സൺഡേസ്കൂൾ അധ്യാപക സംഗമം
1301700
Sunday, June 11, 2023 2:42 AM IST
പത്തനംതിട്ട: ദേവാലയങ്ങളിൽ പുതിയ തലമുറയ്ക്ക് ദിശാബോധം നല്കുന്നതിൽ മതാധ്യാപകരുടെ പങ്ക് വലുതെന്ന് ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത. പത്തനംതിട്ട രൂപതയിലെ സൺഡേസ്കൂൾ അധ്യാപകരുടെ സംഗമം "മിസ്പ-2023' കത്തീഡ്രൽ ദേവാലയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അപരന്റെ ദു:ഖത്തിൽ പങ്കുചേരാനും സമൂഹത്തിൽ നന്മയുടെ വക്താക്കളാകാനും അധ്യാപകർ മാർഗനിർദേശം നല്കണം. രൂപതയിലെ ഭവനങ്ങളിൽ ആരംഭിക്കുന്ന പ്രത്യേക "വിശ്വാസപരിശീലന മണിക്കൂർ'പദ്ധതിയുടെ ഉദ്ഘാടനവും മെത്രാപ്പോലീത്ത നിർവഹിച്ചു. വാർഷിക പരീക്ഷ റാങ്ക് ജേതാക്കളെ ചടങ്ങിൽ ആദരിച്ചു. രൂപത ഡയറക്ടർ ഫാ. റോബിൻ മനക്കലേത്ത് അധ്യക്ഷത വഹിച്ചു. ബത്തേരി ഡോൺ ബോസ്കോ കോളജിലെ ഫാ. ജെൻസൻ വാരിയത്ത് ക്ലാസ് നയിച്ചു. ഫാ. ജോബ് പതാലിൽ, ഫാ. ഫിലിപ്പോസ് ചരിവുപുരയിടത്തിൽ, ഫാ. മനു വർഗീസ്, സിസ്റ്റർ ലെസ്ലിൻ എസ്ഐസി, ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിച്ചു.