മത്തായിയുടെ കുടുംബത്തിന്റെ വീടിനു ശിലാസ്ഥാപനം നടത്തി
1301709
Sunday, June 11, 2023 2:56 AM IST
പത്തനംതിട്ട: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച യുവകർഷകൻ പി.പി. മത്തായിയുടെ (പൊന്നു) കുടുംബത്തിന് സെന്റർ ട്രാവൻകൂർ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നിർമിക്കുന്ന ഭവനത്തിന്റെ തറക്കല്ലിടീൽ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
ബസലേൽ റമ്പാൻ അധ്യക്ഷത വഹിച്ചു. മത്തായിയുടെ കുടുംബത്തിന് നീതി കിട്ടുന്നതിൽ കാലതാമസം ഉണ്ടാകുന്നതായും കുടുംബത്തിന് വീട് വേഗത്തിൽ പൂർത്തീകരിക്കാൻ എല്ലാവരുടെയും സഹായം ആവശ്യമാണെന്നും മെത്രപ്പോലീത്ത പറഞ്ഞു. ഭവനനിർമാണത്തിനുള്ള ആദ്യ തുക മെത്രാപ്പോലീത്തയിൽ നിന്ന് മത്തായിയുടെ ഭാര്യ ഷീബാ മത്തായി, മക്കൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ഫാ. ടൈറ്റസ് ജോർജ്, റവ. വി.എസ്. സ്കറിയ, ഫാ. എബി വർഗീസ്, സെൻട്രൽ ട്രാവൻകൂർ ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ വിക്ടർ ടി. തോമസ്, പ്രഫ. ജി. ജോൺ, മണിയാർ രാധാകൃഷ്ണൻ, അനിൽ കിഴക്കുപുറം തുടങ്ങിയവർ പങ്കെടുത്തു.