വേനൽക്കാല കുടിവെള്ള വിതരണം; തദ്ദേശസ്ഥാപനങ്ങളിൽ വൻ ക്രമക്കേടെന്ന് വിജിലൻസ്
1338029
Sunday, September 24, 2023 11:27 PM IST
പത്തനംതിട്ട: വേനല്‍ക്കാല കുടിവെള്ള വിതരണത്തിന്റെ മറവിൽ തദ്ദേശ സ്ഥാപനങ്ങളിൽ വൻ ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസ്. ഇതു സംബന്ധിച്ചു നടത്തിയ അന്വേഷണത്തിൽ വൻ തുകയാണ് കുടിവെള്ള വിതരണത്തിനായി ഓരോ പഞ്ചായത്തും ചെലവഴിക്കുന്നതെന്നു കണ്ടെത്തി.
എട്ടു മുതൽ 12 ലക്ഷം രൂപവരെയാണ് ഓരോ പഞ്ചായത്തും ഇതിനായി നീക്കിവയ്ക്കുന്നത്. സ്വന്തമായി ഒരു വാഹനം വാങ്ങി ജീവനക്കാരെ ഉപയോഗിച്ച് ജല അഥോറിറ്റി പ്ലാന്റിൽ നിന്നു ശുദ്ധജലം പഞ്ചായത്ത് നേരിട്ടു വിതരണം ചെയ്താൽ പോലും ഇത്രയും തുക വരില്ലെന്നാണ് വിജിലൻസ് നിഗമനം.
കുടിവെള്ള വിതരണത്തിന്റെ പേരില്‍ ക്രമക്കേട് നടക്കുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന. പള്ളിക്കല്‍, പ്രമാടം, കോന്നി പഞ്ചായത്തുകളിലാണ് പരിശോധന നടന്നത്. ടെൻഡര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡിവൈഎസ്പി ഹരി വിദ്യാധരന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍മാരായ പി. അനില്‍കുമാര്‍, കെ. അനില്‍കുമാര്‍, ജെ. രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ടെൻഡര്‍ ക്ഷണിച്ചതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് പ്രധാനമായും കണ്ടെത്തിയിരിക്കുന്നത്. വേനല്‍ക്കാല കുടിവെള്ള വിതരണം രണ്ടു മാസത്തേക്ക് മാത്രമാണ്. കുടിവെള്ള വിതരണത്തിന് കരാറെടുക്കുന്ന വാഹനങ്ങള്‍ക്ക് കിലോമീറ്ററിന് 90-95 രൂപ വരെയാണ് നല്‍കുന്നത്.
ദിവസം വാഹനം 200 കിലോമീറ്റര്‍ വരെ ഓടുന്നുവെന്നാണ് രേഖകളിലുള്ളത്. വാഹനത്തിന്റെ ജിപിഎസ് രേഖകള്‍ പരിശോധിച്ചാല്‍ കൃത്യം കിലോമീറ്റര്‍ അറിയാന്‍ കഴിയും. എന്നാല്‍, ഇത് മൂന്നു മാസം മാത്രമേ ലഭ്യമാകൂവെന്നത് അന്വേഷണത്തിന് തടസമാണ്.
അഞ്ചു ലക്ഷത്തിന് മുകളില്‍ പണം ചെലവഴിക്കുന്ന പദ്ധതിക്ക് ഇ-ടെന്‍ഡര്‍ നടപ്പാക്കണമെന്നാണ്. എന്നാല്‍, ഇവിടങ്ങളില്‍ അത് പാലിച്ചിട്ടില്ല. ഒരു കരാറുകാരന് ടെണ്ടര്‍ ഉറപ്പിക്കാന്‍വേണ്ടി പല പേരുകളില്‍ ക്വട്ടേഷന്‍ നല്‍കുകയാണുണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച് തുടരന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി അറിയിച്ചു.