ഭീഷണി ഉയർത്തി തെരുവുനായ്ക്കൾ
1337805
Saturday, September 23, 2023 10:58 PM IST
പത്തനംതിട്ട: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മല്ലശേരിമുക്ക്, പുളിമുക്ക്, പള്ളിപ്പടി, ഐടിസിപ്പടി എന്നിവിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. വാഹനങ്ങളുടെ വലിയ തിരക്ക് അനുഭവപ്പെടുന്ന തെരുവുനായ്ക്കൾ കൈയടക്കിയതോടെ യാത്രക്കാർ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാർക്കു നേരെ നായ്ക്കൾ ആക്രമണം നടത്തിയിരുന്നു. കാൽനട യാത്രക്കാർക്ക് ഇവ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
നായ്ക്കളിലെ അക്രമവാസന വർധിച്ചതോടെ പ്രഭാത സവാരിയും പത്രം, പാൽ വിതരണവും പ്രതിസന്ധിയിലാണ്. നായ്ക്കളെ ഭയന്ന് വിദ്യാർഥികൾ മുതിർന്നവരുടെ സംരക്ഷണയിലാണ് ട്യൂഷനും സ്കൂളിലും പോകുന്നത്. പാതയോരങ്ങളിൽ കൂട്ടത്തോടെ താവളം ഉറപ്പിച്ചിരിക്കുന്ന നായ്ക്കൾ വാഹനങ്ങൾക്കു പിന്നാലെ കുരച്ച് ചാടുന്നതു പതിവായി. അടുത്തയിടെ നിരവധി ആളുകൾക്ക് നായ്ക്കളുടെ ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്.
വാഹന യാത്രക്കാരും അപകടത്തിൽപെടുന്നത് പതിവായി. ആക്രമണ ഭീഷണി ഉയർത്തി നായ്ക്കൾ സ്വൈര്യവിഹാരം നടത്തിയിട്ടും ഇവയെ ഉൻമൂലനം ചെയ്യാൻ അധികൃതർ തയാറാകുന്നില്ല. നേരത്തെ അലഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരണം ഉൾപ്പെടെ നടത്തിയിരുന്നെങ്കിലും ഇപ്പോൾ നടപടിയില്ല.
വളത്തുമൃഗങ്ങളെയും ആക്രമിക്കുന്നുണ്ട്. പറമ്പിൽ കെട്ടിയിരുന്ന ആട്ടിൻ കുട്ടികളെ അടുത്തയിടെ കടിച്ചുകീറിയിരുന്നു. രക്ഷിക്കാൻ ശ്രമിച്ചവർക്കും നായ്ക്കളുടെ കടിയേറ്റ സംഭവമുണ്ട്. പ്രദേശത്തെ കോഴി, താറാവ് തുടങ്ങിയവയെ ഇവ വ്യാപകമായി ഭക്ഷണമാക്കുന്നുണ്ട്. ഇരുളിന്റെ മറവിൽ പ്രദേശത്ത് ഇറച്ചി അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നതാണ് നായ ശല്യം വർധിക്കാൻ കാരണം.