കാന്തല്ലൂര്‍ സര്‍വീസ് നഷ്ടത്തില്‍ ലാഭത്തിലാക്കാന്‍ നിര്‍ദേശങ്ങളുമായി ജീവനക്കാര്‍
1337543
Friday, September 22, 2023 10:22 PM IST
അടൂര്‍: കെഎസ്ആര്‍ടിസി കാന്തല്ലൂര്‍ ബസ് സര്‍വീസ് കനത്ത നഷ്ടത്തില്‍. അടൂര്‍ ഡിപ്പോയില്‍ നിന്നുള്ള ബസ് ലാഭത്തിലാക്കാനുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടും ഇതു പരിഗണിക്കാതെ നഷ്ടത്തില്‍ തന്നെ സര്‍വീസ് തുടരുന്നതിനെതിരേ ജീവനക്കാര്‍ രംഗത്തെത്തി.
ഉച്ചയക്ക് 12.20ന് അടൂരില്‍ നിന്നു പുറപ്പെട്ട് രാത്രി 9.15ന് കാന്തല്ലൂര്‍ എത്തുന്നവിധമാണ് സര്‍വീസ് നടത്തുന്നത്. പത്തനംതിട്ട, ഈരാറ്റുപേട്ട വഴിയാണ് സര്‍വീസ്.
മൂന്നാറില്‍ എത്തുമ്പോഴേക്കു രാത്രിയായതിനാല്‍ ഇതില്‍ പോകുന്നവര്‍ക്ക് കാന്തല്ലൂര്‍ യാത്രയിലെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയാത്തതിനാല്‍ സഞ്ചാരികള്‍ ബസിനെ കൈയൊഴിഞ്ഞു. മൂന്നാര്‍ - കാന്തല്ലൂര്‍ യാത്രക്കാര്‍ മാത്രമാണ് ഇപ്പോഴുള്ള ആശ്രയം.
ബസിന്റെ സമയമാറ്റം തുടക്കം മുതല്‍ ഉയര്‍ന്ന ആവശ്യമായിരുന്നു. രാവിലെ അടൂരില്‍ നിന്നു പുറപ്പെട്ട് സന്ധ്യയോടെ കാന്തല്ലൂരിലേക്ക് എത്തുന്ന രീതിയില്‍ ക്രമീകരിക്കണമെന്നാണാവശ്യം ഉയര്‍ന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഉച്ചസമയം തെരഞ്ഞെടുത്തത്. കോട്ടയം വഴി റൂട്ട് മാറ്റണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ പ്രതിമാസം ഈ സര്‍വീസിന് ഏകദേശം അഞ്ച് ലക്ഷത്തിലധികം രൂപ നഷ്ടത്തിലാണ്. ജൂണ്‍ ആദ്യം സര്‍വീസ് ആരംഭിച്ചപ്പോള്‍ കോട്ടയം വഴിയുള്ളന്നാണ് ലാഭകരമെന്ന അഭിപ്രായം ഉയര്‍ന്നത്.
പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി വഴി പുതുതായി ആരംഭിച്ച ബസുകളുടെ സമയക്രമം പുനഃക്രമീകരിച്ചിട്ടില്ലാത്തതും കാന്തല്ലൂര്‍ സര്‍വീസിനെ ബാധിച്ചിട്ടുണ്ട്. സമീപകാലത്ത് തുടങ്ങിയ പല ബസുകളും ഒരേ സമയത്താണ് തൊടുപുഴ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്നത്.
സ്വകാര്യബസുകള്‍ കൂടി ഇതേസമയത്തുള്ളതിനാല് വരുമാനം കുറയുന്നു. കാന്തല്ലൂര്‍ സര്‍വീസിന്റെ റൂട്ടും സമയക്രമവും പുനഃക്രമീകരിക്കണമെന്നാവശ്യം ചീഫ് ഓഫീസിലേക്ക് അറിയിച്ചിട്ടുണ്ട്. ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് കാന്തല്ലൂര്‍ യാത്രയ്ക്ക് ഉപയോഗിക്കുന്നത്.
ഡിപ്പോയിലെ ഡ്രൈവര്‍മാരുടെ കുറവ് ലാഭകരമായ സര്‍വീസുകളെ ബാധിക്കുന്നതൊഴിവാക്കാന്‍ നടപടി വേണമെന്ന ആവശ്യവും ജീവനക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.
മണിപ്പാല്‍ സര്‍വീസ് പുനരാരംഭിക്കുന്നതോടെ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ ആളില്ലാത്ത സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാനും ദീര്‍ഘദുര സര്‍വീസുകള്‍ മുടങ്ങാതിരിക്കാനും നടപടി വേണമെന്നാണാവശ്യം.