സ്കൂള്‍തല ജെന്‍ഡര്‍ ഡെസ്ക് കാര്യക്ഷമമാക്കണം: ഓമല്ലൂര്‍ ശങ്കരന്
1337809
Saturday, September 23, 2023 10:58 PM IST
പത്തനംതിട്ട: ശാസ്ത്രാവബോധവും വിവേചന ചിന്തയും പുതിയ തലമുറയില്‍ വളര്ത്തിയെങ്കില് മാത്രമേ ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന പല സാമൂഹിക പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയൂവെന്നും അതിനായി സ്കൂള്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ ഡെസ്കുകള്‍ മാറണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്. ജില്ലാ പഞ്ചായത്ത്, ജില്ലാ വനാ ശിശുവികസന വകുപ്പ്, ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാപ്പില്‍ നാനോ ഓഡിറ്റോറിയത്തില്‍ സൈക്കോ സോഷ്യല്‍ സ്കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാസ്റ്റര്‍ ട്രെയ്നറും കൗണ്‍സിലറുമായ ഡോ. പ്രകാശ് രാമകൃഷ്ണന്, സ്റ്റുഡന്റ് കൗണ്‍സിലര്‍ ഡേവിഡ് റെജി മാത്യു, കില റിസോഴ്സ്പേഴ്സണ്‍ എം.വി. രമാദേവി, ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ നക്ഷത്ര, നിരുപമ, സഖി വനിതാ പഠന കേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ ജി. രജിത എന്നിവര്‍ ക്ലാസുകള്‍ നടത്തി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു അധ്യക്ഷത വഹിച്ചു. ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ചെയര്‍പേഴ്സണ്‍ സാറാ തോമസ്, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു. അബ്ദുൾ ബാരി, വനിതാ സംരക്ഷണ ഓഫീസര്‍ എ. നിസ, പ്രോഗ്രാം ഓഫീസര്‍ നിത ദാസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി. ലതാകുമാരി, കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ. അമല മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.