പഴയ സ്റ്റാൻഡിൽ ബസുകൾ കയറുന്നില്ല; യാത്രക്കാർക്ക് ദുരിതം
1299021
Wednesday, May 31, 2023 10:58 PM IST
പത്തനംതിട്ട: പഴയ പ്രൈവറ്റ് സ്റ്റാൻഡിൽ സ്വകാര്യ ബസുകൾ കയറാത്തതിനാൽ യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടേറി. പുതിയ ബസ് സ്റ്റാൻഡ് തുറന്നു കൊടുത്തപ്പോൾ പഴയ സ്റ്റാൻഡിലും ബസുകൾ കയറി ഇറങ്ങണമെന്ന ധാരണ ഉണ്ടായിരുന്നു. ഇതനുസരിച്ച് ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയതാണ്.
എന്നാൽ, ബസുകളധികവും പഴയ സ്റ്റാൻഡിൽ എത്താറില്ല. സ്റ്റാൻഡിൽ മിക്കപ്പോഴും പൊതുപരിപാടികൾക്കായി സ്റ്റേജ് കെട്ടുന്നതിനാൽ ആ കാരണം പറഞ്ഞാണ് ബസുകൾ കയറാത്തത്. ഇതിനു നടപടി സ്വീകരിക്കണമെന്നു നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി ആവശ്യപ്പെട്ടു.
മല്ലപ്പള്ളി-നിലന്പൂർ
ബസ് സർവീസ്
മല്ലപ്പള്ളി: മല്ലപ്പള്ളിയിൽനിന്നു നിലമ്പൂരിലേക്ക് ആരംഭിച്ച കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചു. മാത്യു ടി. തോമസ് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ബിന്ദു മേരി തോമസ്, പ്രഫ. ജേക്കബ് എം. ഏബ്രഹാം, കുഞ്ഞുകോശി പോൾ, അലക്സ് കണ്ണമല, റെജി ശാമുവേൽ, ബിജു പുറത്തൂട്ട്, റെജി പണിക്കമുറി, ബെന്നി പാറേൽ, ജേക്കബ് മദനംചേരി, രാജൻ എം. ഈപ്പൻ, ആന്റണി കെ. ജോർജ്, എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞു 3.20ന് മല്ലപ്പള്ളിയിൽനിന്നു പുറപ്പെടുന്ന ബസ് പാമ്പാടി, പള്ളിക്കത്തോട്, മെഡിസിറ്റി, പാലാ, തൊടുപുഴ, മൂവാറ്റുപുഴ വഴി നിലമ്പൂരിൽ എത്തും. രാവിലെ 4.45ന് നിലമ്പൂരിൽനിന്നു തിരിച്ച് സർവീസ് നടത്തും.