സൃഷ്ടിയെ കരവലയത്തിലാക്കി സമഷ്ടിയില്‍ മാര്‍ ക്ലീമിസ്
1300114
Sunday, June 4, 2023 11:17 PM IST
ബിജു കുര്യന്
പത്തനംതിട്ട: സമഷ്ടി - ഇവിടെ പ്രകൃതിയും മനുഷ്യനും തുല്യരാണ്. വൃക്ഷലതാദികളും പക്ഷി മൃഗാദികളുമെല്ലാം പരസ്പരം പൂരിതമായി ഒരു സ്നേഹവലയത്തിലാകണം. സമഇഷ്ടത്തോടെ എല്ലാറ്റിനെയും കാണുക എന്ന സന്ദേശവുമായി കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത 2009ലാണ് പമ്പയുടെ തീരത്ത് മാരാമണ്ണിനു സമീപം ‘സമഷ്ടി' എന്ന ഒരു കേന്ദ്രം തുറക്കുന്നത്.
ആധുനികതയുടെ അതിപ്രസരം ഇന്ന് എല്ലാ മേഖലയെയും ഗ്രസിച്ചിരിക്കുകയാണ്. പ്രകൃതിക്കു പോലും ഇതില്‍ നിന്നു മോചനമില്ലെന്ന സ്ഥിതി. ആര്‍ഭാടങ്ങള്‍ കൂടുമ്പോള്‍ അതിന് കൂടുതല്‍ ഇരയാകുന്നതും പ്രകൃതിയാണ്. പ്രകൃതി നമ്മോട് ആവശ്യപ്പെടുന്നതു പലതുമുണ്ടാകും. ഇതില്‍ പ്രധാനം അതിനെ ചേര്‍ത്തു നിര്‍ത്തുകയെന്നതാണ്. ദൈവസൃഷ്ടി മുഴുവന്‍ ഒരു കരവലയത്തില്‍ നില്ക്കേണ്ടതാണെന്ന ബോധ്യമാണ് സമഷ്ടിയില്‍ നിര്‍വഹിക്കപ്പെടുന്നതെന്ന് മെത്രാപ്പോലീത്ത പറയുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപനും സീനിയര്‍ മെത്രാപ്പോലീത്തയുമാണ് കുര്യാക്കോസ് മാര്‍ ക്ലീമിസ്. പമ്പാനദിയുടെ തീരത്ത് പൂവത്തൂര്‍ നെല്ലിക്കലില്‍ ജനിച്ചുവളര്‍ന്ന ഇദ്ദേഹവും പ്രകൃതിയുമായുള്ള ബന്ധം ഇടമുറിയാതെയുള്ളതാണ്.
പൗരോഹിത്യ ജീവിതത്തോടൊപ്പം പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ബോട്ടണി അധ്യാപകനായിരുന്നു അദ്ദേഹം. പിന്നീട് സഭയുടെ മഹാപൗരോഹിത്യ വൃന്ദത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോഴും അദ്ദേഹം തന്റെ താത്പര്യങ്ങളെ ബലികഴിച്ചില്ല. മെത്രാപ്പോലീത്തയായി ആദ്യ സേവനകാലം സുല്‍ത്താന്‍ ബത്തേരിയിലായിരുന്നു. 1991 മുതല്‍ 2007 വരെയുള്ള ബത്തേരി ഭദ്രാസന ഭരണകാലയളവിലും പ്രകൃതി സ്നേഹം ആവോളം മുറുകെപിടിച്ചിരുന്നു. ശുദ്ധവായു, ശുദ്ധജലം, ശുദ്ധമണ്ണ് ഇതു ലഭ്യമായാല്‍ ആരോഗ്യം കൈമോശം വരില്ലെന്ന ചിന്തയാണ് എണ്‍പത്തേഴുകാരനായ മെത്രാപ്പോലീത്തയ്ക്കുള്ളത്.
പ്രകൃതിയോടു ചേര്‍ന്ന
ആത്മീയ നിറവ്
പത്തനംതിട്ടയില്‍ തിരികെയെത്തി തുമ്പമണ്‍ ഭദ്രാസനത്തിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയാണ് പമ്പാതീരത്ത് തന്റെ ജന്മനാടിനു തൊട്ടടുത്തു തന്നെ മൂന്നര ഏക്കര്‍ സ്ഥലം സ്വന്തമാക്കിയത്. സമഷ്ടിയുടെ പിറവി അവിടെയാണ്.
