പ്രഥമാധ്യാപിക വിരമിച്ചു, കുട്ടികൾ പടിയിറങ്ങി: തെള്ളിയൂർ സെൻട്രൽ സ്കൂളിനു പൂട്ടുവീഴും
1298989
Wednesday, May 31, 2023 10:43 PM IST
തെള്ളിയൂർ: തെള്ളിയൂർക്കാവിനു സമീപം ഒരു നൂറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവന്ന സെൻട്രൽ എൽപി സ്കൂൾ അധ്യാപകരും കുട്ടികളുമില്ലാതെ പൂട്ടുന്നു. സ്കൂൾ നടത്തിക്കൊണ്ടുപോകാൻ താത്പര്യമില്ലെന്ന് എംഎസ്സി മാനേജ്മെന്റ് അറിയിച്ചതോടെയാണിത്.
തെള്ളിയൂർക്കാവ് പാട്ടന്പലം ദേവസ്വം ബോർഡ് ഭൂമിയോടു ചേർന്ന് 106 വർഷമായി പ്രവർത്തിച്ചുവന്ന സ്കൂളാണിത്. സ്കൂൾ നടത്തിപ്പ് ദേവസ്വത്തിൽനിന്ന് എംഎസ്സി മാനേജ്മെന്റിനെ ഏല്പിച്ചിരുന്നു. സമീപകാലത്ത് കുട്ടികളുടെ എണ്ണം കുറയുകയും സ്കൂൾ അൺ ഇക്കണോമിക് വിഭാഗത്തിലാകുകയും ചെയ്തു. ഇതോടെ സ്ഥിരം അധ്യാപക നിയമനമില്ലാതായി. പ്രഥമാധ്യാപകർ മാത്രമാണ് സ്ഥിരമായി ഉണ്ടായിരുന്നത്.
കഴിഞ്ഞ അധ്യയനവർഷം നാലാം ക്ലാസിൽ ആറ് കുട്ടികളാണ് ഉണ്ടായിരുന്നു. അവർ അഞ്ചാംക്ലാസിലേക്ക് ടിസി വാങ്ങി പോയി. സ്കൂളിന്റെ ചുമതലയുണ്ടായിരുന്ന പ്രഥമാധ്യാപിക സർവീസിൽനിന്നു വിരമിച്ചു. ഇക്കൊല്ലം കുട്ടികൾ പുതുതായി ചേരാനെത്തിയില്ല. സ്ഥിരം അധ്യാപകരായി മറ്റാരും ഉണ്ടായിരുന്നില്ല. അക്കാരണത്താൽ പ്രഥമാധ്യാപികയുടെ ചുമതലയേൽക്കാനാളില്ല. കുട്ടികൾ ഇല്ലാത്തതിനാൽ പുറത്തുനിന്ന് ഒരാളെ നിയമിക്കാനുമാകില്ല.
സെൻട്രൽ എൽപി സ്കൂൾ നടത്തിപ്പിൽനിന്നു പിൻമാറുന്നതായി അധികൃതരെ അറിയിച്ചതായി തിരുവല്ല അതിരൂപത കറസ്പോണ്ടന്റ് ഫാ. മാത്യു പുനക്കുളം പറഞ്ഞു. സ്കൂൾ ദേവസ്വം ബോർഡിനു തിരികെ കൈമാറാൻ തിരുവല്ല അതിരൂപത സന്നദ്ധത അറിയിച്ചിരുന്നു.
ഇതേത്തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്് കെ.അനന്തഗോപൻ സ്കൂൾ നേരിൽ സന്ദർശിച്ച ശേഷം സ്കൂൾ ഏറ്റെടുക്കുന്നതായി പാട്ടമ്പലം പടയണി ഉത്സവത്തിന് അറിയിക്കുകയും ചെയ്തു. സ്കൂൾ ഭൂമിയുടെ റവന്യു തടസങ്ങൾ, കുട്ടികളുടെ കുറവ് കെട്ടിടത്തിന്റെ കാലപ്പഴക്കം എന്നിവയാണ് ബോർഡിന് ഇക്കാര്യത്തിൽ തുടർനീക്കത്തിനു തടസമായത് എന്നറിയുന്നു.സ്കൂളിൽ പ്രവർത്തിച്ചുവന്ന അങ്കണവാടിക്ക് സ്വന്തം കെട്ടിടം തുറന്നതോടെ അവരും യാത്രയായി.