കുന്പഴയിൽ സ്വകാര്യബസ് തട്ടി സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു
1299016
Wednesday, May 31, 2023 10:58 PM IST
പത്തനംതിട്ട: കുന്പഴ ജംഗ്ഷനു സമീപം സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ മലയാലപ്പുഴ വടക്കുപുറം പരുത്യാനിക്കല് പ്രതിഭ സദനത്തില്‍ പ്രതിഭയുടെ മകന് ആരോമലാണ് (22) മരിച്ചത്. കുമ്പഴ - പത്തനംതിട്ട റോഡില്‍ സ്മാര്‍ട്ട് പോയിന്റ്ന് മുന്നില്‍ ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു അപകടം.
പത്തനംതിട്ട - നലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന തൂഫാന് ബസ് ആരോമല്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ആരോമലിനു മുകളിലൂടെ ബസ് കയറിയിറങ്ങിയതായി ദൃക്സാക്ഷികള്‍ പറയുന്നു. ബസ് നിര്‍ത്തി ജീവനക്കാര്‍ നോക്കിയെങ്കിലും പിന്നീട് വിട്ടുപോയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പരിക്കേറ്റ ആരോമലിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സര്‍വീസ് അവസാനിപ്പിച്ച ശേഷം സ്വകാര്യ ബസ് കുമ്പഴയിലുള്ള ഗാരേജില്‍ കയറ്റിയിടുന്നതിന് പോകുംവഴിയാണ് അപകടം.
ഒരു വര്‍ഷം മുന്‍പ് കൊട്ടാരക്കയില്വച്ച് ആരോമലിന് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കാലിന് സ്റ്റീല്‍ റാഡ് ഘടിപ്പിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് നടന്നു തുടങ്ങിയത്. അതിനിടെ വീണ്ടുമുണ്ടായ അപകടം യുവാവിന്റെ ജീവന് എടുത്തത്.