അമൽജ്യോതി കോളജിനെതിരായ ആക്രമണം: അതിരൂപത പാസ്റ്ററൽ കൗൺസിൽ അപലപിച്ചു
1301714
Sunday, June 11, 2023 2:56 AM IST
തിരുവല്ല: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ വിദ്യാർഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കോളജിനെതിരെ നടന്ന അക്രമസമരങ്ങളെ തിരുവല്ല അതിരൂപത പാസ്റ്ററൽ കൗൺസിൽ ശക്തമായി അപലപിച്ചു. ക്രൈസ്തവ സഭകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റും എതിരായി സംഘടിത നീക്കങ്ങൾ നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
സഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും സഭാമക്കളുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ്. ഇത്തരം സ്ഥാപനങ്ങളെ തകർക്കാൻ ഒരു ക്ഷുദ്രശക്തിയെയും നിക്ഷിപ്ത താത്പര്യക്കാരെയും അനുവദിക്കാനാവില്ല. കാഞ്ഞിരപ്പള്ളി രൂപതയോടും അമൽജ്യോതി കോളജിനോടുമുള്ള ഐക്യവും സഹകരണവും അതിരൂപത വാഗ്ദാനം ചെയ്യുന്നതായും ആർച്ച്ബിഷപ് പറഞ്ഞു.
പൊതുസമൂഹം പൊതുവായും ക്രൈസ്തവ സമൂഹം പ്രത്യേകിച്ചും നേരിടുന്ന മലയോര മേഖലയിലെ ജനവാസ മേഖലയിൽ ജനങ്ങൾ നേരിടുന്ന വന്യജീവി ആക്രമണ ഭീഷണി, മണിപ്പുരിലെ ക്രൈസ്തവർ നേരിടുന്ന യാതനകളും ആക്രമണ ഭീഷണിയും സംഘടിതമായി ക്രൈസ്തവ സ്ഥാപനങ്ങൾക്കു നേരെ നടക്കുന്ന ആക്രമണവും ഭീഷണിയും എന്നീ വിഷയങ്ങളിൽ തിരുവല്ല അതിരൂപത പാസ്റ്ററൽ കൗൺസിലിന്റെ ആകുലതയും പ്രതിഷേധവും പ്രമേയമായി സെക്രട്ടറി ഡോ. വർഗീസ് കെ. ചെറിയാൻ അവതരിപ്പിച്ചു.