കൊടുമണ്ജി കരുത്തുറ്റ കര്‍ഷകനേതാവ്
1301099
Thursday, June 8, 2023 11:01 PM IST
പത്തനംതിട്ട: കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലൂടെ ശ്രദ്ധേയനായിരുന്നു കൊടുമണ്‍ ജി. ഗോപിനാഥന് നായര്‍. കര്‍ഷകര്‍ക്കു വേണ്ടിയും തൊഴിലാളികള്‍ക്കുവേണ്ടിയും പതിറ്റാണ്ടുകള്‍ നീണ്ട നിസ്വാര്‍ഥമായ പോരാട്ടത്തിനുശേഷമാണ് അദ്ദേഹം ഇന്നലെ വിടവാങ്ങിയത്.
1972 -77ല്‍ പ്ലാന്റേഷന് കോര്പറേഷന് ചെയര്‍മാനായിരുന്ന അദ്ദേഹം റബര്‍ ബോര്‍ഡിലും സ്പൈസസ് ബോര്‍ഡിലും ഡയറക്ടറായി പ്രവര്‍ത്തിച്ചു. 1984ല്‍ കര്‍ഷക കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി. കര്‍ഷക കോണ്‍ഗ്രസ് നേതൃരംഗത്ത് ദീര്‍ഘകാലം അദ്ദേഹത്തിനു പകരം വയ്ക്കാന്‍ മറ്റൊരാളില്ലെന്നായി. നായനാര്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ കാര്‍ഷിക നയങ്ങള്‍ക്കെതിരേ ശക്തമായ പോരാട്ടം നടത്തിക്കൊണ്ടായിരുന്നു തുടക്കം.
കേരളത്തിലെ കര്‍ഷകരെ അവരുടെ വിളകളുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കണമെന്ന ആശയം കര്‍ഷ കോണ്‍ഗ്രസ് ആവിഷ്കരിച്ച് നെല്ല്, തെങ്ങ്, റബര്‍, സുഗന്ധവിളകള്‍, കാപ്പി, കുരുമുളക് എന്നിവയ്ക്കെല്ലാം ഓരോരുത്തരെ ചുമതല ഏല്പിച്ചു. കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും റബര്‍ ഉത്പാദക സംഘങ്ങള്‍ രൂപീകരിച്ചതും ഇക്കാലയളവിലാണ്. ഇതിന്റെ തുടര്‍ച്ചയായി കൊടുമണ്‍ ഗോപിനാഥന് നായര്‍ അധ്യക്ഷനായി നാഷണല്‍ ഫെഡറേഷന് ഓഫ് റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി രൂപീകരിച്ചു. കേരളത്തില്‍ 18 കമ്പനികള്‍ എന്എഫ്ആര്പിഎസുകളുടെ നേതൃത്വത്തില്‍ രൂപീകരിച്ചു.
പമ്പാ റബേഴ്സിലും അടൂര്‍ റബേഴ്സിലും ഗോപിനാഥന് നായര്‍ ആദ്യകാലം മുതല്‍ ഡയറക്ടറുമായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1994ല്‍ പുതിയ കാര്‍ഷികനയം രൂപീകരിച്ചപ്പോള്‍ വേണ്ട നിര്‍ദേശങ്ങളുമായി ഒപ്പം നിന്നവരില്‍ കൊടുമണ്‍ ഗോപിനാഥന് നായരും സുരേഷ് കോശിയും പത്തനംതിട്ടയില്‍ നിന്നുണ്ടായിരുന്നു. എല്ലാ പഞ്ചായത്തുകളിലും കൃഷി ഭവനുകളും പാടശേഖരസമിതിയും കേരസമിതിയുമൊക്കെ കര്‍ഷക കോണ്‍ഗ്രസിന്റെ നിര്‍ദേശങ്ങളുടെ ഫലമായിരുന്നുവെന്നു കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സുരേഷ് കോശി പറഞ്ഞു.
