കുന്നന്താനത്ത് പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ കേന്ദ്രം നവംബറില്‍
1337533
Friday, September 22, 2023 10:02 PM IST
കുന്നന്താനം: കിന്‍ഫ്രാ പാര്‍ക്കില്‍ ക്ലീന്‍ കേരള കമ്പനിയും പത്തനംതിട്ട ജില്ലാ പഞ്ചായത്തും റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണകേന്ദ്രം പ്രവര്‍ത്തനസജ്ജമാകാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സാങ്കേതിക വിദഗ്ധര്‍ അടക്കം സന്ദര്‍ശനം നടത്തി നിര്‍മാണ പുരോഗതി വിലയിരുത്തി.
തദ്ദേശ സ്വയംഭരണ വകുപ്പ്, ക്ലീന്‍ കേരള കമ്പനി, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എന്നിവയുടെ കൃത്യമായ നിയന്ത്രണത്തില്‍ വളരെ വേഗത്തിലാണ് ഫാക്ടറി പ്രവര്‍ത്തനസജ്ജമാകുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് എല്ലാ ആഴ്ചയിലും പദ്ധതി പ്രവര്‍ത്തനം പ്രത്യേകം വിലയിരുത്തുന്നുണ്ട്.
ഫാക്ടറി കെട്ടിടം, ഗോഡൗണ്‍, സ്വീവേജ് ടീറ്റ്മെന്റ് പ്ലാന്റ്, വാട്ടര്‍ ടാങ്ക് എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. പ്ലംബിംഗ് ജോലികള്‍ രണ്ടാഴ്ചയ്ക്കുള്ളിലും ഇലക്ട്രിക്കല്‍ ജോലികള്‍ മൂന്നാഴ്ചയ്ക്കകവും പൂര്‍ത്തീകരിക്കാനാണ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന കേരളാ ഇലക്ട്രിക്കല്‍ ലിമിറ്റഡിന് നല്‍കിയിരിക്കുന്ന സമയപരിധി. അഗ്നിശമന-സുരക്ഷാ സംവിധാന ജോലികളും ആരംഭിച്ചു.
കണ്വവേയര് ബെല്‍റ്റ്, എക്സ്ട്രൂഡര്‍, ഷെര്ഡിംഗ്, ബെയിലിംഗ്, ഡെസ്റ്റ് റിമൂവര്‍, വാഷിംഗ് തുടങ്ങിയ യന്ത്രങ്ങള്‍ സ്ഥാപിക്കുന്ന ജോലികള്‍ അന്തിമമാക്കുന്നതിനു ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജി.കെ. സുരേഷ് കുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കിന്‍ഫ്രാ പാര്‍ക്ക് സന്ദര്‍ശിച്ചു.
കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതി റീജണല്‍ ഫെസിലിറ്റി മേധാവി ജയകുമാര്‍, സാങ്കേതിക വിദഗ്ധരായ പ്രവീണ്‍ ജിത്ത്, രാജേഷ്, വി.എന്‍. സന്തോഷ് കുമാര്‍, എം.പി. ബിനോയ്, മഹേഷ്, ബേസില്‍, ക്ലീന്‍ കേരള കമ്പനി മാനേജര്‍ എം.ബി. ദിലീപ് കുമാര്‍, ആര്.എസ്. ആനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഒരു ദിവസം അഞ്ച് ടണ്‍ പ്ലാസ്റ്റിക്ക് സംസ്കരിക്കാന്‍ കഴിയുന്ന സംവിധാനമാണ് സജ്ജമാക്കുന്നത്. വിവിധ ഉല്പന്നങ്ങള് നിര്‍മിക്കുന്ന പ്ലാസ്റ്റിക് തരികളാക്കുന്നതടക്കമുള്ള ആധുനിക യന്ത്രങ്ങളാണ് ഇവിടെ സ്ഥാപിക്കുന്നത്. നവംബറില്‍ ഫാക്ടറി പ്രവര്‍ത്തന സജ്ജമാക്കാനാണ് ലക്ഷ്യം.