എംസി റോഡില്‍ അപകടപരമ്പര ബ്ലാക്ക് സ്പോട്ടുകളില്‍ കരുതലുമായി മോട്ടോർ വാഹനവകുപ്പ്
1337542
Friday, September 22, 2023 10:22 PM IST
പന്തളം: അപകടം പെരുകുന്ന എംസി റോഡില്‍ ബ്ലോക്ക് സ്പോട്ടുകള്‍ കണ്ടെത്തി കരുതല്‍ നടപടികളുമായി മോട്ടോര്‍ വാഹനവകുപ്പ്. പോലീസ്, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതികള്‍ നടപ്പാക്കാനുള്ള നിര്‍ദേശമാണ് മോട്ടോര്‍ വാഹനവകുപ്പിന്റേത്.
കഴിഞ്ഞ ഒരുമാസത്തിനിടെ പന്തളം കുരമ്പാലയ്ക്കും കുളനടയ്ക്കും മധ്യേയാണ് എട്ടു ജീവനുകള്‍ വ്യത്യസ്ത അപകടങ്ങളിലായി പൊലിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഇടപെടൽ.
ഈ ഭാഗത്ത് കഴിഞ്ഞ ഒരുദിവസം നടത്തിയ വാഹനപരിശോധനയില്‍ മാത്രം 240 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. അമിതവേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, വാഹനങ്ങളിലെ നിയമലംഘനം ഇവയാണ് പിടികൂടിയത്. വാഹന പരിശോധനകള്‍ തുടരുന്നതിനൊപ്പം റോഡ് സുരക്ഷിതത്വത്തിനാവശ്യമായ നിര്‍ദേശങ്ങളാണ് വകുപ്പ് നല്‍കുന്നത്.
നിയമലംഘനം 38 ശതമാനം
എംസി റോഡില്‍ നടന്ന പരിശോധനയില്‍ അപകടങ്ങള്‍ക്കു കാരണം ഏറെയും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും നിയമലംഘനങ്ങളുമാണെന്നു കണ്ടെത്തിയിട്ടുണ്ട്. 38 ശതമാനം അപകടങ്ങളും നിയമലംഘനംമൂലമുള്ളവയാണ്.
എംസി റോഡ് നവീകരണത്തിനുശേഷം വാഹനങ്ങളുടെ വേഗം വര്‍ധിച്ചിട്ടുണ്ട്. അനുവദനീയമായതിലും അധികം വേഗത്തിലാണ് വാഹനങ്ങള്‍ പായുന്നത്. പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ പോകാന്‍ അനുവാദമുള്ള സ്ഥലത്ത് 65 മുതല്‍ 70 വരെയാണ് വാഹനങ്ങളുടെ വേഗം.
മുമ്പില്‍ കയറാനുള്ള മറികടക്കലിനിടെ എതിര്‍വശത്തേക്കു കൂടുതല്‍ അതിക്രമിച്ചു കടക്കുന്നു. മറികടക്കരുതെന്നു നിര്‍ദേശമുള്ള മഞ്ഞവരയും കട്ട് ചെയ്താണ് ഓവര്ടേക്കിംഗെന്നു നാറ്റ്പാക് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി.
മധ്യവര കടന്ന് മറുവശത്തേക്കു കയറി എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളിലിടിച്ച് അപകടങ്ങുണ്ടാക്കുന്നതില് കെഎസ്ആര്‍ടിസിയാണ് മുന്നിൽ. പിന്നീട് കാറുകളാണ് ഇത്തരം അപകടങ്ങളില്‍ ഏറെയും ഉണ്ടാക്കുന്നത്.
കാമറ അപകടം കുറച്ചു
എഐ കാമറ സ്ഥാപിച്ച സ്ഥലങ്ങളില്‍ കഴിഞ്ഞ രണ്ടുമാസത്തെ കണക്കുകളില്‍ അപകടങ്ങള്‍ കുറഞ്ഞിട്ടുണ്ട്. കാമറയില്‍ കുടുങ്ങുമെന്നുള്ളതിനാല് വേഗം കുറച്ചും നിയമലംഘനങ്ങള്‍ ഒഴിവാക്കിയുമാണ് യാത്ര. അപകട മേഖലകളില്‍ കൂടുതല്‍ കാമറ നിരീക്ഷണം എന്ന നിര്‍ദേശം മോട്ടോര്‍ വാഹനവകുപ്പും നാറ്റ്പാക്കും മുന്നോട്ടുവയ്ക്കുന്നു.
ബ്ലാക്ക് സ്പോട്ടുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെയും പോലീസിന്റെയും നിരന്തര നിരീക്ഷണവും പരിശോധനകളും ഉണ്ടാകണം. റോഡിലെ അനധികൃത പാര്‍ക്കിംഗ് പൂര്‍ണമായി നിരോധിക്കണം.
പാര്‍ക്കിംഗ് ഏരിയാകളിലൊഴികെ വാഹനങ്ങള്‍ ഇടുന്നത് പൂര്‍ണമായി നിരോധിക്കുകയും ബസ്ബേയില്‍ അല്ലാതെ നിര്‍ത്തുന്ന ബസുകള്‍ക്കെതിരേ നടപടികളുണ്ടാകുകയും വേണമെന്നും നിര്‍ദേശമുണ്ട്.
കഴിഞ്ഞ ദിവസം കുളനടയില്‍ രണ്ടു യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടം തടി ലോറിയുടെ അനധികൃത പാര്ക്കിംഗായിരുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. റോഡില്‍ വഴിവിളക്കുകള്‍ കത്തുന്നുവെന്ന് ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രമിക്കണമെന്നും നിര്‍ദേശമുണ്ട്.
പന്തളത്തു 12 ബ്ലാക്ക് സ്പോട്ടുകള്‍
പന്തളത്തും കുളനടയിലുമായി അപകടസാധ്യതയുള്ള പത്തു ബ്ലാക്ക് സ്പോട്ടുകളാണ് മോട്ടോര്‍ വാഹനവകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
കുളനട, മണിക്ഠനാല്ത്തറ, മെഡിക്കല്‍ മിഷൻ, ഇടയാടി, പൈനുംമൂട്ടില്പടി, കോളജ് ജംഗ്ഷൻ, കുരമ്പാല ജംഗ്ഷന്, കൈപ്പുഴ വായനശാല, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, മാന്തുക ഒന്നാം പുഞ്ച, രണ്ടാം പുഞ്ച എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് നിര്‍ദേശം.
എംസി റോഡില്‍ ഏനാത്തിനും കാരയ്ക്കാടിനും മധ്യേയുള്ള അപകട സാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ നിര്‍ണയിച്ച് ബ്ലോക്ക് സ്പോട്ടുകളായി രേഖപ്പെടുത്തിയിട്ടുണ്ട്.
സമീപകാലത്ത് എംസി റോഡില്‍ ഏറ്റവുമധികം അപകടങ്ങളുണ്ടായതും ഈ മേഖലയിലാണ്. ഇതില്‍ തന്നെ ഏനാത്ത്, വടക്കടത്തുഭാഗം, കുരമ്പാല, പറന്തൽ, മാന്തുക, കുളനട ഭാഗങ്ങള്‍ പ്രത്യേക ശ്രദ്ധവേണ്ട സ്ഥലങ്ങളായി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.