മൈലപ്ര ബാങ്ക് തട്ടിപ്പ് മുൻ പ്രസിഡന്റിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
1337544
Friday, September 22, 2023 10:22 PM IST
പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെയും മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അടൂര്‍ യൂണിറ്റ് ഓഫീസില്‍ ഡിവൈഎസ്പി എം.എ. അബ്ദുള്‍ റഹിമിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയില്‍ നടത്തിയ 3.94 കോടിയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലാണ് ഇരുവരെയും ഒന്നിച്ചു ചോദ്യം ചെയ്തത്. ക്രമക്കേടില്‍ ജോഷ്വായ്ക്ക് മാത്രമാണ് പങ്ക് എന്ന സൂചനയാണ് ചോദ്യം ചെയ്യലില്‍ പുറത്തു വന്നിരിക്കുന്നത്.
മൈ ഫുഡ് റോളര്‍ ഫാക്ടറി മാനേജിംഗ് ഡയറക്ടറായിരുന്നു ജോഷ്വ മാത്യു. ജെറി ഈശോ ഉമ്മന്‍ ചെയര്‍മാനുമാണ്. ചെയര്മാന് എന്ന നിലയില്‍ ജോഷ്വായെ നിയന്ത്രിക്കാന്‍ ജെറിക്ക് കഴിയാതെ പോയതാണ് വലിയ തട്ടിപ്പിലേക്ക് നയിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായിരിക്കുന്നതെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.
ക്രമക്കേട് നടത്തി ജോഷ്വാ വകമാറ്റിയ പണം വേറെ ആര്‍ക്കും ലഭിച്ചിട്ടില്ലെന്നാണ് നിഗമനം. മാത്രവുമല്ല, ബാങ്ക് പ്രസിഡന്റായിരുന്ന ജെറി ഈശോ ഉമ്മനെ ഇയാള്‍ വിദഗ്ധമായി തെറ്റിധരിപ്പിച്ചതായും സൂചനയുണ്ട്.
60 ലക്ഷം രൂപയുടെ വായ്പയിലും വ്യക്തതയില്ല
മൈഫുഡ് റോളർ ഫാക്ടറിയിലേക്ക് വ്യക്തിയുടെ പേരില്‍ എടുത്ത 60 ലക്ഷം രൂപയുടെ വായ്പ സംബന്ധിച്ചുള്ള വ്യക്തത വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജോഷ്വാ മാത്യു ഇന്നലെ പ്രധാനമായും ചോദ്യം ചെയ്തത്.
വ്യക്തിയുടെ പേരിലെടുത്ത ഈ വായ്പ ബാങ്കിലേക്ക് വരികയും ഇത് മുതലും പലിശയും സഹിതം 90 ലക്ഷം ഫാക്ടറിയില്‍ നിന്ന് എടുത്ത് അടച്ച് ക്ലോസ് ചെയ്യുകയും ചെയ്തിരുന്നു. ജോഷ്വാ മാത്യവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു.
ബാങ്കില്‍ നിന്ന് വിരമിച്ചിട്ടും കേസുകള്‍ ഒന്നിന് പുറകേ ഒന്നായി വന്നിട്ടും ജോഷ്വായ്ക്ക് അവിടെ ശക്തമായ സ്വാധീനമുണ്ടായിരുന്നുവെന്നതിന്റെ സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
ബാങ്കിലെ മുന്‍ ജീവനക്കാരനും ഫാക്ടറിയിലേക്ക് ഗോതമ്പ് കരാറുകാരനുമായ ഷാജഹാനോടും ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നല്‍കിയിരുന്നു.
ഷാജഹാന് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയെങ്കിലും ഭാര്യയുടെ അസുഖവുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ അവധി ചോദിച്ചു. ഇയാളോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാക്ടറിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളില്‍ നിര്‍ണായക സാക്ഷിയാണ് ഷാജഹാന്.അന്വേഷണത്തിന്റെ ഭാഗമായി ഗോതന്പ് ഇടപാടു നടന്ന കോയന്പത്തൂരിലേക്കും അന്വേഷണസംഘം പോകും. ഇനി മൂന്നുദിവസം കൂടി ജോഷ്വാ മാത്യു ക്രൈംബ്രാഞ്ച് സംഘത്തിന്റെ കസ്റ്റഡിയിലുണ്ടാകും.