സ്കൂൾ ആരോഗ്യപരിപാടി ആവിഷ്കരിക്കും: മന്ത്രി
1299279
Thursday, June 1, 2023 10:52 PM IST
കടമ്മനിട്ട: വിദ്യാര്‍ത്ഥികള്‍ ആരോഗ്യത്തിന്റെ അംബാസഡര്‍മാരാകണമെന്ന് മന്ത്രി വീണാ ജോര്‍ജ്. കടമ്മനിട്ട ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ സമര്‍പ്പണവും ജില്ലാതലപ്രവേശനോത്സവം ഉദ്ഘാടനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് പൊതുവിദ്യാഭ്യാസവകുപ്പുമായി കൈകോര്‍ത്ത് സ്കൂള്‍ ആരോഗ്യ പരിപാടി ആവിഷ്കരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന ഇതിലൂടെ ഉറപ്പാക്കും. ശാരീരിക മാനസിക വളര്‍ച്ച ഉറപ്പാക്കുന്നതിനോടൊപ്പം പഠന പരിമിതികള്‍, കാഴ്ച പരിമിതികള്‍ എന്നിവ നേരത്തേതന്നെ കണ്ടെത്തി ഇതിലൂടെ ഇടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പുതിയ കെട്ടിടത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗം റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ. അശോക് കുമാര്‍, എസ്എസ്കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി. തോമസ്, മലങ്കര കത്തോലിക്കാസഭ പത്തനംതിട്ട ഭദ്രാസനാധിപന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, ജില്ലാപഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്റ തുടങ്ങിയവർ പ്രസംഗിച്ചു.