മഴയെത്തി; കുരുന്പൻമൂഴിക്ക് ആധി
1301712
Sunday, June 11, 2023 2:56 AM IST
കുരുന്പൻമൂഴി (റാന്നി): മഴ ശക്തമാകുന്നതോടെ കുരുന്പൻമൂഴിക്കാരുടെ മനസിൽ ആധി. പന്പാനദിയിൽ ഒറ്റപ്പെട്ടു പോകുന്ന പെരുനാട് പഞ്ചായത്ത് അതിർത്തിയിലെ ഈ ആദിവാസ ഗ്രാമത്തിനു പിന്നീട് പുറംലോകവുമായി ബന്ധമുണ്ടാകില്ല. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഉരുൾപൊട്ടലിൽ ഈ ഗ്രാമം ആകെ തകർന്നതാണ്. ഓരോ വർഷവും കുരുന്പൻമൂഴിയുടെ ജീവിതദുരിതം അറിയാനെത്തുന്നവർ വാഗ്ദാനങ്ങൾ നൽകി മടങ്ങും.
കഴിഞ്ഞ തവണ എത്തിയ മന്ത്രി കെ. രാധാകൃഷ്ണൻ നൽകിയ ഉറപ്പ് പ്രാവർത്തികമാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പ്രദേശവാസികൾ. നിലവിലെ കോസ്വേ മഴ പെയ്താൽ മുങ്ങുന്ന സാഹചര്യത്തിൽ ഇരുന്പുപാലം നിർമിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുന്നതിലേക്കാവശ്യമായ അനുമതി ലഭിച്ചിട്ടുണ്ടെന്നതു മാത്രമാണ് ഏക ആശ്വാസം. പക്ഷേ ഈ പ്രഖ്യാപനം എന്നു നടപ്പാകുമെന്ന കാര്യത്തിൽ ആശങ്കയും ഉണ്ട്. എന്തായാലും ഈ മഴക്കാലം പതിവുപോലെ ആശങ്കയുടേതു തന്നെയായിരിക്കും.
കോസ്വേ മുങ്ങും
നല്ല ഒരു മഴ പെയ്തു കഴിഞ്ഞാൽ കോസ്വേ മുങ്ങും. പിന്നീടുള്ള ഏക വഴി വനത്തിലൂടെ. അധികദൂരം സഞ്ചരിച്ചു വേണം ഇവിടെയെത്താൻ. അടിയന്തരഘട്ടങ്ങളിൽ മാത്രമേ ഇത് ഉപയോഗപ്പെടുത്താനാകൂ.
പെരുന്തേനരുവി സംഭരണി വന്നതിനു പിന്നാലെയാണ് കോസ് വേയിൽ വേഗത്തിൽ വെള്ളം കയറിത്തുടങ്ങിയത്. സംഭരണിയിൽ അടിഞ്ഞ മണൽ നീക്കം ചെയ്തു നദിക്ക് ആഴം വർധിപ്പിച്ചിട്ടുള്ളതിനാൽ ഇത്തവണ അല്പംകൂടി വെള്ളം അവിടെ ഉൾക്കൊള്ളുമെന്ന പ്രതീക്ഷയാണുള്ളത്.
എന്നാൽ, കോസ്വേയ്ക്കു സമീപം നദിയിലെ മണൽ നീക്കിയിട്ടില്ല. ഇവിടെ അടിഞ്ഞുകൂടിയ മണൽ നീക്കി നദിക്ക് ആഴം കൂട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. അടിഞ്ഞുകൂടിയ തടി അടക്കം ഒഴുക്കിനു തടസമായി കിടക്കുകയാണ്. കോസ്വേയുടെ കൈവരികൾ തകർന്നിട്ടും വർഷങ്ങളായി. വെള്ളം ഉയർന്നു നിൽക്കുന്ന ഘട്ടത്തിൽ കൈവരിയില്ലാത്ത കോസ്വേയിലൂടെയുള്ള യാത്ര കൂടുതൽ അപകടം നിറഞ്ഞതാകും.
മഴക്കാലമായാൽ കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമാണ്. മറുകര എത്തിയെങ്കിൽ മാത്രമേ കുട്ടികൾക്കു ചാത്തൻതറ, വെച്ചൂച്ചിറ മേഖലകളിലെ സ്കൂളുകളിലേക്കു പോകാനാകൂ. ആശുപത്രിയിൽ പോകുന്നതടക്കം അടിയന്തര ആവശ്യങ്ങളും പ്രതിസന്ധിയിലാകും.കൃഷിയെയും കാലിവളർത്തലിനെയും ആശ്രയിച്ചുകഴിയുന്നവരുടെ ജീവനോപാധികളും എല്ലാ മഴക്കാലവും നഷ്ടമാക്കുന്നതും പതിവാണ്.
അപകടസാധ്യത; മാറ്റിപ്പാർപ്പിച്ചവർക്കു സഹായമില്ല
2021 ഒക്ടോബർ 23ന് കുരുന്പൻമൂഴിയിൽ ഉണ്ടായ ഉരുൾപൊട്ടലിനുശേഷം പ്രദേശത്തുനിന്ന് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. അപകട സാധ്യത കണക്കിലെടുത്താണ് ഇവരെ മാറ്റിയത്. ഇവരെ പലസ്ഥലങ്ങളിലായാണ് മാറ്റിയിരിക്കുന്നത്.
ഒരു വീട്ടിൽ രണ്ട് കുടുംബങ്ങളുണ്ട്. ആദ്യകാലങ്ങളിൽ സർക്കാർ സഹായവും വാടകയും ഒക്കെ നൽകിയിരുന്നു. പിന്നീട് അതുനിന്നു. വാടക നല്കാൻ നിർവാഹമില്ലാത്ത സ്ഥിതിയിലാണ് താമസക്കാർ.
ആദിവാസി ഊരിനുള്ളിൽ അല്ലാത്തതിനാൽ വൈദ്യ സഹായങ്ങളും ലഭിക്കുന്നില്ല. ഓട്ടിസം ബാധിതയായ കുട്ടി അടക്കം ഈ കുടുംബത്തിലുണ്ട്. എട്ട് മുതിർന്നവരും മൂന്നു കുട്ടികളുമടങ്ങുന്ന രണ്ടു കുടുംബത്തെയാണ് ഒരു വീട്ടിൽ പാർപ്പിച്ചിരിക്കുന്നത്.