തലമാനത്ത് പുലി, മലയോരത്ത് കടുവ
1299014
Wednesday, May 31, 2023 10:58 PM IST
പത്തനംതിട്ട: തണ്ണിത്തോട് തലമാനത്തു പുലിയുടെ ഭീതി വീണ്ടും. കിഴക്കൻ മലയോര മേഖലകളിലെ കടുവ ഭീതിയും ഒഴിഞ്ഞില്ല. ഇന്നു സ്കൂളുകൾ കൂടി തുറക്കുന്നതോടെ മലയോരത്തെ ആശങ്കയേറുന്നു.
കാടുവിട്ടു നാടിറങ്ങിയ വന്യമൃഗങ്ങൾ തിരികെപോയിട്ടില്ലെന്നതാണ് ഭീതി വർധിക്കാൻ കാരണം. ഇവയുടെ സാന്നിധ്യം ഇപ്പോഴും പലേടങ്ങളിലായി കണ്ടുവരുന്നുണ്ട്. തണ്ണിത്തോട് തലമാനം മേഖലയിൽ കഴിഞ്ഞ ദിവസം ആടിനെ പുലി പിടിച്ചിരുന്നു. സുഭദ്രാലയം സാധുജന്റെ വീട്ടിലെ തള്ളയാടിനെയാണ് പുലി കൊണ്ടുപോയത്.
പകൽ തീറ്റാനായി വിട്ട ആടിനെയാണ് കാണാതായത്. മറ്റ് ആടുകൾ കരഞ്ഞുകൊണ്ട് ഓടിയെത്തിയപ്പോൾ തള്ളയാടിനെ കാണാനുണ്ടായിരുന്നില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ ഭാഗത്തുനിന്നു നഷ്ടപ്പെടുന്ന മൂന്നാമത്തെ ആടാണിത്. നിരവധി വളർത്തു നായ്ക്കളെയും ഈ ഭാഗത്തുനിന്നു പുലി പിടിച്ചിരുന്നു. പകലും ഇതിന്റെ ശല്യം രൂക്ഷമായതോടെ ജനം ഭീതിയിലാണ്.
പുറത്തിറങ്ങാതെ ജനം
കടുവയുടെ സ്ഥിരസാന്നിധ്യം ഉണ്ടെന്നു മനസിലായതോടെ തോട്ടം മേഖലയിൽ ജനങ്ങൾ പുറത്തിറങ്ങുന്നതേയില്ല. രണ്ടാഴ്ചയായി മണിയാർ, എവിടി തോട്ടം മേഖലകളിൽ പല ഭാഗത്തായി കടുവയെ കണ്ടിരുന്നു. ഒന്നിലധികം കടുവകൾ ഉണ്ടെന്നു പ്രദേശവാസികൾ പറയുന്നുണ്ടെങ്കിലും വനംവകുപ്പ് ഇതു സ്ഥിരീകരിച്ചിട്ടില്ല.
വൻകിട തോട്ടങ്ങളിലും സ്വകാര്യ ചെറുകിട തോട്ടങ്ങളിലുമെല്ലാം ഈ ദിവസങ്ങളിൽ കടുവയുടെ സാന്നിധ്യം കണ്ടിരുന്നു. കഴിഞ്ഞ ദിവസം എവിടി തോട്ടത്തിൽ ടാപ്പിംഗിനു പോയ മണിയാർ ചരുവിള പുത്തൻവീട്ടിൽ അലക്സ് ജോസഫാണ് കടുവയെ കണ്ടത്. കടുവഭീതി ശക്തമായതോടെ തോട്ടം മേഖലയിൽ ടാപ്പിംഗ് നിലച്ചിരിക്കുകയാണ്. കാടു വളർന്നുനിന്ന തോട്ടങ്ങൾ തെളിച്ചുതുടങ്ങിയിട്ടുണ്ട്.
അതേസമയം, വടശേരിക്കര - ചിറ്റാർ, പെരുനാട് - ചിറ്റാർ, മണിയാർ - കുടപ്പന റോഡുകളിലെല്ലാം രാത്രിയാത്രക്കാർ ഇപ്പോൾ ഭീതിയിലാണ്. കടുവയെ തുരത്താനായി രണ്ടു മാസമായി വനംവകുപ്പ് നടത്തിവരുന്ന ശ്രമങ്ങളൊന്നും ഫലം കാണുന്നില്ല. പെരുനാട്, വടശേരിക്കര മേഖലകളിലായി നാലു കൂടുകൾ വനംവകുപ്പ് സ്ഥാപിച്ചിരുന്നു. പ്രത്യേക പട്രോളിംഗ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
പ്രസ്താവന ഇറക്കിയാൽ പുലി പോകില്ല: പുതുശേരി
പത്തനംതിട്ട: ജനവാസ മേഖലയിലും കൃഷിഭൂമിയിലും വന്യജീവികൾ പ്രവേശിക്കുന്നതു തടയാൻ പ്രഖ്യാപനമല്ല പ്രവൃത്തിയാണ് വേണ്ടെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി.
സംവിധാനങ്ങൾ ഒരുക്കുമെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രി ഇത്രയും നാളായിട്ടും ഒരു സംവിധാനവും ഒരുക്കിയില്ലെന്നു മനസിലാക്കണം. ആളുകളുടെ ജീവനെടുത്ത അതീവ ഗുരുതരസാഹചര്യം ഉണ്ടായിട്ടും സർക്കാർ സംവിധാനം നിസംഗത പാലിക്കുകയാണ്.
വന്യജീവി ആക്രമണങ്ങളുടെ പേരിൽ ജനങ്ങളെ സർക്കാരിനെതിരേ തിരിക്കാൻ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണ്. കാട്ടുമൃഗങ്ങളുടെ മുന്നിൽപ്പെട്ടിരിക്കുന്ന ജനങ്ങളുടെ പരിഭ്രാന്തിയെ വില കുറച്ചു കാണാനും അപഹസിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പുതുശേരി പറഞ്ഞു.