കോസ്വേയിൽ വെള്ളം; ഒറ്റപ്പെട്ട് കുരുന്പൻമൂഴി
1337545
Friday, September 22, 2023 10:22 PM IST
റാന്നി: തുടർച്ചയായി പെയ്യുന്ന മഴയിൽ പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതോടെ വനാന്തര ഗ്രാമമായ കുരുമ്പൻമൂഴി വീണ്ടും ഒറ്റപ്പെട്ടു. കുരുമ്പൻമൂഴിയെയും ചാത്തൻതറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പമ്പാനദിക്ക് കുറുകെയുള്ള കോസ്വേയിലാണ് വെള്ളം കയറിയത്.
പെരുന്തേനരുവിയിൽ നിന്നു കുരുമ്പൻമൂഴിയിലേക്കുള്ള വനപാത നിർമാണപ്രവർത്തനങ്ങൾക്കായി അടച്ചിടുക കൂടിയ ചെയ്തതോടെ പ്രദേശം പൂർണമായി ഒറ്റപ്പെട്ടു. രാത്രിയിലെ മഴയിൽ കോസ്വേയിൽ വെള്ളം കയറിയതോടെ നാട്ടുകാർക്ക് പുറംലോകത്തേക്കെത്താൻ മാർഗമില്ലാതെയായി.
പെരുന്തേനരുവി ജലസംഭരണി സ്ഥാപിതമായതിനു ശേഷം പമ്പാനദിയിൽ ചെറിയ അളവിൽ ജലനിരപ്പ് ഉയർന്നാൽ പോലും കുരുമ്പൻമൂഴി കോസ്വേ മുങ്ങും. കോസ്വേയുടെ സ്ഥാനത്ത് ഉടനടി പാലം പണിയുമെന്നു പ്രഖ്യാപനം വന്നെങ്കിലും നടപടിയൊന്നുമായിട്ടില്ല.
ഇന്നലെ ഉച്ചയോടെ ജലസംഭരണിയിൽ വെള്ളം ഒഴുക്കിവിട്ട് കോസ്വേയിൽ കൂടി ഗതാഗതം സാധ്യമാക്കിയെങ്കിലും കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ പ്രദേശവാസികളിൽ ആശങ്ക ഒഴിയുന്നില്ല.