മൈലപ്ര ബാങ്ക് ക്രമക്കേട്: ബിനാമി ഇടപാടുകളിലെ മുഖ്യസൂത്രധാരനും മുൻ സെക്രട്ടറിയെന്ന്
1338027
Sunday, September 24, 2023 11:27 PM IST
പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്കിലെ ക്രമക്കേടുകളിൽ മുഖ്യപങ്കാളിത്തം മുൻ സെക്രട്ടറി ജോഷ്വ മാത്യുവിനെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം.
കോടികളുടെ ക്രമക്കേട് നടത്തിയ കേസില്‍ അറസ്റ്റിലായ ജോഷ്വ മാത്യു സ്വന്തം ബന്ധുക്കളെയും കബളിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ജോഷ്വ മാത്യുവിന്റെ ബന്ധുക്കളുടെ വീടുകളിലും ബിനാമി നിക്ഷേപമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്.
ബന്ധുക്കള്‍ക്ക് വസ്തു ഈട് നല്കി മൈലപ്ര ബാങ്കില്‍നിന്നു വായ്പ അനുവദിച്ചതില്‍ അവര്‍ അറിയാതെ കൂടുതല്‍ തുക എടുത്തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത്തരം തട്ടിപ്പു സംബന്ധിച്ചു തങ്ങൾക്കും അറിവുണ്ടായിരുന്നില്ലെന്ന മൊഴിയാണ് അടുത്ത ബന്ധുക്കളിൽനിന്നു ലഭിച്ചിട്ടുള്ളത്.
ജോഷ്വ മാത്യുവിന്റെ അനധികൃത സ്വത്ത് സന്പാദനം സംബന്ധിച്ചു വിശദമായ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണസംഘം തയാറായിട്ടുമില്ല.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എ. അബ്ദുള്‍ റഹിമിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച അഞ്ചിടത്താണ് അന്വേഷണ സംഘം റെയ്ഡ് നടത്തിയത്.
ജോഷ്വയുടെ മകളുടെ ഭർത്തൃഗൃഹം, സഹോദരി, ഭാര്യാസഹോദരി എന്നിവരുടെ വീടുകളിലും അടൂരിലെ ഫാക്ടറിയിലും പത്തനംതിട്ടയിലെ മറ്റൊരു സ്ഥാപനത്തിലുമാണ് പരിശോധന നടന്നത്. അടൂർ ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ ജോഷ്വ മാത്യുവും സംഘവും ആരംഭിച്ചിരുന്ന സംരംഭം സംബന്ധിച്ചാണ് അന്വേഷണം നടന്നത്.
എന്നാൽ, ഇതിനു തട്ടിപ്പുമായി നേരിട്ടു ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. മൈലപ്ര ബാങ്കില്‍നിന്നു സംരംഭക ആവശ്യത്തിനു വായ്പ നല്‍കിയിരുന്നുവെങ്കിലും കൃത്യമായി തിരിച്ചടിച്ചിട്ടുമുണ്ട്.
ബന്ധുക്കൾക്ക് വാരിക്കോരി വായ്പ
മൈലപ്ര ബാങ്കിന്റെ പ്രവർത്തന പരിധിക്കു പുറത്താണെങ്കിൽ കൂടി സ്വന്തം സഹോദരിയുടെയും ഭാര്യാസഹോദരിയുടെയും പേരില്‍ മുൻ സെക്രട്ടറി ഇടപെട്ട് വായ്പകള്‍ നല്‍കിയിരുന്നു. ഭാര്യാസഹോദരിയുടെ പേരില്‍ 17 ലക്ഷത്തിന്റെ വായ്പയാണ് അനുവദിച്ചിരുന്നു. അവര്‍ അറിയാതെ ജോഷ്വ ഇത് 24 ലക്ഷമാക്കി മാറ്റിയിരുന്നു.
പ്രമാണമാണ് ഈട് നല്‍കിയിരുന്നത്. 17 ലക്ഷം തിരികെ അടച്ചെങ്കിലും പ്രമാണം തിരികെ നല്കാന് ബാങ്ക് തയാറായില്ല. അതിന്റെ കാരണം തിരക്കിയപ്പോള്‍ ഈ പ്രമാണം ഈടാക്കി രണ്ടു ചിട്ടിയില്‍നിന്ന് 30 ലക്ഷം രൂപ മുൻ സെക്രട്ടറി വായ്പ എടുത്തിട്ടുണ്ടെന്നു മനസിലായി.
പ്രമാണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ക്ക് ബാങ്കില്‍ കൊടുക്കാന്‍ അപേക്ഷ എഴുതി നല്കിയതും ജോഷ്വായാണ്.പത്തനംതിട്ടയിലെ ഒരു ഹോട്ടൽ ഉടമയുമായി മുൻ സെക്രട്ടറിക്കുണ്ടായിരുന്ന ഇടപാടുകളും അന്വേഷണ വിധേയമായിട്ടുണ്ട്.