ആത്മീയ നിറവും അതിനൊപ്പം പ്രകൃതി സ്നേഹവും സമന്വയിക്കുന്ന ഒരിടമാണ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തയുടെ സ്വപ്നത്തിലുണ്ടായിരുന്നത്. സര്വസൃഷ്ടികളുംസമഭാവത്തില് അധിവസിക്കുന്ന സമഷ്ടിയുടെ കേന്ദ്രബിന്ദുവായി ഒരു ആരാധനാലയമുണ്ട്. പ്രകൃതിയോടു തീര്‍ത്തും ഇണങ്ങുന്ന രീതിയിലാണ് അതിന്റെ നിര്‍മാണം. ധ്യാനത്തിലും ദിവ്യബലിയിലുമായി നിരവധിയാളുകള്‍ ഇവിടെ സമ്മേളിക്കാറുണ്ട്.
സമഷ്ടിയിലെ ആകര്‍ഷണീയത ബഹുവിള
സമഷ്ടിയില്‍ എന്താണ് വളരുകയെന്നു ചോദിച്ചാല്‍ മെത്രാപ്പോലീത്ത വാചാലനാകും. ഇവിടെ ഇല്ലാത്തതായി ഒന്നുമില്ല. എല്ലാ വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും സമഷ്ടിയില്‍ ഒരിടം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ താത്പര്യം. ഉഷ്ണമേഖല സസ്യങ്ങളുടെ വലിയ ഒരു കലവറ തന്നെ മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത പമ്പാതീരത്ത് വളര്‍ത്തിയെടുത്തു. സസ്യങ്ങളെക്കുറിച്ചു പഠിക്കാന്‍ ഇന്ന് സമഷ്ടിയിലേക്കെത്തുന്നവരില് അന്താരാഷ്ട്ര ഗവേഷകര്‍ വരെയുണ്ട്. കേരളത്തിന്റെ സ്വന്തം കേരവൃക്ഷത്തിനു പ്രാധാന്യം നല്‍കിയാണ് 2009ല്‍ ബഹുവിള കൃഷി പ്ലാന്‍ ചെയ്തത്.
എന്നാല്‍ ഇന്നിപ്പോള്‍ തെങ്ങ് പഴയപോലെ സംരക്ഷിക്കാനാകുന്നില്ല. ഫലവൃക്ഷങ്ങളായ പ്ലാവ്, നാട്ടുമാവ്, റമ്പുട്ടാന്, മാംഗോസ്റ്റിന്, നെല്ലി, ഓമ, സപ്പോട്ട, പേര, അവക്കാഡോ, ലിച്ചി, ചാമ്പ, മുള്ളാത്ത, ഡൂരിയാന്‍, സ്റ്റാര്‍ ആപ്പിള്‍, വുഡ് ആപ്പിള്‍, വിവിധതരം വാഴകള്‍, ടോരച്ച് ജിഞ്ചര്‍ അടക്കമുള്ള ഇഞ്ചി എന്നിവ ചുറ്റിനുമുണ്ട്.
ചേനയും ചേമ്പും കപ്പയും പച്ചക്കറികളുമെല്ലാം പമ്പാതീരത്ത് തഴച്ചുവളരും. മരവുരി, കര്‍പ്പൂരം, രുദ്രാക്ഷം, കുന്തിരിക്കം, ഊത് തുടങ്ങി ഔഷധ ഗുണങ്ങളുള്ള മരങ്ങളുടെയും ചെടികളുടെയും വലിയ ഒരു ശേഖരവും ചുറ്റിനുമുണ്ട്.
പശു പാല് തരും,
കൃഷിയും നോക്കും
മാര്‍ ക്ലീമിസ് എന്ന വാക്കിന് മുന്തിരിവള്ളി എന്ന് ഒരു അര്‍ഥമുണ്ട്. മുന്തിരിവള്ളി പോലെ പ്രകൃതിയിലേക്കു പടര്‍ന്നു കയറിയിരിക്കുകയാണ് സമഷ്ടിയില്‍ മാര്‍ ക്ലീമിസ്. അദ്ദേഹം പശുവും ആടും കോഴിയും താറാവുമൊക്കെ ആ കരവലയത്തില്‍ തന്നെയുണ്ട്. പണ്ട് ബത്തേരിയില്‍ നിന്നു സ്ഥലംമാറി പത്തനംതിട്ടയിലെത്തിയപ്പോള്‍ അവിടെനിന്നുള്ള പശുക്കളെയും ഇങ്ങോട്ടു കൊണ്ടുപോന്ന സ്വഭാവക്കാരനാണ് ഈ മെത്രാപ്പോലീത്ത.
