കാലാവസ്ഥ ചതിച്ചെങ്കിലും പ്രതീക്ഷ കൈവിടാതെ വള്ളിക്കോട്ടെ കർഷകർ
1337812
Saturday, September 23, 2023 10:58 PM IST
പത്തനംതിട്ട: ഇടവമഴയ്ക്കുശേഷമുണ്ടായ അപ്രതീക്ഷിത വളർച്ചയിൽ താളംതെറ്റിയ കാർഷിക കലണ്ടർ നേരെയാകുമെന്ന പ്രതീക്ഷയിൽ വള്ളിക്കോട്ടെ കർഷകർ.പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച് വീണ്ടും പ്രതീക്ഷയുടെ വിത്തെറിയാൻ ഒരുങ്ങുകയാണ് പാടശേഖരങ്ങൾ.
തുടർച്ചയായി മഴയും വെയിലും തീർത്ത തീരാനഷ്ടങ്ങളിൽ പതറാതെ കർഷകന്റെ കരളുറപ്പിലാണ് ഇത്തവണ മകര കൊയ്ത്തിനുള്ള കൃഷി ഇറക്കുന്നത്.
കടുത്ത വേനലിനേതുടർന്നു പാടം വിണ്ട് കീറിയിരുന്നതിനാൽ ഇത്തവണ വൈകിയാണ് കൃഷി ഇറക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ ലഭിച്ചു തുടങ്ങിയ മഴയേത്തുടർന്നു പാടശേഖരങ്ങളിൽ വെള്ളം എത്തിയതാണ് കർഷകർക്ക് ആശ്വാസമായത്. മഴ കൂടിയാലും കൃഷി പ്രതിസന്ധിയിലാകുമെന്ന ആശങ്കയും കർഷകർക്കുണ്ട്. അപ്പർ കുട്ടനാട് കഴിഞ്ഞാൽ ജില്ലയിലെ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത് വള്ളിക്കോട് പാടശേഖരങ്ങളിലാണ്.
കണക്കുകൂട്ടലുകൾ തെറ്റിച്ചു
കാലംതെറ്റി എത്തുന്ന തോരാമഴയും കത്തിയെരിയുന്ന വെയിലുമാണ് കർഷകരുടെ സ്വപ്നങ്ങൾ തുടർച്ചയായി തകർത്തെറിയുന്നത്. രണ്ടര വർഷങ്ങൾക്കിടയിൽ അഞ്ചു വെള്ളപ്പൊക്കങ്ങൾ ഇവരുടെ അധ്വാനം തകർത്തെറിഞ്ഞെങ്കിൽ പിന്നീട് കത്തിയെരിയുന്ന വെയിലായിരുന്നു പ്രശ്നം. ഇടവപ്പാതിയിലെ വെള്ളപ്പൊക്കം കഴിയുന്നതോടെയാണ് കൃഷിക്കു തയാറെടുക്കുന്നത്. ഇത്തവണ കാലവർഷം ശക്തമായിരുന്നില്ലെന്നു മാത്രമല്ല, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അപ്രതീക്ഷിതമായ വരൾച്ചും ഉണ്ടാക്കി.
കഴിഞ്ഞ തവണ മഴമാറി മാനം തെളിഞ്ഞ സമയം നോക്കി ആദ്യഘട്ട വിളവ് ഇറക്കിയെങ്കിലും പിന്നീടുവന്ന തോരാമഴയിൽ നെല്ല് മുഴുവൻ വെള്ളത്തിലായി. ഇപ്പോൾ പെയ്യുന്ന മഴ ന്യൂനമർദം മൂലമുള്ളതായതിനാൽ താമസിയാതെ തന്നെ മാനം തെളിഞ്ഞേക്കുമെന്ന പ്രതീക്ഷയുണ്ട്. പിന്നാലെയെത്തുന്ന തുലാംവർഷത്തിന്റെ രൂക്ഷതയെക്കുറിച്ചുള്ള ആശങ്ക കർഷകർക്ക് ഇല്ലാതില്ല.
പ്രതികൂല കാലാവസ്ഥ തങ്ങളുടെ കൃഷി തുടർച്ചയായി തകർത്തെറിഞ്ഞതോടെ മിക്കവരും പരമ്പരാഗത കൃഷിയിൽ നിന്നും പിൻമാറുന്നുണ്ട്.
കൃഷിയിൽ മാത്രം ഉപജീവനം കണ്ടെത്തിയിരുന്നവർ അന്നം തേടി മറ്റു ജോലികൾക്ക് പോയാൽ പേരുകേട്ട വള്ളിക്കോടെ നെൽകൃഷിയും പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ട്.
അഞ്ഞൂറ് ഏക്കർ പാടശേരം
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മേഖലയിൽ 500 ഏക്കറോളം പാടശേഖരങ്ങളുണ്ട്. വേട്ടക്കുളം, കാരുവേലിൽ, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ്, കൊല്ലാ , അട്ടത്തോടെ ഏലാ തുടങിയവയാണ് ഇവയിൽ പ്രധാനം. 130 ഹെക്ടറിലാണ് കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്.
210 കർഷകരാണ് നിലവിൽ വള്ളിക്കോട് മേഖലയിലുള്ളത്. കഴിഞ്ഞതവണ 500 ടണ്ണോളം നെല്ല് ഉത്പാദിപ്പിച്ചു. സപ്ലൈകോയുടെ പ്രധാന സംഭരണ സ്ഥലം കൂടിയാണ് വള്ളിക്കോട്. സംഭരിച്ച നെല്ലിന്റെ വില പൂർണമായി ലഭിച്ചിട്ടില്ലെങ്കിലും കൃഷിയോടുള്ള താത്പര്യം കാരണം വെല്ലുവിളികൾ ഏറ്റെടുത്തും കർഷകർ രംഗത്തിറങ്ങുകയാണ്.
ഇടക്കാലത്ത് കൃഷി തന്നെ ഉപേക്ഷിച്ചുകിടന്ന പല പാടശേഖരങ്ങളും കഴിഞ്ഞ ഏതാനും വർഷങ്ങളായി സജീവമായതിനു പിന്നാലെയാണ് ഉത്പാദനം വർധിച്ചത്. കൃഷിവകുപ്പും തദ്ദേശസ്ഥാപനങ്ങളും പ്രോത്സാഹനം നൽകുന്നുണ്ടെന്ന് കർഷകർ പറയുന്നു.