കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നതിൽ വീഴ്ച: മിഥിലേഷ് കുമാർ കത്താരിയ എംപി
1301703
Sunday, June 11, 2023 2:42 AM IST
പത്തനംതിട്ട: കേന്ദ്രം അനുവദിച്ച വന്‍കിട പദ്ധതികൾ നടപ്പിലാക്കാതെ അനുവദിച്ച ഫണ്ട് സംസ്ഥാന സർക്കാർ നഷ്ടപ്പെടുത്തുകയാണെന്നു രാജ്യസഭ എംപി മിഥിലേഷ് കുമാർ കത്താരിയ പത്രസമ്മേളനത്തിൽ ആരോപിച്ചു. ജില്ലയുടെ മുഖഛായ മാറ്റുന്ന ശബരി റെയില്‍ പദ്ധതിയടക്കം നഷ്ടമാകുന്ന സാഹചര്യമാണ്.
റെയില്‍ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച പദ്ധതികള്‍ക്കും സംസ്ഥാനത്തിന്റെ പിന്തുണ ലഭിച്ചില്ല. പ്രഖ്യാപിച്ച് വര്‍ഷങ്ങളായ ശബരി റെയില്‍പ്പാതയും സംസ്ഥാനത്തിന്റെ അലംഭാവം കാരണം എങ്ങുമെത്തിയില്ല. പദ്ധതിച്ചെലവിന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നിരിക്കേ സ്ഥലം ഏറ്റെടുപ്പ് അടക്കമുള്ള സംസ്ഥാനത്തിന്റെ ചുമതലകളില്‍ തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്ന് ബിജെപി നേതാവ് കൂടിയായ മിഥിലേഷ് കുമാർ കത്താരിയ ആരോപിച്ചു.
ജനങ്ങള്‍ക്ക് ശുദ്ധജലം വീടുകളില്‍ എത്തിക്കുന്നതിന് മോദിസര്‍ക്കാര്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്ന ജലജീവന്‍ പദ്ധതി അട്ടിമറിക്കപ്പെട്ടു.
കഴിഞ്ഞ മാസം ലഭ്യമായ കണക്കുകള്‍ പ്രകാരം 35 ശതമാനം ഗാര്‍ഹിക കണക്ഷനുകള്‍ മാത്രമാണ് ജില്ലയിൽ നൽകിയിരിക്കുന്നത്. പദ്ധതിയെ രാഷ്ട്രീ യവത്കരിച്ച് നേട്ടമുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രദീപ് അയിരൂർ, കെ. ബിനുമോൻ, ജില്ലാ സെക്രട്ടറി റോയ് മാത്യു, പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ, ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു, യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ ശിവ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് മാത്യു എന്നിവരും ഒപ്പമുണ്ടായിരുന്നു.