മനയ്ക്കച്ചിറയിൽ അപകടങ്ങൾ പതിവാകുന്നു
1337804
Saturday, September 23, 2023 10:54 PM IST
കവിയൂർ: തിരുവല്ല-കുമ്പഴ റോഡിൽ മനയ്ക്കച്ചിറ ജംഗ്ഷനിൽ അപകടങ്ങൾ പതിവായി. തിരക്കേറിയ സംസ്ഥാന പാതയിലേക്ക് രണ്ട് പ്രധാന റോഡുകൾ വന്നു ചേരുന്ന ഭാഗത്ത് വേഗനിയന്ത്രണത്തിന് സംവിധാനങ്ങളില്ലാത്തത് അപകടങ്ങൾക്കു കാരണം.
ഇന്നലെ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാക്ക് പരിക്കേറ്റു. നാൽക്കവലയായ മനക്കച്ചിറയിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുകയോ, പോലീസിന്റെ സേവനം ലഭ്യമാക്കുകയോ വേണമെന്നാണ് ആവശ്യം. എംസി റോഡിന് സമാന്തരമായി കുറ്റൂരിൽ നിന്നും മുത്തൂർ ഭഗത്തേക്കു പോകുന്ന റോഡാണ് മനയ്ക്കച്ചിറയിൽ ടികെ റോഡിനെ മറികടക്കുന്നത്.
രാവിലെയും വൈകുന്നേരവും ജംഗ്ഷനിൽ ഗതാഗതക്കുരുക്കും പതിവാണ്. വാഹനങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനമില്ലാത്തതിനാൽ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുന്നത് നിത്യ സംഭവമായി മാറുന്നു. ഉപറോഡുകൾ സംഗമിക്കുന്ന ഭാഗത്തെ വീതിക്കുറവും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.