ബിനാമി ഇടപാടിൽ അന്വേഷണം തുടങ്ങാനാകാതെ ക്രൈംബ്രാഞ്ച്
1337283
Thursday, September 21, 2023 11:54 PM IST
പത്തനംതിട്ട: നൂറു കോടി രൂപയുടെ ക്രമക്കേട് ആരോപണം ഉയർന്ന മൈലപ്ര സഹകരണ ബാങ്കിലെ ബിനാമി ഇടപാടുകളെ സംബന്ധിച്ച അന്വേഷണം തുടങ്ങാനാകാതെ ക്രൈംബ്രാഞ്ച് സംഘം.
പത്തനംതിട്ട പോലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറാൻ തീരുമാനിച്ചെങ്കിലും ഇതിന്റെ ഫയൽ ഇതേവരെ എത്തിച്ചിട്ടില്ലെന്നു പറയുന്നു. ഈ കേസിൽ പ്രതിയായ മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ പത്തനംതിട്ട പോലീസ് കോടതിയെ സമീപിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല.
കേസ് കഴിഞ്ഞദിവസം കോടതി പരിഗണിച്ചെങ്കിലും അറസ്റ്റിന് പോലീസ് താത്പര്യം കാട്ടിയില്ല.
നിലവിൽ മൈഫുഡ് റോളർ ഫാക്ടറിയിലേക്കു ഗോതന്പ് വാങ്ങിയതുമായി ബന്ധപ്പെട്ട 3.94 കോടി രൂപയുടെ ക്രമക്കേടാണ് ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ സംഘത്തിന്റെ മുന്പിലുള്ളത്.
ഈ കേസിൽ ഒന്നാം പ്രതിയാണ് ബാങ്കിന്റെ മുൻസെക്രട്ടറിയും ഫാക്ടറിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന ജോഷ്വാ മാത്യു. ബാങ്കിന്റെ സഹോദര സ്ഥാപനമെന്ന നിലയിൽ പ്രവർത്തിച്ചുവന്ന ഫാക്ടറിയിലേക്ക് ബാങ്കിലെ പണം വകമാറ്റി ചെലവഴിച്ചതായി സഹകരണ വകുപ്പ് അന്വേഷണത്തിൽ നേരത്തേ കണ്ടെത്തിയിരുന്നു. സഹകരണ ജോയിന്റ് രജിസ്ട്രാറുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച്അന്വേഷണം ഏറ്റെടുത്തത്.
സഹകരണസംഘം ജോയിന്റെ രജിസ്ട്രാറുടെ മറ്റൊരു പരാതിയിൽ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടിൽ 86.12 കോടി രൂപയുടെ മറ്റൊരു കേസ് പത്തനംതിട്ട ഡിവൈഎസ്പി അന്വേഷിച്ച് എഫ്ഐആറിട്ടിരിക്കുകയാണ്. 89 ബിനാമി ഇടപാടുകളിലൂടെയുള്ള ക്രമക്കേടാണിത്.
ബാങ്ക് മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മനെക്കൂടി ഈ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ജെറി ഈശോ ഉമ്മൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതിനു പിന്നാലെ ഭരണം ഏറ്റെടുത്ത സഹകരണ വകുപ്പുദ്യോഗസ്ഥരുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നടത്തിയ പരിശോധനയിൽ ക്രമക്കേടുകളുടെ ആഴം കുറെക്കൂടി വെളിപ്പെട്ടിട്ടുണ്ട്.
ഇതുസംബന്ധിച്ച റിപ്പോർട്ടുകളും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള മാർഗങ്ങളും ഉൾപ്പെടെ വിശദമായ റിപ്പോർട്ട് തയാറാക്കി വരികയാണ്.