ഭരണമാറ്റം, സഹകരണ ബാങ്ക് അഴിമതി; മൈലപ്ര രാഷ്ട്രീയം വീണ്ടും ചർച്ചയിൽ
1298987
Wednesday, May 31, 2023 10:43 PM IST
മൈലപ്ര: ഉപതെരഞ്ഞെടുപ്പുഫലം അനുകൂലമായതോടെ പഞ്ചായത്ത് ഭരണം തിരികെ പിടിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയും മൈലപ്രയിൽ സജീവമായി.
13 അംഗ ഭരണസമിതിയിൽ യുഡിഎഫിന് ആറും സ്വതന്ത്രാംഗത്തിന്റെ പിന്തുണയിൽ എൽഡിഎഫിന് ആറും അംഗങ്ങളാണുള്ളത്. ബിജെപിക്കും ഒരു അംഗമുണ്ട്.
നിലവിൽ സ്വതന്ത്രനു വൈസ് പ്രസിഡന്റു സ്ഥാനം നൽകിയാണ് എൽഡിഎഫ് ഭരണം മുന്നോട്ടു പോകുന്നത്. യുഡിഎഫിന്റെ കുത്തക പഞ്ചായത്തായ മൈലപ്രയിൽ 2020ലെ തെരഞ്ഞെടുപ്പിലാണ് ഭരണം കൈമോശം വന്നത്. ഒരു സീറ്റ് കൂടി ലഭിച്ചതോടെ നിലവിലെ ഭരണസമിതിയെ പുറത്താക്കാനുള്ള ആലോചനയും തുടങ്ങി.
നിലവിലെ ഭരണസമിതിക്കെതിരേ അവിശ്വാസം പാസാകാൻ ഏഴു പേരുടെ പിന്തുണ വേണം. അവിശ്വാസത്തെ ബിജെപി പിന്തുണച്ചേക്കാമെങ്കിലും തുടർന്ന് ഭരണത്തിലെത്തണമെങ്കിൽ പിന്തുണ തേടാനാകില്ല.
ഇതാണ് യുഡിഎഫിനെ വിഷമിപ്പിക്കുന്നത്. സ്വതന്ത്രാംഗത്തിന്റെ പിന്തുണ തേടാനുള്ള ശ്രമം മുന്‍പു പരാജയപ്പെട്ടതാണ്.
മൈലപ്ര സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണങ്ങളിൽ സ്വീകരിച്ച നിലപാടും ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനു ദോഷമായെന്നാണ് വിലയിരുത്തൽ.
പതിഞ്ചുവർഷത്തോളം എൽഡിഎഫ് കൈവശംവച്ചിരുന്ന വാർഡാണ് നഷ്ടമായത്.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎം വനിത പ്രതിനിധിയുടെ നിര്യാണത്തിലൂടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതും.
മൈലപ്രയിൽ ജെസി വർഗീസ് നേടിയ വിജയം അഴിമതി രാഷ്ട്രീയത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
കോന്നി എംഎല്‍എയുടെ നേതൃത്വ്തില് ഭരണ സ്വാധീനം ഉപയോഗിച്ചും പണം ഒഴുക്കി പ്രചരണം നടത്തിയിട്ടും എല്‍ഡിഎഫ് വിജയിക്കാതിരുന്നത് മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലും പഞ്ചായത്ത് ഭരണത്തിലും സിപിഎം നടത്തിയ അഴിമതിയുടെ ഫലമാണെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
മൈലപ്ര സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കോടികണക്കിനു രൂപയുടെ അഴിമതി പുറത്തുവന്നിട്ടും കുറ്റക്കാരായവരെ സംരക്ഷിച്ച സിപിഎം നിലപാടിനെതിരേയുള്ള വിധിയെഴുത്താണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ബാങ്ക് മുൻ ഭരണസമിതിയംഗം ഗീവർഗീസ് തറയിൽ പറഞ്ഞു.