ആദ്യദിനംതന്നെ ബസ് മറിഞ്ഞു, ഒരു കുട്ടിക്കും ആയയ്ക്കും പരിക്ക്
1299277
Thursday, June 1, 2023 10:52 PM IST
റാന്നി: അധ്യയനവർഷാരംഭദിനംതന്നെ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്കൂളിലെ മിനിബസാണ് ഇന്നലെ രാവിലെ വടശേരിക്കര ചെറുകുളഞ്ഞി ആറ്റുഭാഗത്ത് അപകടത്തിൽപ്പെട്ടത്. ഒരു കുട്ടിക്കും ആയയ്ക്കും സാരമായി പരിക്കേറ്റു. എട്ട് കുട്ടികളും ആയയുമാണ് ബസിലുണ്ടായിരുന്നത്. മുഖത്തും താടിക്കുമായി പരിക്കേറ്റ വിദ്യാർഥി ആദിത്യൻ ബിജുവിനെ (13) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരി രമ്യ വിനോദ് (35) റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ രാവിലെ ഒന്‍പതോടെ കുട്ടികളുമായി സ്കൂളിലേക്ക് ബസ് വരുന്പോഴായിരുന്നു അപകടം. കുഴിയില്‍ ചാടി നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ മരത്തില്‍ തങ്ങിനിന്നതുമൂലമാണ് വലിയ അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. അപകടത്തിൽപ്പെട്ട ബസ് മോട്ടോർ വാഹനവകുപ്പ് അധികൃതരും പോലീസും പരിശോധിച്ചു. ബസിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഉണ്ടായിരുന്നുവെന്ന് പത്തനംതിട്ട ആർടിഒ എ.കെ. ദിലു പറഞ്ഞു.
പന്പാനദിയുടെ തീരത്തുകൂടിയുള്ള റോഡിന്റെ ശോച്യാവസ്ഥയാണ് അപകട കാരണമെന്ന് പറയുന്നു.
വീതി കുറഞ്ഞ റോഡിൽ പുല്ലു വളർന്നു നിന്ന ഭാഗത്ത് ഉണ്ടായിരുന്ന കല്ലിൽ ബസ് തട്ടിയിട്ടുണ്ട്. ഇതോടൊപ്പം കുഴിയിലേക്ക് ചാടുകയും ചെയ്തതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.