വയോധികനായ പിതാവിന് ക്രൂരമർദനം; മകൻ അറസ്റ്റിൽ
1301107
Thursday, June 8, 2023 11:01 PM IST
മല്ലപ്പള്ളി: തനിക്കെതിരേ പോലീസിൽ പരാതി നൽകിയ കാരണത്താൽ പിതാവിനെ ക്രൂരമായി മർദിച്ച മകൻ പോലീസ് പിടിയിൽ. ആനിക്കാട് മല്ലപ്പള്ളി പടിഞ്ഞാറ് മാരിക്കൽ നമ്പൂരയ്ക്കൽ വീട്ടിൽ വർഗീസിന്റെ മകൻ ലെജു വർഗീസിനെ(കൊച്ചാപ്പി - 47)യാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്.
മുമ്പ് മൂന്നു കേസുകളിൽ പ്രതിയായ ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മേയ് 31ന് രാവിലെ ഒന്പതിനാണ് പിതാവ് വർഗീസി(75)നെ ഇയാൾ വീട്ടുമുറ്റത്തു വച്ച് വടികൊണ്ട് തലങ്ങും വിലങ്ങും മർദിച്ച് പരിക്കേൽപിച്ചത്. മുറ്റത്തു നിന്ന വർഗീസിന്റെ പിന്നിലൂടെയെത്തി വടികൊണ്ട് കഴുത്തിനു പിന്നിൽ അടിക്കുകയായിരുന്നു. പിന്തിരിഞ്ഞു നോക്കിയപ്പോൾ വടികൊണ്ട് മുഖത്തടിച്ചു. അടിയിൽ മേൽച്ചുണ്ട് മുറിയുകയും, മുൻവശത്തെ പല്ല് ഇളകുകയും ചെയ്തു. താഴെവീണ വർഗീസിന്റെ കൈകാലുകളിൽ ശക്തിയായി അടിച്ചു പരിക്കേൽപിച്ചു. ഇടതുകൈക്കുഴയുടെ അസ്ഥിക്കും വലതുകാലിലെ തള്ളവിരലിന്റെ അസ്ഥിക്കും പൊട്ടലേറ്റു.
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനേത്തുടർന്ന് മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കുകയായിരുന്നു. കീഴ്വായ്പൂര് പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലെജുവിനെ അറസ്റ്റു ചെയ്തത്.