നിയന്ത്രണംവിട്ട കാർ ഓടയിലേക്കു വീണു
1301705
Sunday, June 11, 2023 2:42 AM IST
അടൂർ: മൂടിയില്ലാത്ത ഓടയിലേക്ക് കാർ വീണു. കഴിഞ്ഞ ദിവസം വൺവേ റോഡിലൂടെ എത്തിയ കാർ നായ കുറുകെച്ചാടിയതിനെത്തുടർന്ന് റോഡിൽ നിന്നു മറിയുകയായിരുന്നു. അപകടത്തിനിടെ വൈദ്യുതി തൂണ് ഒടിഞ്ഞ് കാറിനു മുകളിലേക്കും പതിച്ചു. കാറിനുള്ളിലുണ്ടായിരുന്നവർ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടയ്ക്ക് മൂടിയില്ലാത്തതു കാരണം നഗരത്തിലെ വൺവേ റോഡിൽ അപകടം പതിവായിരിക്കുകയാണ്.
വൺവേ റോഡാരംഭിക്കുന്ന പെട്രോൾ പമ്പ് മുതൽ നഗരസഭാ കാര്യാലയത്തിന് മുൻവശം വരെയുള്ള റോഡിന്റെ ഇടതുവശത്ത് ഓടയ്ക്ക് മുകളിൽ സ്ലാബ് ഇട്ടിട്ടില്ല. ഓടയ്ക്ക് ഈ ഭാഗത്തു വൻ താഴ്ചയും കാട് മൂടിക്കിടക്കുകയുമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പരാതികൾ പ്രദേശവാസികൾ നല്കിയിട്ടും പിഡബ്ല്യുഡി അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.