പാറപ്പുറത്ത് ഡ്രാഗൺ ഫ്രൂട്ട് വിളയിച്ച് ഗിരീഷ്
1338028
Sunday, September 24, 2023 11:27 PM IST
ബിജു കുര്യൻ
ചുങ്കപ്പാറ: പാറപ്പുറത്ത് ഡ്രാഗൺ ഫ്രൂട്ട് വിളയിച്ച ആവേശത്തിലാണ് യുവകർഷകനായ ഗിരീഷ്. കോട്ടാങ്ങൽ പേരകത്ത് പി.എം. ഗിരീഷ് കാർഷികരംഗത്ത് വ്യത്യസ്തതകൾ തേടിയാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലേക്കു തിരിഞ്ഞത്.
പരീക്ഷണാടിസ്ഥാനത്തിൽ പാറക്കെട്ടുനിറഞ്ഞ തന്റെ കൃഷിയിടത്തിൽ ഒരുഭാഗത്ത് 25 കാലുകളിലായി ഡ്രാഗൺ ഫ്രൂട്ട് നട്ടുകൊണ്ടാണ് പരീക്ഷണം തുടങ്ങിയത്. ഇപ്പോൾ 100 മൂട് ഡ്രാഗൺ ഫ്രൂട്ടാണ് അരയേക്കറോളം സ്ഥലത്തു വ്യാപിച്ചിരിക്കുന്നത്.
പാരമ്പര്യ കർഷകനായ ഇദ്ദേഹത്തിന്റെ തൊടിയിൽ ഈ ഫലത്തിന്റെ പത്തിനങ്ങളാണുള്ളത്. റോയൽ റോസ്, അമേരിക്കൻ കോൺഡോർ, ബ്യൂട്ടി ഗോസില്ല, വിയറ്റ്നാം നോറിച്ച, കോസി റോസി... ഇങ്ങനെ നീളുന്നു പട്ടിക.
കൃത്യമായി പരിപാലിച്ചാൽ ആറു മുതൽ 10 മാസം കൊണ്ട് ഇതു വിളവെത്തുമെന്നാണ് ഈ കർഷകൻ പറയുന്നത്. ചെടി പുഷ്പിച്ചാൽ 30 മുതൽ 45 ദിവസത്തിനകം കായ് വിളവെത്തും.
പാറക്കെട്ടിൽ മണ്ണു നിറച്ച് കൃഷി
പാറ നിറഞ്ഞ സ്ഥലത്ത് പുരയിടത്തിലെ മറ്റിടങ്ങളിൽ നിന്നു മണ്ണെത്തിച്ച് ചെറു തട്ടുകളായി തിരിച്ച് കോൺക്രീറ്റു തൂണുകൾ സ്ഥാപിച്ച് അതിനു ചുറ്റും നാലുമൂടുകൾ വീതം നട്ട്, വള്ളികൾ മുകളിലേക്ക് കയറ്റി ഇരുമ്പുകമ്പിയിലൂടെ താഴേക്ക് പടർത്തിയാണ് വിളപരിപാലനം.
ജൈവകൃഷിരീതിയിൽ ബയോഗ്യാസിന്റെ ഉപോത്പന്നമായ സ്ലറിയും ഒപ്പം ചാണകപ്പൊടിയുമാണ് വളപ്രയോഗം. ആയിരം കിലോയിലധികം ഇപ്പോൾ വിപണനം നടത്തി.
ജലക്ഷാമം രൂക്ഷമായ പ്രദേശമായതിനാൽ പടുതാക്കുളം സജ്ജമാക്കിയാണ് ജലസേചന സൗകര്യം ഒരുക്കുന്നത്. ഇവിടെ വിളവിറക്കുന്നതു മുതൽ വിപണനം വരെയും കർഷകൻ നേരിട്ടാണ്.
ഫലവൃക്ഷങ്ങളിൽ പരീക്ഷണം
കപ്പയും ചേനയും ചേന്പുമെല്ലാം കാട്ടുപന്നി തരില്ലെന്നായപ്പോഴാണ് കൃഷിരീതികൾ തന്നെ മാറ്റിയതെന്ന് ഗിരീഷ് പറഞ്ഞു. പാറക്കെട്ട് ഒഴിവാക്കിയുള്ള സ്ഥലത്തു പലതരം കൃഷിരീതികൾ ഇപ്പോൾ പരീക്ഷിച്ചുവരികയാണ്.
വിദേശയിനം ഫലവർഗങ്ങളിൽ അവക്കാഡോ അടക്കമുള്ളവ വാണിജ്യാടിസ്ഥാനത്തിൽ തന്നെ കൃഷി ചെയ്തിട്ടുണ്ട്.
മുന്തിയ ഇനം പ്ലാവുകളും മാവുകളും മറ്റുചെടികളിൽ ഗ്രാഫ്റ്റിംഗും ബഡ്ഡിംഗും നടത്തി കൂടുതൽ ഉത്പാദനക്ഷമതയും ആയുർദൈർഘ്യവും വർധിപ്പിക്കുന്ന പ്രവൃത്തികളിലും അഗ്രഗണ്യനാണ് കൃഷിയെ അകമഴിഞ്ഞു സ്നേഹിക്കുന്ന ഈ കർഷകൻ.