ഭൂമി പതിച്ചു കൊടുക്കൽ നിയമഭേദഗതി ഗൂഢാലോചനയാണെന്ന് ആക്ഷേപം
1337529
Friday, September 22, 2023 10:02 PM IST
പത്തനംതിട്ട: നിയമസഭ അംഗീകരിച്ചു ഗവർണറുടെ അനുമതിയ്ക്കായി സമർപ്പിച്ച കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബിൽ ജില്ലയിലെ മലയോര നിവാസികളിൽ ആശങ്ക പരത്തുന്നു.
കഴിഞ്ഞ ആറുപതിറ്റാണ്ടായി സാമൂഹ്യ ജീവിതത്തിന് ആവശ്യമായ ഒട്ടേറെ നിർമിതികൾ സർക്കാരിന്റെ എല്ലാവകുപ്പുകളിൽ നിന്നും അനുമതി വാങ്ങി എല്ലാ നികുതികളും അടച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കെട്ടിടങ്ങൾ അടക്കം നിയമവിരുദ്ധമാക്കിയ നടപടിയാണ് ആശങ്കയ്ക്കു കാരണമാകുന്നത്.
ആറു പതിറ്റാണ്ടായി ഉപയോഗിക്കാതിരുന്ന ഒരു ചട്ടം ഉപയോഗപ്പെടുത്തിയുള്ള ഇപ്പോഴത്തെ നീക്കങ്ങൾ ആസൂത്രിതമായ ഗൂഢാലോചനയാണെന്ന ആക്ഷേപവുമായി വിവിധ കർഷക സംഘടനകൾ രംഗത്തെത്തി.
നിലവിൽ ഉണ്ടായിരുന്ന നിയമത്തിൽ 1964ലെ നാലാം ചട്ടം, വീട് വയ്ക്കുന്നതിനും കൃഷി ചെയ്യുന്നതിനും എന്നുള്ളിടത്ത് മറ്റ് ആവശ്യങ്ങൾക്കും എന്നു ഭേദഗതി ചെയ്ത് ലളിതമായും ജനോപകാരപ്രദമായും ഈ പ്രശ്നം പരിഹരിക്കാമെന്നിരിക്കെ നിർമിതികൾ നിയമവിരുദ്ധമായി പ്രഖ്യാപിച്ച ശേഷം വലിയതോതിൽ പിഴ ഈടാക്കി ഓരോന്നായി ക്രമവത്കരിക്കുന്നതിനാണ് നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നതെന്നു ജനകീയ കർഷകസമിതി ജില്ലാ ചെയർമാൻ ജോൺ മാത്യു ചക്കിട്ടയിൽ പറഞ്ഞു.
നിയമത്തിന് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് കേരള ഗവർണർക്കു നിവേദനം നൽകിയതായും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിൽ വലിയ അഴിമതിക്ക് നിയമഭേദഗതി ഇതിടയാക്കും. സർക്കാരിന്റെ അനുമതി വാങ്ങി നാളിതുവരെ നിർമിച്ചിട്ടുള്ള എല്ലാ നിർമിതികളും പണം ഇടാക്കാതെ ഒരുമിച്ച് ക്രമവത്കരിച്ചു കൊടുക്കുകയാണു വേണ്ടതെന്ന ആവശ്യമുയർന്നു.
നിർമാണങ്ങൾ അംഗീകരിക്കണം
1960ലെ നിയമമനുസരിച്ച് പതിച്ചുകിട്ടിയ ഭൂമിയിൽ കേരളത്തിലെ മറ്റു നിയമങ്ങളനുസരിച്ചു പതിച്ചു നൽകിയ ഭൂമികളിൽ നിർമാണപ്രവർത്തനം നടത്തുന്നതുപോലെ കെട്ടിടനിർമാണ ചട്ടങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ട് എല്ലാ നിർമിതികൾക്കും അനുമതി കിട്ടുന്ന തരത്തിൽ ചട്ട ഭേദഗതി ഉണ്ടാവുകയാണ് വേണ്ടത്.
ഗവൺമെന്റിനു ബോധ്യപ്പെടുന്ന പക്ഷം നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി അനുമതി നൽകുമെന്നാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഭേദഗതിയിൽ പറഞ്ഞിട്ടുള്ളത്.
പട്ടയം തടസപ്പെടാം
അഞ്ചുപതിറ്റാണ്ട്മുന്പേ പട്ടയം ലഭിക്കാൻ അർഹതയുള്ള ഒന്നരലക്ഷം കുടിയേറ്റ കർഷകരാണ് സർക്കാർ അനാസ്ഥ മൂലം ഭൂമിക്ക് പട്ടയം ലിക്കാതെ ഇപ്പോഴും കാത്തിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുമ്പോൾ അർഹതപ്പെട്ട അത്തരം കർഷകർക്കു നിലവിലുള്ള നിയമത്തിൽ പറയുന്ന ആനുകൂല്യം പോലും നിഷേധിക്കപ്പെടാമെന്ന ആശങ്കയുമുണ്ട്.
ഭൂമി കൈയേറ്റം നിയന്ത്രിക്കുന്നതിനും നടപടികൾ എടുക്കുന്നതിനും കേരളത്തിൽ നിലവിൽ ഭൂസംരക്ഷണ നിയമവും ചട്ടവും ഉണ്ട്. എന്നാൽ ഈ നിയമവും ചട്ടവും ഉപയോഗിച്ച് കൈയേറ്റക്കാരെ ഒഴിപ്പിക്കാനും ഭൂമി പിടിച്ചെടുക്കാനും സർക്കാർ ഇതേവരെ ശ്രമിച്ചിട്ടില്ലെന്നും കർഷകസമിതി ചൂണ്ടിക്കാട്ടി.