ഡ്രൈവിംഗ് സ്കൂൾ സഹകരണ സംഘത്തിനെതിരേയുള്ള ആരോപണങ്ങൾ സത്യവിരുദ്ധമെന്ന് ഭരണസമിതി
1337535
Friday, September 22, 2023 10:02 PM IST
പത്തനംതിട്ട: വായ്പ എടുത്തവർ അത് തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സൊസൈറ്റി ഭാരവാഹികൾക്കെതിരെ ചിലർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നു പത്തനംതിട്ട ജില്ലാ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് ആന്‍ഡ് വർക്കേഴ്സ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒരു ഓഡിറ്റ് റിപ്പോർട്ടിലും സംഘം പ്രസിഡന്റും സെക്രട്ടറിയും അഴിമതി നടത്തിയതായി പറയുന്നില്ല. വാഹനം പണയപ്പെടുത്തി കോടികൾ എടുത്തുവെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്.
സംഘത്തിന്റെ പേരിലുള്ള വാഹനങ്ങളെല്ലാം സംഘം മെംബർമാരുടെ കൈവശം തന്നെയാണ്. ആർസി ബുക്ക് പണയപ്പെടുത്തിയെന്ന ആരോപണം സംഘം പ്രസിഡന്റ് ഷിജു ഏബ്രഹാം നിഷേധിച്ചു. ലക്ഷകണക്കിനു രൂപ സംഘം മുഖേന വായ്പയെടുത്തവരാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്.
സംഘത്തിൽ ആർക്കും സ്ഥിരം നിയമനമില്ല. ഇല്ലാത്ത നിയമനത്തിന്റെ പേരിൽ ലക്ഷങ്ങൾ വാങ്ങി യെന്നു പറയുന്നത് ഭാരവാഹികളെ ആക്ഷേപിക്കാനാണ്. സംഘത്തിലെ എല്ലാ ഇടപാടുകൾക്കും രസീത് നൽകിയിട്ടുണ്ട്.
ബോർഡ് മെംബറായ രാധാമണിയുടെ മകൻ ജയകൃഷ്ണൻ സംഘത്തിലെ താത്കാലിക ജീവനക്കാരനായിരുന്നു. ഇദ്ദേഹം സംഘത്തിലെ പല കടലാസുകളിലും തിരിമറി നടത്തിയിട്ടുണ്ട്. ചില ബില്ലുകള്‍ മനഃപൂർവം നശിപ്പിച്ചു കളയുകയും പാസ്ബുക്കുകൾ അടക്കം ഇല്ലാതാക്കിയിട്ടുമുണ്ട്. ഇത് അന്വേഷണത്തില്‍ പുറത്തുവരുമെന്ന് മനസിലാക്കിയാണ് സംഘം ഭാരവാഹികൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
സംഘത്തിന്റെ കീഴിൽ ഡ്രൈവിംഗ് സ്കൂൾ ലൈസൻസോടെ നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നത്. ആരോപണം ഉന്നയിക്കപ്പെട്ടവർ സ്കൂൾ പൂട്ടിക്കാൻ വേണ്ടി ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്റ്റോപ്പ് മെമ്മോ കിട്ടിയത്. എന്നാൽ, പോരായ്മകളെല്ലാം പരിഹരിച്ചു സ്കൂൾ ലൈസൻസോടെ തന്നെയാണ് പ്രവർത്തിക്കുന്നത്.
ആരോപണം ഉന്നയിക്കുന്നവർ ചില രാഷ്ട്രീയപാർട്ടിയുടെ പിൻബലത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു സംശയമുണ്ട്. ഇവരുടെ നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് സൊസൈറ്റിയെ സംബന്ധിച്ച അന്വേഷണം നടത്തുന്നു. അന്വേഷണം അവസാന ഘട്ടത്തിലാണ്.
അന്വേഷണം തീരാതെ റിപ്പോർട്ടും പ്രസിദ്ധീകരിച്ചിട്ടില്ല. പിന്നെങ്ങനെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്.സൊസൈറ്റിയെ ജനമധ്യത്തിൽ അവഹേളിക്കാനും ഭാരവാഹികളെ അപമാനിക്കാനും മനഃപൂർവം കെട്ടിച്ചമച്ച വ്യാജവാർത്തകാണ് ഒരു സംഘം നടത്തിയതെന്ന് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.
നിലവിൽ പോരായ്മകൾ പരിഹരിച്ച ശേഷമാണ് ഡ്രൈവിംഗ് സ്കൂൾ പ്രവർത്തിക്കുന്നത്. ചില അംഗങ്ങളുടെ പരാതികളേത്തുടർന്ന് വകുപ്പ് തലത്തിൽ ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണം നടക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
സൊസൈറ്റി വൈസ് പ്രസിഡന്റ് എം. നിഷാദ്, സെക്രട്ടറി മാത്യു ഏബ്രഹാം, ബോര്‍ഡ് അംഗങ്ങളായ അനില്‍കുമാര്‍, മെംബര്‍മാരായ പി.ആര്. സോമന് പിള്ള, ആശ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.