നാസ സ്പേസ് ആപ് ചലഞ്ച് ബൂട്ട് ക്യാമ്പ്
1337811
Saturday, September 23, 2023 10:58 PM IST
പത്തനംതിട്ട: ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ തൃശൂരിൽ നടക്കുന്ന നാസ സ്പേസ് ആപ് ചലഞ്ചിനു മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായുള്ള ബൂട്ട് ക്യാമ്പ് പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലാ പോലീസ് മേധാവി വി. അജിത് ഉദ്ഘാടനം നിർവഹിച്ചു.
കുട്ടിക്കാനം മാർ ബലിസേലിയോസ് എൻജിനിയറിംഗ് കോളജും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിക് വേൾഡ് റോബോട്ടിക്സ് സംയുക്തമായാണ് ബൂട്ട് ക്യാമ്പ് നടത്തിയത്. മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജിലെ പ്ലേയ്സ്മെന്റ് ഓഫീസർ നികിത് കെ. സക്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ പന്തളം എൻഎസ്എസ് കോളജിലേ റിട്ട. പ്രഫ.ഡോ. പഴകുളം സുഭാഷ് സ്പേസ് രംഗത്തെ നൂതന സാങ്കേതികതയെ സംബന്ധിച്ചു പ്രഭാഷണം നടത്തി.
കാതോലിക്കറ്റ് സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ് മുഖ്യസന്ദേശം നൽകി. യൂണിക് വേൾഡ് റിബോട്ടിക്സ് സിഇഒ ബെൻസൺ തോമസ് ജോർജ് ക്ലാസുകൾക്ക് നേതൃത്വം നൽകി.
ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നു നൂറിൽപരം വിദ്യാർഥികൾ പങ്കെടുത്തു. സ്പേസ് ആപ് ചലഞ്ചിൽ വിജയികളാകുന്നവർക്ക് രണ്ടു ലക്ഷം രൂപയാണ് കാഷ് പ്രൈസ്.
മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജ് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോജി ഇടക്കുന്നിൽ, അഡ്മിഷൻ ഓഫീസർ കോശി മുതലാളി, ലെനു പീറ്റർ, തോമസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.