നിലവില്‍ ഏഴ് കറവപ്പശുക്കളും മൂന്ന് കിടാരികളുമാണുള്ളത്. നോട്ടത്തിനായി ആളുകളെ ക്രമീകരിച്ചിട്ടുണ്ട്. പാല് വില്‍ക്കാനായി പുറത്തേക്ക് പോകേണ്ടതില്ല. ശുദ്ധമായ പശുവിന് പാല് വാങ്ങാന്‍ ആള് ഇങ്ങെത്തും. പുലര്‍ച്ചെ അഞ്ചു മുതല്‍ സമഷ്ടിയുടെ മുറ്റത്ത് പാല് വാങ്ങാനുള്ളവരുടെ തിരക്കുണ്ട്. ഇവിടെ വിളയുന്ന പച്ചക്കറിയും വാങ്ങിയാണ് മിക്കവരും പോകുന്നത് കോഴി, താറാവ് മുട്ടകളും വളര്‍ത്തു മത്സ്യവുമെല്ലാം ആവശ്യക്കാര്‍ക്ക് നല്‍കും. കൃഷിക്കാവശ്യമായ ജൈവവളദാതാക്കളും സമഷ്ടിയിലെ പശുക്കള്‍ തന്നെയാണ്.
പ്രളയത്തെ അതിജീവിച്ചു
2018ലെ പ്രളയത്തെ അതിജീവിച്ചത് വലിയ ഒരു അനുഭവമായിട്ടാണ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തയ്ക്കു തോന്നുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു വെള്ളം കയറിയത്. അപ്രതീക്ഷിതമായി വെള്ളം കയറിയതോടെ പകച്ചുപോയെങ്കിലും പശുവിനെയും ആടുകളെയും എല്ലാം രക്ഷപ്പെടുത്തിയെടുത്തു. പിന്നീട് ഇവയെ സംരക്ഷിച്ചു നിര്‍ത്താനും തീറ്റ ലഭിക്കാനുമൊക്കെ ഏറെപ്പേരുടെ സഹായം വേണ്ടിവന്നു. ചെളി നിറഞ്ഞ സ്ഥലം ശരിയാക്കിയെടുത്തതു തന്നെ ഏറെ പണിപ്പെട്ടാണ്. പ്രളയത്തില്‍ അടിഞ്ഞ മണ്ണ് ഭൂമിയുടെ ഘടനയ്ക്കും മാറ്റമുണ്ടാക്കിയെന്ന് മെത്രാപ്പോലീത്ത പറയുന്നു.
വള്ളവും ഒരുക്കി
മഹാപ്രളയത്തിനുശേഷം മെത്രാപ്പോലീത്ത ആദ്യം ചെയ്തത് സമഷ്ടിയില്‍ ഒരു ചെറുവള്ളം പണിയുകയെന്നതാണ്. മുമ്പൊക്കെ പമ്പാതീരത്ത് എല്ലാ വീടുകളിലും വള്ളമുണ്ടായിരുന്നു. വെള്ളം കയറിയാല്‍ വള്ളം അനിവാര്യമാണ്.
പറമ്പില്‍ നിന്നിരുന്ന ആഞ്ഞിലിത്തടി മുറിച്ച് പണിത വള്ളം ഒരു കുളം നിര്‍മിച്ച് അതില്‍ തന്നെ സൂക്ഷിക്കുകയാണ്. പന്പയുടെ അവസ്ഥയെക്കുറിച്ചു പറയുമ്പോഴും അദ്ദേഹത്തിന് ഏറെ വിഷമം. ചെറുപ്പക്കാലത്ത് പമ്പയിലെ വെള്ളം കോരി കുടിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പമ്പയുടെ സ്ഥിതിയില്‍ ഏറെ ദുഃഖമുണ്ടെന്നും മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത.