വീണ്ടും തെരുവുനായ ഭീതി
1301706
Sunday, June 11, 2023 2:56 AM IST
പത്തനംതിട്ട: ചെറിയ ഇടവേളയ്ക്കു ശേഷം തെരുവുനായ്ക്കൾ വീണ്ടും ശല്യക്കാരായി മാറി. കഴിഞ്ഞ ദിവസം റാന്നി, പെരുനാട് മേഖലകളിലായി 19 പേർക്കാണ് നായയുടെ കടിയേറ്റത്. ഇതിൽ പെരുനാട്ടിൽ ആളുകളെ ആക്രമിച്ച നായയ്ക്കു പേവിഷ ബാധ സ്ഥിരീകരിച്ചു.പെരുനാട്ടിൽ രാവിലെയും റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ, ചെത്തോങ്കര മേഖലകളിൽ രാത്രിയിലുമാണ് ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേർക്കു കോട്ടയം മെഡിക്കൽ കോളജിലും മറ്റുള്ളവർക്കു പത്തനംതിട്ട ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും ചികിത്സ നൽകി. കാൽനടക്കാരെയും വീട്ടുമുറ്റത്തു നിന്നവരെയുമൊക്കെ നായ ആക്രമിക്കുകയായിരുന്നു.
പദ്ധതികൾ നിലച്ചു
തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനായി തയാറാക്കിയ പദ്ധതികൾ നിലച്ചു. എബിസി പ്രകാരം നായ്ക്കളെ വന്ധ്യംകരണത്തിനു വിധേയരാക്കാൻ തയാറാക്കിയ പദ്ധതി വെളിച്ചം കണ്ടിട്ടില്ല. എല്ലാ പഞ്ചായത്തുകളിലും തെരുവുനായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടറുകൾ പണിയുമെന്നതടക്കമുള്ള പ്രഖ്യാപനങ്ങളും പാഴ്വാക്കായി. നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനു വിധേയമാക്കുന്നതും പാതിവഴിയിൽ നിലച്ചു. ഇതോടെ തെരുവുനായ്ക്കൾ വീണ്ടും പെരുകി.
മഴക്കാലമായതോടെ ഭക്ഷണത്തിനു ക്ഷാമം നേരിട്ടു തുടങ്ങിയതോടെ ഇവ ആക്രമകാരികളായി മാറുകയുമാണ്.
എബിസി കേന്ദ്രം തുടങ്ങിയില്ല
പുളിക്കീഴ് കേന്ദ്രീകരിച്ചു ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനും അവയെ സംരക്ഷിക്കാനുമായി വിപുലമായ പദ്ധതി തയാറാക്കിയിട്ടു വർഷങ്ങളായി. എല്ലാ വർഷവും പദ്ധതികളിൽ ഇതു കയറിക്കൂടുമെങ്കിലും പണി തുടങ്ങാൻ പോലുമായിട്ടില്ല. കഴിഞ്ഞ വർഷം പദ്ധതി പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, പണി തുടങ്ങാൻ പോലുമായിട്ടില്ല. പദ്ധതിക്കായി പണം നീക്കിവയ്ക്കുമെന്നല്ലാതെ തുടർ നടപടി മുന്പോട്ടു പോകുന്നില്ല. ഇതോടെ ജില്ലയിൽ തെരുവുനായ വന്ധ്യംകരണ പദ്ധതിയും നിലച്ചു.
ആന്റിറാബീസ് ഇമ്യൂണോ ഗ്ലോബുലിന് ക്ഷാമം
തെരുവുനായ്ക്കളുടെ ആക്രമണത്തിനു വിധേയരാകുന്നവരിൽ ഏറെപ്പേർക്കും മുഖത്തും കണ്ണിനുമൊക്കെ കടിയേൽക്കുന്നുണ്ട്. ഇത്തരത്തിൽ മാരകമായി മുറിവേൽക്കുന്നവരെ ചികിത്സിക്കാൻ ജില്ലയിൽ സംവിധാനങ്ങളില്ല. പേവിഷബാധയ്ക്കെതിരേയുള്ള വാക്സിനേഷൻ എല്ലാവർക്കും നൽകാറുണ്ട്. എന്നാൽ പേവിഷ ബാധയ്ക്കെതിരേയുള്ള ഐഡിആർവി വാക്സിനൊപ്പം നൽകുന്ന ആന്റി റേബീസ് ഇമ്യൂണോ ഗ്ലോബുലിൻ ആന്റിബോഡി മരുന്ന് എല്ലായിടത്തുമില്ല. ജില്ലയിലെ ഏഴ് ആശുപത്രികളിലാണ് മരുന്ന് നേരത്തെയുണ്ടായിരുന്നത്. ഇതിപ്പോൾ രണ്ടുടത്തു മാത്രമായി.
കൂടുതൽ പേർക്ക് ഒന്നിച്ചു കടിയേൽക്കുന്ന സാഹചര്യമുണ്ടായാൽ ആവശ്യാനുസരണം മരുന്ന് സ്റ്റോക്കുണ്ടാകാറില്ല. പത്തനംതിട്ട ജനറൽ ആശുപത്രി, കോന്നി മെഡിക്കൽ കോളജിലും മാത്രമേ മരുന്ന് ആവശ്യാനുസരണം സ്റ്റോക്കുണ്ടാകുകയുള്ളൂ. എന്നാൽ മാരകമായി മുറിവേൽക്കുന്നവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത് തടിയൂരുകയാണ് അധികൃതർ ചെയ്യുന്നത്. ഏറെനാളായി നായ്ക്കളുടെ കടിയേറ്റാണ് ഒറ്റതിരിഞ്ഞാണ് ആളുകൾ എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂട്ടമായി ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം കൂടിയതോടെ ആന്റി ബോഡി മരുന്നിന്റെ ലഭ്യത കൂടി ഉറപ്പാക്കേണ്ടിവരും.
നോവായ് അഭിരാമി...
റാന്നി പെരുനാട്ടിൽ വീണ്ടും തെരുവുനായ വിളയാടിയപ്പോൾ ഓർമയിലെത്തിയത് അഭിരാമിയുടെ മുഖമാണ്. 2022 സെപ്റ്റംബറിൽ തെരുവുനായയുടെ കടിയേറ്റ് മരിച്ച പെരുനാട് സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അഭിരാമി. വീട്ടിൽനിന്നു പാലു വാങ്ങാനായി രാവിലെ വരുന്പോൾ നായ ആക്രമിക്കുകയായിരുന്നു.
പെരുനാട് സിഎച്ച്സിയിൽ കുത്തിവയ്പ് ലഭിക്കാതെ വന്നതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് കോട്ടയം മെഡിക്കൽ കോളജിൽ കൊണ്ടുപോയെങ്കിലും അഭിരാമി മരിച്ചു. അഭിരാമിയുടെ മരണത്തോടെയാണ് തെരുവുനായ നിയന്ത്രണ പദ്ധതികൾ സജീവമായത്. എന്നാൽ, ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതെല്ലാം നിലച്ചു.