മണ്ണു പരിശോധനയിൽ ആശങ്ക
1337044
Wednesday, September 20, 2023 11:29 PM IST
കോഴഞ്ചേരി: ചെങ്ങന്നൂര്‍-പമ്പ റെയില്‍ പാതയുടെ നിർമാണവുമായി ബന്ധപ്പെട്ടു നടന്നുവരുന്ന മണ്ണു പരിശോധനയിൽ ജനങ്ങൾക്കുള്ള ആശങ്ക ദുരീകരിക്കണമെന്നാവശ്യം. പന്പാ തീരത്തുകൂടിയെന്നു പ്രഖ്യാപിച്ച പാതയ്ക്കുവേണ്ടിയുള്ള മണ്ണു പരിശോധന ജനവാസ മേഖലകളിലും പ്രധാന പാതകളോടു ചേർന്നുമാണ് നടത്തുന്നത്.
കോഴഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മണ്ണു പരിശോധന നടത്തുകയുണ്ടായി. കോഴഞ്ചേരി ഈസ്റ്റിലെ ജനവാസമേഖലയിലൂടെ പാത നിർമിച്ചാല്‍ ഗുരുതരമായ പാരിസ്ഥിതിക, സാമൂഹികാഘാതം ഉണ്ടാകുകയും നൂറുകണക്കിനു ഭവനങ്ങളെ ഇതു ബാധിക്കുകയും ചെയ്യുമെന്നു കോഴഞ്ചേരി ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
ജനവാസ മേഖലയെ ബാധിക്കുമെങ്കിൽ പദ്ധതി പുനഃപരിശോധനയ്ക്കു വിധേയമാക്കണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു. പ്രസിഡന്റ് ബാബു വടക്കേല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുനിത ഫിലിപ്പ്, ഷാജി പുളിമൂട്ടിൽ, സെക്രട്ടറി സിറിള്‍ സി. മാത്യു, സോമരാജന് നായർ, കുര്യന് മടയ്ക്കല്‍, തോമസ് വർഗീസ്, കെ.കെ. സുമൻ, ജി. അനില്‍കുമാര്‍, കെ.എം. മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി, റെയില്‍വേ മന്ത്രി, സഹമന്ത്രി, ചീഫ് എൻജിനിയർ, മുഖ്യമന്ത്രി, എംപി, എംഎല്‍എ, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്കി.