ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് റോഡിലെ കുഴികൾ നികത്തി
1337803
Saturday, September 23, 2023 10:54 PM IST
റാന്നി: ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലേക്ക് ബൈപാസിൽ നിന്നുള്ള ഇടവഴിയിലെ കുഴികൾ ഭാഗികമായി നികത്തി.
കുണ്ടും കുഴിയുമായി തകർന്ന റോഡിലൂടെ ബസുകളുടെ യാത്ര ഏറെ ദുഷ്കരമായിരുന്നു. ഇതിനു പരിഹാരമായി മുക്കാലുമൺ പുല്ലംപള്ളി പാറമടയിൽ നിന്നു സൗജന്യമായി എത്തിച്ച രണ്ട് ലോഡ് മക്ക് ഇട്ട് ജെസിബി ഉപയോഗിച്ച് നികത്തിയാണ് കുഴികൾ മൂടിയത്. എന്നാൽ മഴ ശക്തമായി തുടരുന്നതിനാൽ റോഡിലെ വെള്ളക്കെട്ട് തകർച്ച രൂക്ഷമാക്കും.
പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ചാക്കോ വളയനാട്ട് എന്നിവരുടെ മേൽനോട്ടത്തിലാണ് പണികൾ നടത്തിയത്.
റോഡ് സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ പഞ്ചായത്തുകൾക്കോ മറ്റ് ഒരു ഗവൺമെന്റ് ഏജൻസിക്കോ പൊതുഫണ്ട് വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്യാനോ മറ്റോ കഴിയുകയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.