ഡിജിറ്റൽ ക്ലൗൺ നാടകവുമായി നേതാജിയിൽ പ്രവേശനോത്സവം
1299276
Thursday, June 1, 2023 10:52 PM IST
പ്രമാടം: ചോക്ലേറ്റ് കഴിച്ചു ശീലിച്ച പുതിയ കുട്ടികൾക്ക് പഴയകാലത്തെ നാട്ടു മിഠായികളുടെ മധുരമൊരുക്കിയാണ് പ്രമാടം നേതാജി സ്കൂൾ പ്രവേശനോത്സവം ഗംഭീരമാക്കിയത്.
മാടക്കടയിലെ ഭരണികളിൽ നിന്ന് രുചിയുടെ വൈവിധ്യം അനുഭവിച്ചറിഞ്ഞ കുട്ടികൾക്ക് ക്ലൗൺ നാടകവിരുന്നും ഒരുക്കി ആദ്യത്തെ ഡിജിറ്റൽ ക്ലൗൺ എഡ്യുക്കേഷൻ ഡോക്യു ഡ്രാമയുടെ അവതരണവും നടന്നു.
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിലെ മാറ്റങ്ങൾ ഡോക്കുമെന്റ് ചെയ്യുന്ന നാടകം സ്കൂളിലെ ഇരുപതോളം വിദ്യാർഥികൾക്കൊപ്പം ക്ലൗൺ ആർട്ടിസ്റ്റായ മലയാളം അധ്യാപകനായ നാടകക്കാരൻ മനോജ് സുനിയാണ് അവതരിപ്പിച്ചത്.
സാധാരണ ക്ലാസ് മുറിയിൽ നിന്നും ഡിജിറ്റൽ വിപ്ലവത്തിലേക്ക് എത്തിയ കേരളത്തിന്റെ വിദ്യാഭ്യാസ വളർച്ചയെ അവിഷ്കരിക്കുന്നതാണ് ഈ നാടകം.ഓരോ കാലത്തിലൂടെയും കടന്നു ചെന്ന് രസകരമായ മുഹൂർത്തങ്ങൾ സൃഷ്ടിച്ച് അറിവിനൊപ്പം തമാശയും ഒരുക്കിയ ക്ലൗ ൺ നാടകത്തെ നവാഗതർ ഹർഷാരവത്തോടെ സ്വീകരിച്ചു.
സ്കൂൾ മാനേജർ ബി.രവീന്ദ്രൻ പിള്ളയുടെ അധ്യക്ഷതിൽ ഗ്രാമപഞ്ചായത്തംഗം ലിജ ശിവ പ്രകാശ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ഫാ.ജിജി തോമസ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഇൻചാർജ് അശ്വതി സതീഷ് സന്ദേശം നൽകി.