മത്തായിയുടെ കുടുംബത്തെ സർക്കാർ കൈവിട്ടു
1300593
Tuesday, June 6, 2023 10:48 PM IST
പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച ചിറ്റാറിലെ യുവ കർഷകൻ പി.പി. മത്തായിയുടെ (പൊന്നു - 43) കുടുംബത്തെ സർക്കാർ കൈവിട്ടു. 2020 ജൂലൈ 28നാണ് മത്തായി മരിച്ചത്. കസ്റ്റഡി മരണമെന്നു വിവിധ അന്വേഷണങ്ങളിൽ വ്യക്തമായിട്ടും കുടുംബത്തെ സഹായിക്കാൻ സർക്കാർ തയാറായിട്ടില്ല. ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും വയോധിക മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയുമാണ് മത്തായിയുടെ മരണത്തോടെ അനാഥമായത്.
രണ്ടു വർഷത്തിനിടെ നിവേദനങ്ങളുമായി മുഖ്യമന്ത്രിയടക്കമുള്ളവരെ സമീപിച്ചെങ്കിലും യാതൊരു സഹായവും തങ്ങൾക്കു ലഭിച്ചില്ലെന്നു മത്തായിയുടെ ഭാര്യ ഷീബ പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കു പ്രമോഷൻ നൽകി സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
കുറ്റപത്രം വൈകുന്നു
അന്വേഷണം നടത്തിയ സിബിഐയുടെ കുറ്റപത്രം ഇതേവരെ കോടതിയിൽ എത്തിയിട്ടില്ല.
പടിഞ്ഞാറെ ചരുവിൽ മത്തായിയെന്ന യുവ കർഷകനെ വനത്തിലെ കാമറ നശിപ്പിച്ചുവെന്ന ചുറ്റം ചുമത്തിയാണ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്നുള്ള ഉദ്യോഗസ്ഥർ 2020 ജൂലൈ 28നു വൈകുന്നേരം വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോകുന്നത്. കുടപ്പനയ്ക്കു സമീപമുള്ള വനത്തിൽ അതിക്രമിച്ചു കയറി കാമറ നശിപ്പിച്ചതിനു ചോദ്യംചെയ്യാനെന്ന പേരിലാണ് കസ്റ്റഡിയിലെടുത്തത്. വനിതാ ഗാർഡ് അടക്കം ഏഴംഗ ഉദ്യോഗസ്ഥ സംഘമാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്.
മൃതദേഹം കിണറ്റിൽ
മത്തായിയുടെ കുടപ്പനയിലെ കുടുംബവീടിനോടു ചേർന്ന കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വനപാലകർക്കൊപ്പം കിണറ്റിൻകരയിലെത്തിയ മത്തായി പിന്നീട് കിണറ്റിൽ വീഴുകയായിരുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്നതിനെ സംബന്ധിച്ച ദുരൂഹതയാണ് നീങ്ങാതെ പോയത്. മത്തായി കിണറ്റിലേക്കു ചാടിയെന്നു വനപാലകർ പറഞ്ഞെങ്കിലും പ്രഥമദൃഷ്ട്യ വിശ്വാസയോഗ്യമായിരുന്നില്ല. ആത്മഹത്യയെന്നു വരുത്തിതീർക്കാൻ ലോക്കൽ പോലീസ് ശ്രമിച്ചതോടെ മൃതദേഹം സംസ്കരിക്കാതെ 40 ദിവസം മോർച്ചറിയിൽ സൂക്ഷിച്ചു കുടുംബം സമരം ചെയ്തിരുന്നു. സമരത്തിനു ബഹുജനപിന്തുണ ഏറുകയും വിഷയം കോടതിയിൽ എത്തുകയും ചെയ്തതോടെ സിബിഐക്ക് അന്വേഷണം കൈമാറി. റീ പോസ്റ്റുമോർട്ടം അടക്കം നടത്തിയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.
കാണാതായ കാമറയുടെ മെമ്മറി കാർഡ് തേടിയാണ് കിണറിന്റെ കരയിലെത്തിയതെന്നു പറയുന്നു. ഇതു തെരയുന്നതിനിടെ മത്തായി അബദ്ധത്തിൽ കിണറ്റിൽ വീണതാകാമെന്ന നിഗമനവുമുണ്ടായി. എന്നാൽ, മത്തായിയെ അപായപ്പെടുത്തിയെന്ന ആരോപണം കുടുംബം ഉന്നയിച്ചു. കിണറ്റിൽ വീണ മത്തായിയെ രക്ഷപ്പെടുത്താൻ സ്ഥലത്തുണ്ടായിരുന്ന വനപാപലക സംഘം ശ്രമിക്കാതെ അവിടെനിന്നു രക്ഷപ്പെട്ടതും വിവാദമായി.
കസ്റ്റഡി അനധികൃതം
പി.പി. മത്തായിയെ വനപാലകർ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഒരു രേഖയും വനം സ്റ്റേഷൻ ഓഫീസിലുണ്ടായിരുന്നില്ല. എന്നാൽ, വനപാലകർ മത്തായിയെ വനത്തിനുള്ളിൽ കൊണ്ടുപോയ ചിത്രങ്ങൾ അവർതന്നെ പുറത്തുവിട്ടിരുന്നു. കിണറിനു സമീപംവരെ എത്തിയതിനും തെളിവുണ്ടായി. കസ്റ്റഡിയിലെടുത്ത ഒരാളുടെ ജീവൻ സംരക്ഷിക്കുന്നതിൽ വനപാലകർക്കു ഗുരതര വീഴ്ച ഉണ്ടായതായി സിബിഐ അന്വേഷണ സംഘം കണ്ടെത്തിയിരുന്നതായി പറയുന്നു. ഒരു വർഷത്തിനുശേഷം സിബിഐ സംഘം ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ, ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ സർക്കാർ താത്പര്യം കാട്ടിയില്ല. ഇവർക്കു പ്രമോഷൻ നൽകി സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുകയാണുണ്ടായത്.