പത്തനംതിട്ടയിലും അടൂരുമായി നടത്തിയിരുന്നു ഹോട്ടല്‍ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഹോട്ടലുടമയുടെ സഹോദരനും ജോഷ്വായുമായി ചേര്‍ന്ന് 2008 ല്‍ മാവേലിക്കരയില്‍ 60 സെന്റ് സ്ഥലം വാങ്ങി. ഇതില്‍ ജോഷ്വായുടെ വിഹിതം 20 സെന്റായിരുന്നു. 2015 ല്‍ അതില്‍ 10 സെന്റ് സ്ഥലം വിറ്റു. ശേഷിച്ച 10 സെന്റ് അങ്കമാലിയില്‍ വിവാഹം കഴിച്ചിട്ടുള്ള മകള്‍ക്ക് നല്‍കിയെന്നാണ് വിവരം.
ബിനാമി വായ്പകളും ധാരാളം
ബാങ്കുമായി ബന്ധപ്പെട്ടു നടന്നിട്ടുള്ള പത്തുലക്ഷം രൂപയുടെ മുകളിലുള്ള എല്ലാ ഇടപാടുകളും ബിനാമി ഇടപാടുകളാണെന്നാണ് പ്രാഥമിക നിഗമനം. പലതും മുൻ സെക്രട്ടറിയുടെ നേരിട്ടുള്ള ബന്ധത്തിലോ ഇടപാടിലോ നൽകിയിട്ടുള്ള വായ്പകളാണ്.
കോട്ടയം ജില്ലയില്‍ എന്‍ജിനിയറിംഗ് കോളജ് നടത്തുന്ന വാര്യാപുരം സ്വദേശിയുടെ വീടും സ്ഥലവും പണയപ്പെടുത്തി 2016ല്‍ 10 പേര്‍ക്ക് 25 ലക്ഷം രൂപ വീതം 2.50 കോടി വായ്പ നല്‍കിയിരുന്നു. ഇതിപ്പോള്‍ കുടിശിക സഹിതം വന്‍തുക ആയിട്ടുണ്ട്.
ഇയാള്‍ ബിനാമിയാണോ എന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ജോഷ്വായ്ക്ക് വേറെയും ബിനാമികള്‍ ഉള്ളതായി ക്രൈംബ്രാഞ്ചിന് സംശയമുണ്ട്. വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട ഫയൽ പത്തനംതിട്ട ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിക്ക് അന്വേഷണ സംഘം കൈമാറിയിട്ടുണ്ട്.
അതിന്മേലുള്ള അന്വേഷണത്തിലാകും കൂടുതല്‍ ബിനാമികളെ കണ്ടെത്താന്‍ കഴിയുക. അന്വേഷണത്തിന് ഇഡി എത്താനുള്ള സാധ്യതയേറിയെന്ന വിവരം കൂടി പുറത്തു വന്നതോടെ ബിനാമി വായ്പയെടുത്തവര്‍ നെട്ടോട്ടം തുടങ്ങി.
ഇവരില്‍ ചിലര്‍ തങ്ങളുടെ വായ്പ തിരിച്ചടയ്ക്കാനുള്ള സാധ്യത തേടി സഹകരണ വകുപ്പിനും മന്ത്രിക്കും കത്ത് നല്കി. ചിലര്‍ക്ക് വേണ്ടി കത്തെഴുതി നല്‍കിയത് ജോഷ്വ തന്നെയാണ്. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇത്തരം നിരവധി അപേക്ഷകള്‍ കണ്ടെത്തിയിരുന്നു. ചിലരുടെ പേരില്‍ ജോഷ്വ തന്നെ അപേക്ഷ എഴുതി അയച്ചുവെന്നും സംശയിക്കുന്നു.
കസ്റ്റഡി കാലാവധി ഇന്ന് തീരും; മറ്റൊരു കേസിൽ അറസ്റ്റുണ്ടാകും
മുൻ സെക്രട്ടറി ജോഷ്വ മാത്യുവിന്റെ കസ്റ്റഡി കാലവധി തീരുന്നതോടെ ഇന്ന് കോടതിയിൽ തിരികെ ഹാജരാക്കും.
റിമാൻഡ് കാലാവധിയും അവസാനിക്കുന്നതോടെ മറ്റൊരു കേസിൽ അറസ്റ്റിനുള്ള അപേക്ഷ അന്വേഷണസംഘം കോടതി മുന്‍പാകെ വയ്ക്കും. 86.12 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസാണിത്.
ബാങ്ക് മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ കൂടി ഉൾപ്പെട്ട കേസാണിത്. 89 ബിനാമി ഇടപാടുകളിലായി 86.12 കോടി രൂപയുടെ ക്രമക്കേട് സംബന്ധിച്ച് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ പരാതിയിൽ പത്തനംതിട്ട പോലീസ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകിയിട്ടുണ്ട്.
കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയതോടെ അറസ്റ്റ് നടപടികളിലേക്കു കടക്കുകയാണ്.