നവാഗതരെ വരവേൽക്കാൻ അരിക്കൊന്പനും
1299275
Thursday, June 1, 2023 10:52 PM IST
വെച്ചൂച്ചിറ: അരിക്കൊമ്പൻ വെച്ചൂച്ചിറയിലെ കുട്ടികളുടെ താരമായി. പൊതുവേ ക്രൂരനും ശല്യക്കാരനുമായ ആന സൗമ്യശീലനായി അരികിലെത്തിയപ്പോൾ കുട്ടികൾക്കും ആവേശമായി. എണ്ണൂറാം വയൽ സിഎംഎസ് എൽപി സ്കൂളിലാണ് അരിക്കൊമ്പൻ എന്ന പേര് നൽകിയ റോബോട്ടിക് ആന കുട്ടികളെ വിദ്യാലയ പ്രവേശനോത്സവത്തിൽ വരവേൽക്കാനെത്തിയത്.
രാവിലെ മുതൽ തന്നെ അരിക്കൊമ്പനെ കാണുന്നതിന് കുട്ടികളും രക്ഷിതാക്കളും പൂർവവിദ്യാർഥികളുമെല്ലാം വിദ്യാലയത്തിലെത്തി. കുട്ടികളെ വരവേറ്റും അവർക്ക് സല്യൂട്ട് നൽകിയും സൗഹൃദ ഭാവത്തിൽ നിൽക്കുന്ന അരിക്കൊമ്പനെ കണ്ടപ്പോൾ കുട്ടികൾക്ക് അദ്ഭു തം. തീറ്റയായി ഓലമെടൽ മുന്പിൽ കിടക്കുകയും മെരുക്കാനായി പാപ്പാൻ അരികിൽ നിൽക്കുകയും ചെയ്യുന്പോൾ സാക്ഷാൽ അരിക്കൊന്പൻ എത്ര പാവമെന്നുപോലും കുരുന്നുകൾ ചിന്തിച്ചു. എന്തായാലും അരിക്കൊന്പന്റെ അപരൻ വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂളിലെ പ്രവേശനോത്സവത്തിലെ താരമായി.
ആനയെ തൊട്ടും തലോടിയും കിന്നാരം പറഞ്ഞും കുരുന്നുകൾ സൗഹൃദം പങ്കുവച്ചു. ഇക്കൊല്ലം പ്രവേശനോത്സവ ദിനത്തിൽ അരിക്കൊമ്പനെ എത്തിക്കുമെന്ന് കുട്ടികൾക്ക് ഉറപ്പു നൽകിയ പ്രധാനാധ്യാപകനും സഹ അധ്യാപകരും വാക്ക് പാലിച്ചതിലും അവർക്കു സന്തോഷം. കുതിരവണ്ടിയിൽ നവാഗതരെ ആനയിച്ചും കുട്ടികളെ സ്വീകരിക്കാൻ റോബോട്ടിനെ എത്തിച്ചും ക്ലാസ്മുറി കെട്ടുവള്ളമാക്കിയതും ഒപ്പം വിദ്യാലയത്തിലെ കൗതുക കാഴ്ചകളും ശ്രദ്ധേയമായി. അന്യ ഗ്രഹ ജീവികൾ, പറക്കും തളികകൾ, സ്പേസ് ഷിപ്പുകൾ, ആകാശ ഗോളങ്ങൾ ... പുതിയ അധ്യയന വർഷത്തിലേക്കു കടന്നുവന്ന കുട്ടികൾക്ക് അത്ഭുത കാഴ്ചകൾ പുതിയ അനുഭവവുമായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ജയിംസ് പ്രവേശനോത്സവംഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു.