മൈലപ്ര ബാങ്ക്: ഗോതമ്പ് ഇടപാടിൽ ചോദ്യം ചെയ്യൽ തുടരും
1337796
Saturday, September 23, 2023 10:54 PM IST
പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ പേരെ ചോദ്യം ചെയ്യും.
ബാങ്കിന്റെ അനുബന്ധ സ്ഥാപനമായി പ്രവര്‍ത്തിച്ചിരുന്ന മൈ ഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയതുമായി ബന്ധപ്പെട്ടു 3.94 കോടി രൂപയുടെ ക്രമക്കേടാണ് ക്രൈംബ്രാഞ്ച് നിലവില്‍ അന്വേഷിച്ചുവരുന്നത്. ഈ കേസില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ മുന്‍ സെക്രട്ടറി ജോഷ്വ മാത്യു മൂന്നു ദിവസമായി ചോദ്യം ചെയ്യലിനു വിധയയമായി വരികയാണ്.
മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മനെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മുന്‍ പ്രസിഡന്റിനെയും സെക്രട്ടറിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തുവെങ്കിലും തിരിമറയില് തനിക്കു പങ്കാളിത്തമില്ലെന്നും എല്ലാം സെക്രട്ടറിയാണ് ചെയ്തതെന്നുമായിരുന്നു പ്രസിഡന്റിന്റെ മൊഴി. എന്നാല്‍ പ്രസിഡന്റും ഭരണസമിതിയംഗങ്ങളും അറിയാതെ ഒന്നും നടന്നിട്ടില്ലെന്ന നിലപാടാണ് ജോഷ്വ മാത്യു സ്വീകരിച്ചത്. ക്രമക്കേടിലൂടെ തിരിമറി നടത്തിയ പണം എവിടെയന്ന ചോദ്യത്തിന് താനൊന്നും എടുത്തിട്ടില്ലെന്ന മറുപടിയാണ് നല്‍കിയത്. ബാങ്കിലെ മുന്‍ ജീവനക്കാരടക്കമുള്ള ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. മുൻ സെക്രട്ടറിയുടെ കൂടി സാന്നിധ്യത്തിലാണ് ഇവരിൽ നിന്നും വിവരങ്ങൾ തേടിയത്.
ബാങ്കിലെ മുന്‍ ജീവനക്കാരനും ഫാക്ടറിയിലേക്ക് ഗോതമ്പ് കരാറുകാരനുമായ ഷാജഹാനെ നാളെ ചോദ്യം ചെയ്യും. ഫാക്ടറിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളില്‍ നിര്‍ണായക സാക്ഷിയാണ് ഷാജഹാന്. ജോഷ്വ മാത്യുവുമായി അന്വേഷണസംഘം കേരളത്തിനു പുറത്തേക്കു തെളിവെടുപ്പ് നടത്തുമെന്ന സൂചനയുണ്ട്.
ഭരണസമിതി
പിരിച്ചുവിട്ടതിനെതിരേ
ഹർജി
മൈലപ്ര സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സഹകരണ ജോയിന്റ് രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് മുൻ ഭരണസമിതി ഹൈക്കോടതിയിൽ ഹർജി നൽകി.
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ജോയിന്റ് രജിസ്ട്രാർ ഭരണസമിതി പിരിച്ചുവിട്ടതെന്നാണ് മുൻഅംഗങ്ങളുടെ വാദം. കഴിഞ്ഞ ഓഗസ്റ്റ് 18നാണ് ഭരണസമിതി പിരിച്ചുവിട്ടത്.
ബാങ്കുമായി ബന്ധപ്പെട്ടു നേരത്തേയുള്ള പ്രശ്നങ്ങളാണ് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നതെന്നാണ് ഭരണസമിതിയംഗങ്ങളായിരുന്നവരുടെ വാദം. ബാങ്കിൽ 86.12 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നതായ റിപ്പോർട്ടും ഭരണസമിതി പിരിച്ചുവിടേണ്ടിവന്ന സാഹചര്യവും ചൂണ്ടിക്കാട്ടി ജോയിന്റ് രജിസ്ട്രാർക്കുവേണ്ടി സഹകരണ വകുപ്പ് അഭിഭാഷകനും കോടതിയിൽ നൽകി. കേസ് ഒക്ടോബർ ആറിനാണ് ഇനി പരിഗണിക്കുന്നത്.