരത്തിൽ പാലത്തിനു സമീപം തുടർച്ചായി മാലിന്യം തള്ളുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി. മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചു കൊണ്ട് പഞ്ചായത്ത് ശുചിത്വ മിഷൻ സ്ഥാപിച്ചിട്ടുള്ള ബോർഡ് നിൽക്കുന്ന ഭാഗത്താണ് ദിവസവും മാലിന്യം തള്ളുന്നത്.
തുറസായി കിടക്കുന്ന സ്ഥലമായതിനാലും ആൾത്താമസമില്ലാത്തതിനാലും മാലിന്യം ഉപേക്ഷിക്കാൻ സൗകര്യമാണ്. ഇരുചക്ര വാഹനങ്ങളിലും മറ്റും എത്തി ചാക്കിൽ കെട്ടിയാണ് മാലിന്യം തള്ളുന്നത്.
രാവിലെ ഓഫീസിലും മറ്റും പോകുന്നവർ വീട്ടിലെ മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി തള്ളുന്ന രീതിയുമുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു. കൂടാതെ ചില വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യവും നിക്ഷേപിക്കുന്നുണ്ട്.
മഴക്കാലമായതിനാൽ ഇതുവഴിയുള്ള യാത്ര ഏറെ ദുഃസഹമായി. സ്കൂൾ കുട്ടികളടക്കം ആശ്രയിക്കുന്ന വഴിയാണിത്. മാലിന്യങ്ങൾ സമീപത്തെ തോട്ടിലേക്ക് ഒഴുകിയെത്തുന്നതു കാരണം വെള്ളവും മലിനമാകുന്നു. മാലിന്യങ്ങൾ നായ്ക്കൾ വലിച്ചെടുത്ത് റോഡിലിടുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
മാലിന്യമുക്ത നടപടികളുമായി രംഗത്തുള്ള തദ്ദേശസ്ഥാപന അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നു മണ്ണടി പൈതൃക സമിതി പ്രസിഡന്റ് രാജേഷ് മണ്ണടി ആവശ്യപ്പെട്ടു.