ക്ഷീരോത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കും: മന്ത്രി
1301704
Sunday, June 11, 2023 2:42 AM IST
അടൂർ: ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പുതുശേരിഭാഗം ക്ഷീരോത്പാദക സഹകരണസംഘം ക്ഷീരസംഘം പുതിയതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ക്ഷീര കര്‍ഷകയായ ലാലി പി. മാത്യുവിന് ഒരു പശുവിനെ വാങ്ങുന്നതിനുള്ള ധനസഹായവും കെട്ടിടത്തിന് ഒരു ലക്ഷം രൂപയും, കന്നുകുട്ടി ദത്തെടുക്കൽ പദ്ധതി, റിവോള്‍വിംഗ് ഫണ്ട് മൂന്ന് ലക്ഷം രൂപയും ക്ഷീരസംഘം ജീവനക്കാരുടെ ക്ഷേമനിധിക്കായി 74,100 രൂപയും മില്‍മ മേഖല യൂണിയന് ധനസഹായം അനുവദിച്ചതായി ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ് ടി.ഡി. സജി പറഞ്ഞു.
ചടങ്ങില്‍ ഏഴാംക്ലാസ് വിദ്യാർഥിയായ അക്ഷയയുടെ ചെങ്ങലം പുരണ്ട വീട്ടിലെ കൂട്ടുകാരന് എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ റോഷന് ജേക്കബ്, മറിയാമ്മ തരകന്, ഉഷാ ഉദയന്‍, അനില്‍ പൂതക്കുഴി, ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.