മറുകര കടന്നാൽ കിസുമം സ്കൂൾ
1299486
Friday, June 2, 2023 11:04 PM IST
സീതത്തോട്: പത്തനംതിട്ട ജില്ലയുടെ അതിർത്തിയിലാണ് കിസുമം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിന്റെ മറുകരയിൽ കോട്ടയം ജില്ലയാണ്. പന്പാനദിയാണ് അതിർത്തി വിഭജിക്കുന്നത്. കുട്ടികളിൽ നല്ലൊരു പങ്കും മറുകരയിൽനിന്നു വരുന്നവരാണ്. കോട്ടയം ജില്ലയുടെ പന്പാവാലിയുടെ ഭാഗമായ മൂലക്കയത്തുനിന്നു സ്കൂളിൽ വരുന്ന കുട്ടികൾക്ക് ആശ്രയം പന്പാനദി മറുകര കടക്കുകയെന്നതു മാത്രമാണ്. വാഹനത്തിൽ ഇവരെത്തണമെങ്കിൽ എട്ടു കിലോമീറ്റർ അധികദൂരം താണ്ടണം.
സ്കൂളിനു വാഹനം ഇല്ലെന്നായപ്പോൾ കുട്ടികളുടെ യാത്രയ്ക്കു പന്പാനദിയിൽ ഇറങ്ങിക്കയറുക മാത്രമേ പോംവഴിയുള്ളൂ. നദിയിൽ ജലനിരപ്പ് ഉയർന്നാൽ പിന്നെ സ്കൂൾ യാത്ര ബുദ്ധിമുട്ടിലാകും.
അധികദൂരം താണ്ടി പോകുന്പോൾ എയ്ഞ്ചൽവാലി കോസ്വേ കടക്കണം. വെള്ളപ്പൊക്കമാണെങ്കിൽ കോസ്വേ മുങ്ങും. പിന്നീട് സ്കൂൾ യാത്ര മുടങ്ങിയതുതന്നെ.
അപായക്കുഴികൾ
പന്പാനദിയിലൂടെയുള്ള യാത്ര കുട്ടികൾക്ക് അപകടം നിറഞ്ഞതാണ്. നദിയിലെ ഒഴുക്ക് വിലയിരുത്തി മാത്രമേ ഇറങ്ങാനാകൂ. മുതിർന്നവരുടെ സഹായത്തോടെയാണ് ഇവർ മറുകര കടക്കുന്നത്. മിക്കപ്പോഴും രക്ഷിതാക്കൾ രാവിലെയും വൈകുന്നേരവും തീരത്തെത്തും. നദിയിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്ന പാതയുണ്ട്. ഇതിൽനിന്നു മാറിയാൽ അപകടത്തിൽപ്പെടാം.
നദിയിൽ ആഴം കുറഞ്ഞ ഭാഗത്തുകൂടിയാണ് ഇവരുടെ യാത്ര. മൂലക്കയം കൊന്പിൽപടിവഴിയാണ് നദിയിലൂടെയുള്ള ഈ യാത്ര. മറുകരയിൽ കയറിയാൽ സ്കൂളിലേക്കുള്ള റോഡാണ്. യാത്ര എളുപ്പമെങ്കിലും നദിയിലിറങ്ങിയുള്ള യാത്രയാണ് ദുഷ്കരം. എന്തായാലും കുട്ടികൾ സ്കൂളിൽ പോയി മടങ്ങിവരുന്നതുവരെ രക്ഷിതാക്കളുടെ ഉള്ളിൽ തീയാണ്.
കടത്തുവള്ളം നിലച്ചു
കുട്ടികളുടെ സൗകര്യാർഥം ഈ ഭാഗത്തു പന്പാനദിയിൽ മുന്പ് കടത്തു സർവീസുണ്ടായിരുന്നു. 2018ലെ പ്രളയത്തോടെ ഇതു നിലച്ചു.
സ്വകാര്യ കടത്തുവള്ളം പ്രദേശവാസികളാണ് ഏർപ്പെടുത്തിയിരുന്നത്. അതിർത്തി പ്രദേശമായതിനാൽ കടത്ത് ഏർപ്പെടുത്താൻ പഞ്ചായത്ത് ശ്രമിക്കാറില്ല. പ്രളയകാലത്തു നദിയിലെ മിക്കഭാഗത്തും മണൽമൂടി. ഇതോടെ കടത്ത് നടത്താനാകാത്ത സ്ഥിതിയായി.
കിസുമം സ്കൂളിനു മുന്പിലായി കിടങ്ങിൽപടിയിൽ പാലം നിർമിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. രണ്ട് പഞ്ചായത്തുകൾ, രണ്ട് നിയമസഭ മണ്ഡലങ്ങൾ, രണ്ട് ജില്ല എന്നിങ്ങനെയായതിനാൽ സമ്മർദത്തിന് ആരുമുണ്ടാകാറില്ലെന്നു നാട്ടുകാർ പറയുന്നു. ഒരു നടപ്പാലമെങ്കിലും ലഭിച്ചാൽ നന്നായിരുന്നുവെന്നാണ് പ്രദേശവാസികളുടെ ആഗ്രഹം.
സ്കൂൾ ബസ് ഓടുന്നില്ല
കിസുമം ഗവൺമെന്റ് സ്കൂളിനു വാഹനമുണ്ടെങ്കിലും ഓടാനാകാത്ത സാഹചര്യമാണ്. വാർഷിക അറ്റകുറ്റപ്പണികൾക്കായി വർക്ക്ഷോപ്പിലായ വാഹനം പുറത്തിറക്കാൻ പണമില്ല. വാഹനം സർക്കാർ നൽകിയെങ്കിലും അറ്റകുറ്റപ്പണിക്കു ഫണ്ട് നൽകാറില്ല. ഗ്രാമപഞ്ചായത്തും ഫണ്ട് അനുവദിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പിനു സ്കൂൾ വാഹനങ്ങൾക്കു ഫണ്ട് അനുവദിക്കാൻ വകുപ്പുമില്ല.
രക്ഷിതാക്കളുടെ സഹായത്തോടെ ഫണ്ട് പിരിക്കാമെന്നു വച്ചാൽ അതിനുള്ള ശേഷി അവർക്കില്ല. ഏറെപ്പേരും വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്നവരാണ്. അട്ടത്തോട് ട്രൈബൽ സ്കൂളിലും സമാനമായ സാഹചര്യമുണ്ട്. അട്ടത്തോട്ടിലും ട്രൈബൽ വകുപ്പിന്റെ ചുമതലയിൽ വാഹനം വാടകയ്ക്ക് ഓടുന്നുണ്ട്.
വനമേഖലയിൽനിന്നുള്ള കുട്ടികളെ എത്തിക്കാൻ ട്രൈബൽ വകുപ്പ് ഇടപെടൽ നടത്തിയതോടെ കിസുമം സ്കൂളിലേക്കു തത്കാലം വണ്ടി ഓടുന്നുണ്ട്. ഇത് എത്രകാലം മുന്നോട്ടു പോകുമെന്നു നിശ്ചയമില്ല. കിസുമം സ്കൂളിലേക്ക് അട്ടത്തോട് ഭാഗത്തുനിന്നുള്ള കുട്ടികളെയാണ് വാഹനത്തിൽ എത്തിച്ചിരുന്നത്. മറുകരയിലുള്ള കുട്ടികളെ കൊണ്ടുവരാൻ യാത്രാസൗകര്യം സകൂൾ നൽകാറുമില്ല.