അക്ഷരമുറ്റം അടിപൊളി
1299274
Thursday, June 1, 2023 10:52 PM IST
പത്തനംതിട്ട: കരച്ചിലും പരിഭവങ്ങളുമൊക്കെ വിട്ട് ആഘോഷത്തിന്റെ ദിനമായിരുന്നു ഇന്നലെ. പ്രവേശനോത്സവ ഗാനത്തിന്റെ അകന്പടിയിൽ കളിയും ചിരിയും മിഠായി വിതരണവുമെല്ലാമായി അവർ ഇന്നലെ അടിച്ചുപൊളിച്ചു. അധ്യാപകരും ചേട്ടൻമാരും ചേച്ചിമാരുമെല്ലാം ഒപ്പം കൂടിയതോടെ പ്രവേശനോത്സവം തകർത്തുവാരി.
പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കാനുള്ള മത്സരമായിരുന്നു ജില്ലയിലെ സ്കൂളുകളിൽ. പ്രൈമറി വിദ്യാലയങ്ങളിലാണ് വൻ ആഘോഷമായി മാറിയത്. അലങ്കാരങ്ങളും ബലൂണുകളും ചാർത്തി വിദ്യാലയ അന്തരീക്ഷം എല്ലായിടത്തും മനോഹരമാക്കിയിരുന്നു. നവാഗതരായ കുട്ടികളെ പരമാവധി സന്തോഷിപ്പിക്കുകയായിരുന്നു അധ്യാപകരുടെ ശ്രമം. പാട്ടുപാടിയും മധുരം നൽകിയും അവരെ വരവേറ്റു. രക്ഷിതാക്കളുടെ കൈപിടിച്ചെത്തിയവരെ അധ്യാപകർതന്നെ സ്വന്തം കൈകളിലേക്കു സ്വീകരിക്കാൻ അധികസമയം വേണ്ടിവന്നില്ല. പ്രവേശനോത്സവ ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ജനപ്രതിനിധികളും രക്ഷകർത്തൃ സമിതിയംഗങ്ങളുമൊക്കെ സ്കൂളുകളിൽ അതിഥികളായെത്തി.
ജില്ലാതല ഉദ്ഘാടനവേദിയിൽ
കുട്ടികൾക്കൊപ്പം മന്ത്രിയും കളക്ടറും
പത്തനംതിട്ട: പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കടമ്മനിട്ട ഗവൺമെന്റ് സ്കൂളിലായിരുന്നു. ഉദ്ഘാടകയായ മന്ത്രി വീണാ ജോർജ് വേദിയിലേക്ക് കുരുന്നുകളെയും ഒപ്പം കൂട്ടി. ഗവൺമെന്റ് എൽപി സ്കൂളിലെ കൊച്ചുകുട്ടികളോടൊപ്പമാണ് മന്ത്രി എത്തിയത്.
പൂക്കളുടെ മാതൃകയിൽ മുഖംമൂടി ധരിച്ചിരുന്ന കുരുന്നുകൾക്കൊപ്പം അല്പസമയം ചെലവഴിച്ച് വിശേഷങ്ങൾ തിരക്കിയശേഷമാണ് ഉദ്ഘാടന വേദിയിലേക്കു മന്ത്രി നീങ്ങിയത്.
ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യരുൾപ്പെടെയുള്ളവർ ജില്ലാതല പ്രവേശനോത്സവ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ ആവശ്യപ്രകാരം കളക്ടർ പാട്ടും പാടി. പിന്നീട് വാഴമുട്ടം ഗവൺമെന്റ് എൽപി സ്കൂളിന്റെ ശതാബ്ദി ഉദ്ഘാടനത്തിനെത്തിയപ്പോഴും മന്ത്രി പ്രവേശനോത്സവ പരിപാടിയിൽ പങ്കാളിയായി. കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിലും പങ്കെടുത്താണ് വീണാ ജോർജ് മടങ്ങിയത്.