സർക്കാർ നയം സ്വകാര്യബസ് മേഖലയെ തകർക്കും: ഓപ്പറേറ്റേഴ്സ് അസോ.
1299015
Wednesday, May 31, 2023 10:58 PM IST
പത്തനംതിട്ട: സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന നയമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
കെഎസ്ആർടിസിയെ സഹായിക്കാനെന്ന പേരിൽ സ്വീകരിക്കുന്ന നടപടികൾ സ്വകാര്യ ബസുകളെ നിരത്തുകളിൽ നിന്നകറ്റാൻ മാത്രമേ ഇടയാക്കുകയുള്ളൂ. ഇതിലൂടെ കെഎസ്ആർടിസി രക്ഷപെടുകയില്ലെന്നാണ് മുൻകാല അനുഭവമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാനത്ത് 34,000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്നത് മാറി വന്ന സർക്കാരുകളുടെ തെറ്റായ ഗതാഗത നയം കാരണം ഏഴായിരമായി ചുരുങ്ങി.
സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ പകുതിയിലധികം വരുന്ന വിദ്യാർഥികളുടെ യാത്രാനിരക്ക് ഇപ്പോഴും പഴയ രീതിയിൽ തുടരുന്നതിനാൽ ഒരു ലിറ്റർ ഡീസൽ അടിക്കണമെങ്കിൽ 97 വിദ്യാർഥികളെ ബസിൽ കയറ്റേണ്ട ഗതികേടിലാണ്.
നിലവിലുള്ള ബസുകളെങ്കിലും നിലനിർത്തുന്നതിനുവേണ്ടിയുളള അടിയന്തര ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് അഞ്ചു മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുകയാണന്നു ഭാരാവാഹികൾ പറഞ്ഞു. സമരത്തിൽ ജില്ലയിൽനിന്നു ബസ് ഉടമകൾ പങ്കെടുക്കും.
ദീർഘകാലമായി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ദൂരപരിധി നോക്കാതെ യഥാസമയം പക്ക പെർമിറ്റായി പുതുക്കി നൽകുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെർമിറ്റ് പിടിച്ചെടുക്കാനായി മേയ് നാലിനു സർക്കാർ പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ പിൻവലിക്കുക, വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കുന്നതിനൊപ്പം കെഎസ്ആർടിസിയിലും അവർക്ക് സ്പോട്ട് ടിക്കറ്റ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷൻ മുന്നോട്ടുവച്ചു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. ഷാജികുമാർ, ജനറൽ സെക്രട്ടറി ലാലു മാത്യു, വൈസ് പ്രസിഡന്റ് ജോൺ മാത്യു, പി. ആർ.പ്രമോദ്കുമാർ, സുനിൽജോൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.