പൂര്‍ണ മനുഷ്യനാകാന്‍ ക്രിസ്തുവിനെ അറിയണം: മാര്‍ തോമസ് തറയില്‍
1337547
Friday, September 22, 2023 10:22 PM IST
ചങ്ങനാശേരി: ക്രിസ്തുവിനെ അറിഞ്ഞാല്‍ മാത്രമേ മനുഷ്യന് പൂര്‍ണ സ്വാതന്ത്ര്യത്തില്‍ എത്തുകയുള്ളൂവെന്നും മിഷന്‍ലീഗ് പ്രവര്‍ത്തകര്‍ ലോകമെങ്ങും ക്രിസ്തുവിനു സാക്ഷികളായി പ്രവര്‍ത്തിക്കണമെന്നും അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍.
എസ്ബി കോളജ് കാവുകാട്ടു ഹാളില്‍ സംഘടിപ്പിച്ച ചെറുപുഷ്പ മിഷന്‍ലീഗ് അതിരൂപത കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത പ്രസിഡന്റ് ഡിജോ സേവ്യര്‍ അധ്യക്ഷത വഹിച്ചു. ചെറുപുഷ്പ മിഷന്‍ലീഗ് സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ 25-ാം ചരമവാര്‍ഷിക അനുസ്മരണവും നടത്തി.
അതിരൂപത ഡയറക്ടര്‍ റവ.ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് ഈറ്റോലില്‍, ഓര്‍ഗനൈസിംഗ് പ്രസിഡന്റ് റോജി ജോസഫ്, സെക്രട്ടറി അമല്‍ വര്‍ഗീസ്, അഹറോന് ജോസഫ് അനില്‍, അക്സാ റോയി, കണ്‍വീനര്‍ എ.ടി. ആകാശ്, ട്രീസ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ഷാജി ചൂരപ്പുഴ ക്ലാസ് നയിച്ചു. രൂപതയിലെ എല്ലാ ശാഖകളില്‍നിന്നുമുള്ള ഭാരവാഹികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ചെറുപുഷ്പ മിഷന് ലീഗ് സംസ്ഥാന രക്ഷാധികാരിയായി നിയമിക്കപ്പെട്ട മാര്‍ തോമസ് തറയിലിനെ അതിരൂപത ഡയറക്ടര്‍ റവ.ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍ പൊന്നാട അണിയിച്ചു.
ഉപരിപഠനാര്‍ഥം റോമിലേക്ക് പോകുന്ന അതിരൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് ഈറ്റോലിന് സമ്മേളനത്തില്‍ യാത്രയയപ്പ് നല്കി. അന്തര്‍ദേശീയ ഓര്‍ഗനൈസര്‍ ജോണ്സണ് കാഞ്ഞിരക്കാട്ടിനെയും ദേശീയ ജനറല്‍ സെക്രട്ടറി ലൂക് അലക്സിനെയും സമ്മേളനത്തില്‍ ആദരിച്ചു.