മലയോര കര്‍ഷകര്‍ക്ക് കൈവശഭൂമിയും പട്ടയഭൂമിയും തിരിക്കുന്നതിലേക്ക് മന്ത്രിയായിരുന്ന പി.പി. ജോര്‍ജിനെ സ്ഥലത്തെത്തിച്ച് നടപടികള്‍ നടത്തിയത് ഗോപിനാഥന് നായരാണ്. പ്ലാന്റേഷന് കോര്പറേഷന് ചെയര്‍മാനെന്ന നിലയിലും കര്‍ഷക കോണ്‍ഗ്രസ് നേതാവെന്ന നിലയിലും കൊടുമണ്‍ ഗോപിനാഥന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട ജില്ലയുടെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ചതായി ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മാത്യു കുളത്തുങ്കല്‍ അനുസ്മരിച്ചു.
റബര്‍ തടിവെട്ടുന്നതിനുള്ള ചുമട്ടു കൂലി തൊഴിലാളി യൂണിയനുകള്‍ക്ക് യഥേഷ്ടം വാങ്ങാമെന്നതിന് ഒരു പരിഹാരമുണ്ടായതും അദ്ദേഹത്തിന്റെ ഇടപെടലിലൂടെയാണ്. ഐഎന്‍ടിയുസി പ്രഥമ ജില്ലാ പ്രസിഡന്റാണ്. സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെ. കരുണാകരനൊപ്പം ഉറച്ചു നിന്ന ഗോപിനാഥന് നായര്‍ 1980ല്‍ കോന്നി നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1995ലെ പ്രഥമ ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു. ഭാരതജ്യോതി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിലെ കര്‍ഷകരുടെ ശബ്ദമായി കോണ്‍ഗ്രസില്‍ നിലനിന്ന അദ്ദേഹം സജീവ പൊതുരംഗത്തുനിന്നു മാറുന്നതുവരെയും താനുയര്‍ത്തിപ്പിടിച്ച ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു.
കര്‍ഷകര്‍ക്കുവേണ്ടി നിലകൊണ്ട നേതാവ്: രമേശ് ചെന്നിത്തല
പത്തനംതിട്ട: സംസ്ഥാന കര്‍ഷക കോണ്‍ഗ്രസ് അധ്യക്ഷനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച കൊടുമണ്‍ ഗോപിനാഥന് നായര്‍ കാർഷിക ക്ഷേമത്തിനുവേണ്ടി നടത്തിയ പരിശ്രമങ്ങളും പോരാട്ടങ്ങളും ശ്രദ്ധേയമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്തരിച്ച കൊടുമണ്‍ ഗോപിനാഥന് നായര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാന്റേഷന് കോര്പറേഷന് ചെയര്‍മാനെന്ന നിലയിലും പ്രശംസനീയമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നടത്തിയ സേവനങ്ങള്‍ ഒരിക്കലും മറക്കാനാവില്ലെന്നും രമേശ് അനുസ്മരിച്ചു.
ഡിസിസി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജ്, നഹാസ് പത്തനംതിട്ട, അജികുമാര്‍ രണ്ടാംകുറ്റി എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതിപക്ഷ നേതാവും ഡിസിസിയും
അനുശോചിച്ചു
പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊടുമണ്‍ ജി. ഗോപിനാഥന് നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അനുശോചിച്ചു.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, പ്ലാന്റേഷന് കോര്പറേഷന് ചെയര്മാന് എന്നീ നിലകളില്‍ പ്രശംസനീയമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയതെന്നു സതീശന് അനുസ്മരിച്ചു.
പത്തനംതിട്ട: എഐസിസി അംഗം, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊടുമണ്‍ ജി. ഗോപിനാഥന് നായരുടെ നിര്യാണത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് അടിത്തറപാകി ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിര്‍ണായകമായിരുന്നതായി ഡിഡിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.